ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജിലെ ‘മെഡെക്സ് 23’ മാറ്റിവച്ചു. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡെക്സാണ് മാറ്റിവച്ചത്. നവംമ്പര്‍ 6 മുതല്‍ 26 വരെയാണ് പുതുക്കിയ തീയതി.
പൂര്‍ണ്ണമായും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന മെഡെക്സ് ഇത്തവണ എസ്എഫ്ഐയുടെ ലേബലില്‍ നടത്തുന്നതിനായി തീരുമാനിക്കുകയും പോസ്റ്ററുകള്‍ നവ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. വരുംതലമുറക്ക് വൈദ്യ ശാസ്ത്രത്തെക്കുറിച്ച് അറിവു പകരാന്‍ സംഘടിപ്പിക്കുന്നതാണ് മെഡെക്സ്.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വൈദ്യരംഗത്തെ നൂതന സാങ്കേതിക വിദ്യകളും മനുഷ്യ ശരീരത്തിന്റെ സങ്കീര്‍ണ്ണതകളും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മനസിലാക്കുന്നതിനാണ് ഈ മേള സംഘടിപ്പിക്കുന്നത്. എസ്എഫ്ഐക്ക് ഇതിന്റെ നടത്തിപ്പില്‍ യാതൊരു ബന്ധവുമില്ല. ജനപ്രതിനിധികളെപ്പോലും ക്ഷണിക്കാതെ ഇടതുപക്ഷ നേതാക്കളെ മാത്രം ക്ഷണിച്ചു വരുത്തി തികച്ചും ഏകപക്ഷീയമായിട്ടാണ് സംഘാടക സമിതി ഉദ്ഘാടനം മന്ത്രി നടത്തിയതെന്നതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാര്‍ത്ഥി യൂണിയന് നടത്തേണ്ട പരിപാടിയാണിത്. സാമ്പത്തിക സമാഹരണം നടത്തുവാന്‍ കഴിയാത്തതുകൊണ്ടാണ് മെഡെക്സ് മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രതിഷേധം ശക്തമായതാണ് തീയതി മാറ്റിവയ്ക്കുവാന്‍ കാരണമെന്നാണ് അറിയുന്നത്. എസ്എഫ്ഐ എന്നു പ്രിന്റ് ചെയ്ത് മുന്‍പു പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്ററിലും മാറ്റം വരുത്തി പുതിയ പോസ്റ്ററും ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: