ജഗ്ദല്‍പൂര്‍: മാവോയിസ്റ്റ് ഭീകരതയുടെ അടിവേരറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യത്തെ മുഴുവന്‍ വനവാസി സമൂഹത്തെയും വിദ്യാഭ്യാസത്തിലൂടെയും വികസനത്തിലൂടെയും മുഖ്യധാരയിലെത്തിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജഗ്ദല്‍പൂരിലെയും കൊണ്ടഗാവിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഛത്തീസ്ഗഡിനെ മാവോയിസ്റ്റുകള്‍ക്ക് തീറെഴുതി. അദ്ദേഹത്തിന്റെ ഓഫീസില്‍ പോലും മാവോയിസ്റ്റ് അനുകൂലികളുടെ സാന്നിധ്യമുണ്ട്. ഇത് തുടരാന്‍ അനുവദിക്കരുത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ കമ്മ്യൂണിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയുമെന്ന് ജഗ്ദല്‍പൂരില്‍ നടന്ന യോഗത്തില്‍ ഷാ പറഞ്ഞു. ഗോത്രവര്‍ഗ സമൂഹമാണ് മാവോയിസ്റ്റ് ഭീകരതയില്‍ നശിക്കുന്നത്.
മരിക്കുന്നത് മാവോയിസ്റ്റായാലും പോലീസായാലും സാധാരണക്കാരായാലും നഷ്ടപ്പെടുന്ന ഗോത്രവര്‍ഗ സമൂഹത്തെയാണ്. രാജ്യത്തിന്റെ സംസ്കൃതിയുടെ കാവലാളായി ഈ സമൂഹത്തെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗോത്രജനതയ്ക്ക് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീര്‍ നാരായണ്‍ സിങ്, വീര്‍ ഗുണ്ടാധൂര്‍, പ്രവീണ്‍ ഭഞ്ജ്ദേവ് എന്നിവരുടെ സ്മൃതിയില്‍ സമൂഹം അഭിമാനം കൊള്ളണം. അവരുടെ പാതയില്‍ ജനക്ഷേമം മുന്‍നിര്‍ത്തി നമുക്ക് മുന്നേറണം, അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് ഇക്കുറി മൂന്നാണ് ദീപാവലി. ഒന്ന് പാവനമായ ദീപാവലി ദിവസം. എല്ലാ വീടുകളും പാതയോരങ്ങളും ദീപോത്സവം കൊണ്ടാടും. രണ്ടാമത് ഛത്തീസ്ഗഡിലെമ്പാടും താമര വിരിയുന്ന ഡിസംബര്‍ 3ന്, മൂന്നാമത് അയോധ്യയിലെ രാം ലാലാ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ ജനുവരിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആരവങ്ങളോടെവനവാസി സമൂഹം ഏറ്റെടുത്തു.
10 വര്‍ഷം മന്മോഹന് സിങ് കേന്ദ്രം ഭരിച്ചപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വനവാസികള്‍ക്ക് ആകെ നല്‍കിയത് 29,000 കോടി മാത്രം, മോദിജി ഗോത്രവര്‍ഗ ജനതയ്ക്കായി ചെലവഴിച്ചത് 1,32,000 കോടിയും. ജില്ലകളുടെ വികസനത്തിന് ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്ന് 75,000 കോടി രൂപയാണ് മോദി നല്‍കിയത്. 2047-ഓടെ ഒരു വനവാസി സഹോദരനോ സഹോദരിയോ അരിവാള്‍ രോഗബാധിതരാകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ ദൗത്യം ആരംഭിച്ചത്. ബസ്തറിന് മാത്രം നല്‍കിയത് 27,000 കോടി രൂപയാണ്.
ഭൂപേഷ് ബാഗേലിന്റെ ഭരണത്തില്‍ പട്ടികജാതി-വര്‍ഗ ജനതയ്ക്ക് നീതി ലഭിക്കില്ല. ചെറുപ്പക്കാര്‍ നിരത്തിലിറങ്ങേണ്ടിവന്നത് അതുകൊണ്ടാണ്. ജനജാതി ജനത പ്രക്ഷോഭത്തിലാണ്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്, അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം അമിത് ഷാ രണ്ടാമത്തെ തവണയാണ് ഛത്തീസ്ഗഡിലെത്തുന്നത്. 16ന് രാജ്നന്ദ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ ഷാ അഭിവാദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: