തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ജിഎസ് ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്കാന് കഴിയില്ലെന്നാണ് വിശദീകരണം. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി.
സിഎംആര്‍എലില്‍നിന്ന് വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയത് സേവനത്തിനാണോ എന്നും അതിന് ഐജിഎസ്ടി അടച്ചോ എന്നുമായിരുന്നു ചോദ്യം. ഇതില്‍ എത്ര രൂപ ഐജിഎസ്ടിയായി അടച്ചു എന്നും ചോദിച്ചിരുന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) (ല) പ്രകാരം വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്ന വ്യവസ്ഥയുണ്ടെന്നായിരുന്നു ജിഎസ്ടി വകുപ്പിന്റെ മറുപടി. അതുകൊണ്ട് ഈ വിവരം നല്കാന് കഴിയില്ലെന്നാണ് വിശദീകരണം.
എന്നാല്‍ പണം അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത് സ്വകാര്യതയെ ബാധിക്കില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. വീണാ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ സിഎംആര്‍എല്‍ 1.72 കോടി നല്‍കിയെന്നായിരുന്നു ആദായ നികുതി വകുപ്പ് തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെ മാത്യു കുഴല്നാടന് എംഎല്‍എ ധനമന്ത്രിക്ക് പരാതി നല്‍കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: