തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്‌ക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫാസ്റ്റ്ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എ. അനന്തഗോപന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഐസിഐസിഐ ബാങ്കുമായി ദേവസ്വം ബോര്‍ഡ് കരാറില്‍ ഒപ്പിട്ടു. സാങ്കേതിക സഹായം മുഴുവന്‍ ബാങ്ക് നല്കും.
2.1 ശതമാനം ഫീസ് ബാങ്കിന് നല്‍കും. ഇതില്‍ 1.5 ശതമാനം ഫാസ്റ്റ്ട്രാക്ക് അതോറിറ്റിക്കും 0.80 ശതമാനം ഐസിഐസിഐ ബാങ്കിനും ലഭിക്കും. പാര്‍ക്കിങ് ഫീസ് കൂട്ടില്ലെന്നും കഴിഞ്ഞ തവണത്തെ നിരക്കാണ് ഈടാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. നിലയ്‌ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യും.
ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കുമായും സൗത്ത് ഇന്ത്യന്‍ ബാങ്കുമായും കരാര്‍ ഒപ്പിട്ടു. ഇതോടെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഡിജിറ്റലായി പണം സ്വീകരിക്കാന്‍ സാധിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴിയും ഗൂഗിള്‍ പേ വഴിയും പണം സ്വീകരിക്കും.
ബോര്‍ഡിനു കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പണം സ്വീകരിക്കുന്നതിന് ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. തിരുപ്പതി മോഡലില്‍ ക്യൂ കോംപ്ലക്‌സ് ആധുനികവത്ക്കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ശരം കുത്തിയിവല്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷ്ടിക്കപ്പെട്ടത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമലയുടെ സുരക്ഷാ ചുമതല പൂര്‍ണമായും പോലീസാണ് നോക്കുന്നത്.
കീടനാശിനി കലര്‍ന്ന ഏലയ്‌ക്കാ ഉപയോഗിച്ചെന്ന കാരണത്താല്‍ ഏഴ് കോടി രൂപയുടെ അരവണ വില്‍ക്കാന്‍ സാധിക്കാതെ മാറ്റി വയ്ച്ചിരിക്കുന്നു. കേസ് സൂപ്രീം കോടതിയുടെ പരിഗണനയിലാണ്.
മാറ്റിവച്ചവ ഇനി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോടതിയുടെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നും അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ എസ്.എസ്.ജീവന്‍, ജി. സുന്ദരേശന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: