ജ്ഞാനവാസിഷ്ഠത്തിലൂടെ
(ദേവപൂജോപാഖ്യാനം തുടര്‍ച്ച)
സൗമ്യം, നല്ല ബോധം, ശമമെന്നുള്ള പുഷ്പങ്ങളെക്കൊണ്ട് സുമതേ! ആത്മാവിനെ പൂജിക്കുന്നതുതന്നെ ഉദാത്തമായ ദേവപൂജയെന്ന് നീ അറിഞ്ഞാലും. ആകാരപൂജ പൂജയാവുകയില്ലാ എന്നു സംശയമില്ല. ഓര്‍ത്താലും, അഖണ്ഡിതമായും അദൈ്വതമായും ആദ്യന്തഹീനമായും ബാഹ്യയത്നങ്ങളാലെ സാധ്യമല്ലാത്തതായുള്ളോരു സുഖം, നന്നായുള്ള പൂജയാല്‍ സ്വയം സിദ്ധിക്കും. സകലകലാതീതയായി, സകലഭാവാന്തര സ്ഥിതയായി നിത്യം സത്ത് അസ്സത്ത് എന്നീവണ്ണം പറയുന്ന രണ്ടിന്റേയും മദ്ധ്യമായതില് സത്താസാമാന്യരൂപിണിയാകുന്ന സംവിത്തു മഹാസത്താത്മതയെ പ്രാപിച്ചിട്ടു ദേവനെന്നിപ്രകാരം പറയപ്പെടുന്നു. സംവിത്ത് വികല്പസങ്കലിതജാഡ്യ(സംശയം കലര്‍ന്ന മൗഢ്യം)ത്തിനെ ഭാവിച്ചുകൊണ്ടീടുന്നതായ ക്രമത്താലെ ചിത്സ്വരൂപത്തില്നിന്നു വിച്യുതയായിത്തീര്ന്ന് ദൃശ്യഭാവത്തെ നന്നായി പ്രാപിക്കുന്നു. ദേശകാലാദികളാകുന്ന ശക്തികളുടെ സമുല്ലാസങ്ങള്‍ ചൂഴുന്ന ദേവനായി ഭവിച്ചുടനെ ബുദ്ധിയാകുന്നത് അഹങ്കാരമായി ഭവിക്കുന്നതാണ് പിന്നീട് മനസ്സായീടുന്നത് എന്നറിഞ്ഞാലും. മനസ്ത്വത്തിനെ പ്രാപിച്ചിട്ട് അസ്സംവിത്ത് സംസാരത്തെ നന്നായി കൈക്കൊള്ളുന്നു. ജനനം മുതല്‍ ബ്രാഹ്മണന്, ചണ്ഡാളന് ഞാനെന്നുള്ള വിചാരംമൂലം ചണ്ഡാളത്വത്തെയെന്നപോലെ ‘ഇതു ഞാന്‍’’എന്നീ പരിച്ഛിന്നഭാവംകൊണ്ട് ദേഹസ്ഥിതയായി ഭവിച്ച് പരിപാതിനിയായി (വീഴ്ത്തിയ) മോഹമായീടുന്ന മഹാപങ്കത്തില് മുഴുകിക്കൊണ്ട് ദുഃഖത്തില്‍നിന്നു ദുഃഖത്തെ പ്രാ
പിക്കുന്നു. സങ്കല്പമാത്രത്താല് ഈ സംസാരദുഃഖം വന്നു സങ്കല്പംകൊണ്ടുതന്നെ വര്‍ദ്ധിക്കയും ചെയ്തു. സങ്കല്പമില്ലാതെയായാല് ആയതുമില്ലാതെയാകും. ഇതില്‍ സങ്കടപ്പെട്ടീടുവാന് അവകാശമില്ല. സങ്കല്പിച്ചിട്ട് മനുഷ്യന് ദുഃഖത്തില്‍ മുങ്ങീടുന്നു, സങ്കല്പിച്ചീടാതാകില് പരമാനന്ദമായി. സങ്കല്പമേഘങ്ങളെ സ്വന്തം വിവേകമാകുന്ന വന്കാറ്റുകൊണ്ട് ദൂരത്തകറ്റിയിട്ട്, ശരത്ക്കാലത്തില്‍ അന്തരീക്ഷമെന്നതുപോലെ നീ പരമായ നിര്മ്മലത്വം പ്രാപിച്ചുകൊണ്ടീടുക. വര്‍ദ്ധിക്കുന്ന സങ്കല്പമാകുന്ന കാലുഷ്യത്തെ പുരുഷപ്രയത്നത്താലധികം ദൂരെ നീക്കി പെട്ടെന്നു പരമായ പ്രസാദത്തിനെ പ്രാപിച്ചിട്ടു പരമാനന്ദവാനായി ഭവിച്ചീടുക മുനേ! സകലശക്ത്യാത്മകനാണ് ആത്മാവെന്നോര്ക്കുക. ശക്തിമണ്ഡലത്തിന്റെ വലിയ ലാസ്യങ്ങളെക്കൊണ്ട് വര്‍ദ്ധിക്കുന്ന സംസാരദുഃഖനിര്വാണസൗഖ്യം എന്നിതൊക്കെയും നന്നായി സമ്പാദിച്ചുകൊണ്ടീടുന്നു. സര്വഗനായി, സമചിന്മാത്രരൂപനായി, സര്വനായി, അനാകൃതിയായീടുന്ന, പരന്നതായ ഇച്ഛാസത്ത, ആകാശസത്ത, കാലസത്ത, നിയതിസത്ത, മഹാസത്ത തഥാ ജ്ഞാനശക്തി, നിഷ്ക്രിയാശക്തി പിന്നെ ഊനംവിട്ടുള്ള കര്‍ത്തൃത, അകര്ത്തൃത എന്നിത്യാദികളായി ചേര്ന്നീടുന്നോരു ശക്തികള്‍ക്ക് അന്തമില്ലെന്നു നിശ്ചിതം. സാരജ്ഞമൗലേ! ഉല്ലാസശക്തിയാല് സംസാരം സര്വതഃ പ്രവര്ത്തിച്ചുകൊണ്ടീടുന്നു. സംശയമൊട്ടുമില്ല, സാധോ! നിരോധശക്ത്യാ സംസാരം മുഴുവനും ക്ഷയിച്ചീടുന്നു. ഒട്ടൊഴിയാതെയുള്ള രാജാക്രമങ്ങളില് വെച്ചിട്ട് തന്റെ ഭാവനയെ ദഹിപ്പിപ്പതുതന്നെ നിര്മ്മലപൂജയെന്നു പറയുന്നു. നിര്മ്മലന്മാരായ സത്തുക്കള്‍ എല്ലാവരും ഈ ശരീരം ഞാനെന്നുള്ള ചിന്തയെ ദൂരെനീക്കീടുന്നതു ഉത്തമമായ പൂജയാണ്. ദേവനായീടുന്നത് ആ പരമന്തന്നെ. എല്ലാനേരവും അവന് പൂജ്യനായീടുന്നുവെന്നതില് സംശയമില്ല. ഉള്ളില്‍ നന്നായിട്ടു ധ്യാനിച്ചുകൊള്ളുന്നതുതന്നെയാകുന്നു പൂജ, മറ്റു യാതൊന്നുമല്ല. നിത്യനായി, ത്രൈലോക്യത്തിന് ആധാരഭൂതനായി, ചിദ്രൂപനായി, ചിത്രഭാനുരക്ഷാഭനായി, ചിന്തിക്കില്‍ പ്രകാശങ്ങള്ക്കൊക്കെയും പ്രകാശമായി അന്തര്ഭാഗത്തുചേരും ജ്ഞാനപ്രകാശമായി, സര്വസ്വരൂപഭൂതമായി ഹൃദയത്തില്‍ സദാ വര്‍ത്തിച്ചീടുന്ന അഹന്താസാരമായി, അന്തമറ്റുതും മേലേയുള്ളതുമായീടുന്ന, അന്തരീക്ഷമാകുന്ന, നല്ലകന്ധരത്തോടും, അന്തംവിട്ടതും കീഴ്ഭാഗത്തിലുള്ളതുമായോരു അന്തരീക്ഷമാകുന്ന പാദപങ്കജത്തോടും, അന്തംകൂടാതെയുള്ള ദിക്കുകളായീടുന്ന ചന്തമേറെയുള്ള ദീര്ഘബാഹുക്കളോടും, നാനാവിധങ്ങളായ ലോകങ്ങളാകുന്ന ഊനംകൂടാതെയുള്ള ശസ്ത്രങ്ങളോടും, അന്തമില്ലാത്തതായ ബ്രഹ്മാണ്ഡകദംബകം സന്തതം കിടപ്പുള്ള ഹൃത്കോശ കോണത്തോടും, നല്ല പ്രകാശമായ പരമാകാശത്തിന്റെ പാരഗമാ(മറുകരയെത്തുന്ന)യപാരമായ വിഗ്രഹത്തോടും, സര്വഗനായി പരംവിളങ്ങുന്ന ദേവന്തന്നെ സര്‍വദാ ധ്യാനത്തിനാല്‍ പൂജിച്ചീടുകവേണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: