ദേവീപ്രസാദം
ശക്തി പൂജയുടെ പാഠ്യപദ്ധതി -2
ദേവീഭക്തിയെ ഇത്രയേറെ സ്വരൂപങ്ങളില്‍ ആവിഷ്കരിക്കുവാന്‍ വ്യാസവിശാലബുദ്ധിയ്ക്കേ കഴിയൂ. വിശ്വമാതൃത്വത്തിന്റെ ശാശ്വത ഭാവമാണ് പരാശക്തി. പരമായ ശക്തിയാണ് പരാശക്തി. ഈ ശക്തി നമ്മളില്‍ത്തന്നെയാണ്. ‘മമാഹം ‘(ഞാനെന്നും എന്റേതെന്നും), ‘ത്വംതവ’ (നീയെന്നും നിന്റേതെന്നും) എന്നിങ്ങനെയുള്ള ഭേദബുദ്ധി മക്കള്‍ക്ക് ഉണ്ടാവരുതെന്ന് ഈ അമ്മ പഠിപ്പിക്കുന്നു.
എട്ടാം സ്കന്ധം ഇരുപത്തി നാലാം അധ്യായം ദേവിയുടെ പൂജാഭേദങ്ങള് ഉപപാദിക്കുകയാണ്. പ്രതിപദം തൊട്ട് വെളുത്തവാവു വരെ ചെയ്യേണ്ട പൂജകള്‍ ആദ്യം അക്കമിട്ടു നിരത്തുന്നു. തുടര്‍ന്ന് ഞായര്‍ തൊട്ട് ശനി വരെ നിത്യേന ചെയ്യേണ്ടവ വിശദമാക്കുകയായി. 27 നക്ഷത്രനൈവേദ്യങ്ങള് വിധിച്ചുകൊണ്ട് അധ്യായം അവസാനിപ്പിക്കുന്നു. പൂജാദികര്മ്മങ്ങളിലേര്പ്പെടുന്ന ദേവീഭക്തര്‍ ഈ പ്രകരണം സശ്രദ്ധം പഠിക്കേണ്ടതാണ്.
ബീഭത്സഭയാനകരസങ്ങള് നിഷ്പന്നമാകുന്നതാണ് ശ്രീമദ്ദേവീ ഭാഗവതത്തിലെ ‘നരകവര്‍ണന.’ ഏതൊരു ഭക്തനും സ്വന്തം കര്‍മ്മപഥം വിലയിരുത്തുവാനും ആത്മപരിശോധനയ്ക്ക് വിധേയമാക്കുവാനും ഇതിടമേകും. അന്ധതാമിശ്രം, മഹാരൗരവം, കൃമിഭോജനം വൈതരണി, അവീചി, സൂചീമുഖം തുടങ്ങി ഇരുപത്തെട്ടോളം ‘നരകസെല്ലു’കള്‍ തുടര്‍ന്ന് തുറന്നുകാണിക്കുന്നു. ബഹുക്രിയാജഡിലമായ നരകവിവരണം തമോവൃത്തരുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യും.
ദേവീഭാഗവതത്തിലെ ഓരോ അധ്യായവും ഓരോരോ ഭക്തനുമായി ബന്ധപ്പെട്ടിരിക്കുന്നു. അനിതരസാധാരണമായ രചനാതന്ത്രമാണ് ഭാഗവതകാരന്റേത്. ചില അധ്യായങ്ങള്‍ ദേവീഭക്തരായ മക്കള്‍ക്ക് അമ്മ നല്കുന്ന നേരിട്ടുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ്.
ദേവീഭക്തനോ ശിവഭക്തനോ വിഷ്ണു ഭക്തനോ ആരുമായിക്കൊള്ളട്ടെ പതിനൊന്നാം സ്കന്ധത്തിലെ ഇരുപത്തിനാലാം അധ്യായമായ ‘സദാചാര നിരൂപണം’ വായിച്ചു ഗ്രഹിക്കേണ്ടതാണ.് വെറും നൂറ്റൊന്ന് ശ്ലോകങ്ങള്‍ മാത്രം.
ദേവീമഹിമ വ്യാസഭഗവാന് ഉള്‍പ്പുളകത്തോടെ ഇങ്ങനെ വര്‍ണിക്കുന്നു:
‘നിത്യതാനപ്പരാദേവി
കാരണങ്ങള്‍ക്കു കാരണം
വര്‍ത്തിപ്പൂ സര്വഭൂതാന്തര്
ഗതയാം ശക്തിയായവള്‍
ദൃശ്യത്തിന്നമ്മയദ്ദേവി
കാര്യകാരണരൂപിണി
ബ്രഹ്മാണ്ഡ നാടകം സ്വാത്മ
തൃപ്തിയ്ക്കാടുന്നിതേകയായ്
തൃപ്തിയാകുമ്പോളുടന് തന്നെ
സംഹരിക്കുന്നു സര്‍വവും
ബ്രഹ്മവിഷ്ണുഹരന്മാരെ
സ്വസ്വകാര്യങ്ങള് ചെയ്യുവാന്‍
നിമിത്തമാക്കിക്കല്പിച്ചു
ലീലയാടുന്നിതംബിക’
ആധ്യാത്മികമായ സമസ്തധര്മങ്ങളേയും ദേവീഭാഗവതം കൂട്ടിയിണക്കുന്നു. ഇതുംകൂടി കേള്‍ക്കുക: ദേവി,
‘പ്രസാദിച്ചാല്‍ പുത്രവിത്ത
യശോമംഗളവാഞ്ഛകള്
സമസ്തം സര്വയോഷിത്തു-
കള്‍ക്കും സതതമേകിടും’
കോപിക്കിലോ, ക്ഷണാല്‍ വിശ്വം
മുടിക്കാന്‍ ശക്തയാണവള്‍
ശ്രീമദ്ദേവീ ഭാഗവതം ഒരു ബൃഹദ്വിജ്ഞാനകോശം തന്നെ. ഭാഗവത ദര്‍ശനം ഒറ്റവാക്യത്തില്‍ ഇങ്ങനൊതുക്കാം. മഹാമായയുടെ ‘പ്രകൃതി’യാലാണ് ഈ ലോകം പരിശുദ്ധമായിത്തീരുന്നത.് ‘വികൃതി’യാലാണ് പാപികള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.
ഋഗ്വേദത്തിലെ പരാശക്തി വര്‍ണനം: പരാശക്തി സ്വരൂപവര്‍ണന ഒരുപക്ഷെ നാം ആദ്യം പരിചയപ്പെടുന്നത് ഋഗ്വേദ പരിസരത്തു വച്ചാണ്. ജഗത്കാരണഭൂതയായ ദേവി പരാശക്തി തന്നെയെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്. പരബ്രഹ്മവും പരാശക്തിയും രണ്ടല്ല ഒന്നു തന്നെയെന്ന് വേദം സിദ്ധാന്തിക്കുന്നു. പരാശക്തിയുടെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:
1. അഹം രുദ്രേഭിഃ ചരാമി (ഏകാദശ രുദ്രന്മാര് ഞാനാകുന്നു).
ബ്രഹ്മാവില്‍ നിന്നും ജനിച്ച രുദ്രന്റെ പകുതി ശരീരം പുരുഷന്റെയും പകുതി ശരീരം സ്ത്രീയുടേതുമാണ്. പതിനൊന്നുപേര്‍. ഏകാദശരുദ്രന്മാര്, ഏകാദശരുദ്രാണിമാര് എന്നു പ്രസിദ്ധി. വിഷ്ണുപുരാണത്തിലും ശിവപുരാണത്തിലും മഹാഭാരതത്തിലുമൊക്കെ ഇവരുടെ പേരുകള്‍ വ്യത്യസ്തം.
2.അഹം ആദിതൈ്യഃ ചരാമി. (ദ്വാദശാദിത്യന്മാരായി വര്‍ത്തിക്കുന്നത് ഞാനാകുന്നു). പന്ത്രണ്ട് ആദിത്യന്മാരുടെ അനുഗ്രഹമുണ്ടെങ്കിലേ സ്വര്‍ലോക പ്രാപ്തിയുണ്ടാകൂ.
3. അഹം വസുഭിഃ ചരായ. (ഭൂമിയുടെ അധിപന്മാരായ അഷ്ടവസുക്കള്‍ ഞാനാകുന്നു.
4. അഹം വിശ്വദേവൈഃ ചരാമി. (വിശ്വദേവന്മാരുടെ ചൈതന്യമായി വര്‍ത്തിക്കുന്നത് ഞാനാകുന്നു). ദക്ഷപുത്രിയായ വിശ്വയില്‍ ധര്മ്മദേവനുണ്ടായ എട്ടുപുത്രരാണ് വിശ്വദേവന്മാര്.
5. അഹം മിത്ര വരുണാ ചരാമി. (പകലിന്റെ ദേവനായ മിത്രനും രാത്രിയുടെ അധിപനും ജലദേവതയുമായ വരുണനും ഞാനാകുന്നു).
6. അഹം ഇന്ദ്രാഗ്നീ ഉഭാഃ. (ഞാന്‍ ഇന്ദ്രന്റെയും അഗ്നിയുടെയും ചൈതന്യമാകുന്നു).
7 അഹം അശ്വിനാ ഭൗ. (അശ്വിനീകുമാരന്മാരുടെ ചൈതന്യം ഞാനാകുന്നു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: