തൊടുപുഴ: ഇടുക്കി ജില്ലയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ സംബന്ധിച്ച് ദൗത്യ സംഘത്തലവനായ ജില്ലാ കളക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാഷ്ട്രീയ സമ്മര്‍ദമുണ്ടെങ്കിലും മൂന്നാര്‍ മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. വിഷയം കോടതി പരിഗണിക്കാനിരിക്കെയാണ് തട്ടിക്കൂട്ടിയുള്ള ഒഴിപ്പിക്കലുകളെന്ന ആക്ഷേപവും ശക്തമാണ്. സിപിഎം-സിപിഐ നേതാക്കള്‍ തമ്മിലുള്ള പോര്‍വിളികളിലേക്കും പലപ്പോഴും വിഷയം എത്തുന്നുണ്ട്.
അതേസമയം വന്‍കിട കൈയേറ്റക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് മാത്രം തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്ന് ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ എട്ടു വില്ലേജുകളില്‍ പട്ടയ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ വിഷയത്തില്‍ 24ന് ജില്ല കളക്ടറോട് ഓണ്‍ലൈനില്‍ ഹാജരാകാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു. സീകരിച്ച നടപടികള്‍ കോടതി ഈ സമയത്ത് ആരായുമെന്നതിനാലാണ് വേഗത്തില്‍ ഒഴിപ്പിക്കല്‍ നടത്തിയത്.
ഒഴിപ്പിക്കാന്‍ കഴിയുന്ന ചില കേസുകള്‍ കൂടി ഉടുമ്പന്‍ചോല താലൂക്കില്‍ കണ്ടെത്തിയിട്ടുണ്ട്. കോടതി അനുമതിയോടെ ഇവയും അടുത്ത ദിവസം ഏറ്റെടുക്കുമെന്നാണ് റവന്യൂ സംഘം പറയുന്നത്. സമരത്തിന്റെ അടുത്ത ഘട്ടമായി ചിന്നക്കനാല്‍ വില്ലേജ് ഓഫീസും കളക്ടറേറ്റും ഭൂസംരക്ഷണ സമിതി ഉപരോധിക്കും. ഇതിന് അനുമതി തേടി ഉടന്‍ പോലീസിന് അപേക്ഷ നല്‍കും. നിയമപരമായി ഒരു പിന്‍ബലവും ഇല്ലാതിരുന്ന കൈയേറ്റമാണ് ഒഴിപ്പിച്ചതെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ് വ്യക്തമാക്കി.
ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത കൈയേറ്റങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഇനി കൈയേറ്റം ഒഴിപ്പിക്കില്ലെന്ന് കളക്ടര്‍ വാക്ക് നല്‍കിയതായി പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ താന്‍ ആര്‍ക്കും അത്തരമൊരു വാക്ക് നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ തന്നെ തിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: