തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനുമെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി. ഇവരുടെ പേരില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് വന്‍തുക ബിനാമി പേരുകളില്‍ നിക്ഷേപമുണ്ട്.
ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു. കരുവന്നൂര്‍ സഹ. ബാങ്കിലും തൃശ്ശൂര്‍ ജില്ലയിലെ മറ്റു പത്തോളം സഹ. ബാങ്കുകളിലും വന്‍തോതില്‍ കള്ളപ്പണമെത്തിച്ചതിനു പിന്നില്‍ ഇവര്‍ക്കു പുറമേ പല പ്രമുഖ നേതാക്കളുമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നു. കരുവന്നൂരില്‍ ഉള്‍പ്പെടെ 500 കോടിയിലേറെ രൂപയുടെ കള്ളപ്പണം സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ ഇ ഡി ശേഖരിച്ചത്. പുറത്തുവന്നതിലുമധികം കള്ളപ്പണം സഹ. ബാങ്കുകളിലെത്തിയിട്ടുണ്ടെന്നാണ് നിഗമനം.
നോട്ടുനിരോധന കാലത്തെ ഇടപാടുകളാണ് പരിശോധിച്ചത്. അതിനു മുമ്പുതന്നെ സഹ. ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിരുന്നു. സിപിഎം നേതാക്കളാണ് ഇതിന് ഒത്താശ ചെയ്തത്. നോട്ടുനിരോധന സമയത്ത് തുടര്‍ പരിശോധന ഭയന്ന് ഇതു മറ്റു പലരുടെയും അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കുകയായിരുന്നു.
സഹ. ബാങ്കുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതോടെ സാധാരണക്കാരായ നൂറുകണക്കിന് ഇടപാടുകാരുടെ അക്കൗണ്ടുകള്‍ വഴി അവര്‍ പോലുമറിയാതെ കള്ളപ്പണം മാറ്റിയെടുത്തു. കരുവന്നൂര്‍ ബാങ്കില്‍ ഇതിനായി സോഫ്റ്റ്വെയര്‍ തിരിമറി നടത്തി. സംശയ നിഴലിലുള്ള 10 സഹ. ബാങ്കുകളിലും സമാനമായ ഇടപാടുകള്‍ നടന്നിരിക്കാം.
വിശദമായ പരിശോധനയും തെളിവെടുപ്പും ആവശ്യമാണ്. തെളിവുകള്‍ ശേഖരിക്കുകയാണെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു. റബ്കോയുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ ഇടപാടുകളും പരിശോധിക്കുന്നു.
കണ്ണൂര്‍ ജില്ലക്കാരനായ മുതിര്‍ന്ന സിപിഎം നേതാവാണ് ഇടപാടിനു പിന്നില്‍. റബ്കോയും സഹ. ബാങ്കുകളും രേഖകള്‍ കൈമാറുന്നില്ല. പല രേഖകളും നശിപ്പിക്കപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കണം. ഇതിനു കൂടുതല്‍ സമയമെടുക്കും.
കരുവന്നൂരിലെ ഇ ഡി അന്വേഷണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ തുടങ്ങിയ പോര് വീണ്ടും രൂക്ഷമാകുകയാണ്. എം.കെ. കണ്ണന്റെ ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇ.പി. ജയരാജന്‍ പരസ്യ പ്രസ്താവനയുമായെത്തി.
സഹ. ബാങ്കുകളില്‍ കള്ളപ്പണ ഇടപാടുള്ളവരെ വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു ഇപിയുടെ പ്രതികരണം. നേരത്തേ ഇപിക്കെതിരേ കണ്ണൂരിലെ റിസോര്‍ട്ട് വിഷയത്തില്‍ പരാതി കൊടുത്ത നേതാവാണ് ഇപ്പോള്‍ ആരോപണ വിധേയനായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: