കൊല്‍ക്കത്ത: ദുര്‍ഗാപൂജയുടെ ആഘോഷലഹരിയില്‍ വംഗനാട് ആനന്ദം കൊള്ളുമ്പോള്‍ പ്രത്യാശയും ആവേശവുമുണര്‍ത്തി ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ് ജനമനസ്സുകളില്‍ തരംഗമാകുന്നു. പൂജാഘോഷ വേളയില്‍ ബംഗാളിലെ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് വീഡിയോ സന്ദേശം മാധ്യമശ്രദ്ധ നേടിയിരുന്നു.
ദുര്‍ഗാപൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പോലീസിന്റെ സുരക്ഷാമുന്നറിയിപ്പുകള്‍ അവഗണിച്ച് ഗവര്‍ണര്‍ ഇടുങ്ങിയ റോഡുകളില്‍ സഞ്ചരിക്കുന്നതും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നതും സാധാരണക്കാര്‍ക്ക്ക്ക് നവ്യാനുഭവമായി. ശില്പകലയുടെ മഹത്തായ പൈതൃകം പേറുന്ന പൂജാ പന്തലുകള്‍ കാണാന്‍ വന്‍ ജനപ്രവാഹമാണ് അനുദിനം ഒഴുകിയെത്തുന്നത്. വംഗനാടന്‍ ശില്പകലയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് 2021ല്‍ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലിടം പിടിച്ച ദുര്‍ഗാപൂജയുടെ പന്തലുകള്‍.
ദുര്‍ഗാപൂജയുടെ പൂരപ്പറമ്പായിമാറുന്ന ശ്രീഭൂമി, ന്യൂ ടൗണ്‍, സര്‍ബോജിനിന്‍, ഡം ഡം പാര്‍ക്ക്, കോളേജ് സ്ക്വയര്‍, ശ്യാംനഗര്‍ ഫൈവ്പോയിന്റ്, മുഹമ്മദലി പാര്‍ക്ക്, കടമ്പ്റ്റാല, ബാഗ്ബസാര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അദ്ദേഹം സകുടുംബം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി ആഘോഷങ്ങളില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. എല്ലാദിവസവും അതിനായി അദ്ദേഹം മൂന്നു മണിക്കൂര്‍ ചെലവഴിക്കുന്നു.
പതിറ്റാണ്ടുകള്ക്കുമുന്പ് സ്റ്റേറ്റ് ബാങ്കില്‍ ഓഫീസറായി ജോലിചെയ്തകാലത്തെ പൂജാമഹോത്സവത്തിന്റെ ഓര്‍മ്മകള്‍ ജനങ്ങളുമായും മാധ്യമങ്ങളുമായും പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല. സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഓര്‍മിപ്പിച്ച് വിവാദങ്ങള്‍ പെരുപ്പിക്കുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ആഘോഷാന്തരീക്ഷം നിലനിര്‍ത്താന്‍ ആനന്ദബോസ് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനവും ഉദാസീനതയും മൂലം തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങള്‍ക്കും ഗവര്‍ണര്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങള്‍ പൂജ ആഘോഷവേളയില്‍ പരിഹാരമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ‘യോഗ്യ’രായ ജയില്‍തടവുകാരെ വിട്ടയയ്ക്കാനുള്ള നടപടി അധികൃതരുടെ നിഷേധാത്മക നയം മൂലം യഥാസമയം നടന്നില്ല.
സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ രാഷ്ട്രീയ പക്ഷപാതവും അനീതിയും അഴിമതിയുമുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്റെ വിമുഖതകാരണം നീണ്ടുപോയ നടപടി ഗവര്‍ണര്‍ മുന്‍കൈയെടുത്ത് ദുര്‍ഗാപൂജയ്ക്കു തൊട്ടു മുന്‍പ് പൂര്‍ത്തിയാക്കി.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിലും ഇതേ സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി, ജനങ്ങളുടെ ആളോഹരി വരുമാനം, ആളോഹരി കടം, അധിക സാമ്പത്തിക ബാധ്യത എന്നിവയൊക്കെ വിശകലനം ചെയ്ത് ബില്ലിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: