ഇരുപതാം നൂറ്റാണ്ടോടുകൂടി വിജ്ഞാന മേഖലയില്‍ ഉണ്ടായ ദ്രുതഗതിയിലുള്ള വികാസത്തിനും സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള നയരൂപീകരണത്തിനും പാഠ്യപദ്ധതി നിര്‍മ്മാണത്തിനുമായി നിയമിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ കമ്മീഷനുകളുടെ സുദീര്‍ഘങ്ങളായ റിപ്പോര്‍ട്ടുകള്‍ക്കിടയിലും മിത്തിക്കല്‍ പരിവേഷത്തോടെ സാമൂഹിക ചര്‍ച്ചകളില്‍ രൂപപ്പെടുത്തിയെടുത്ത നമ്പര്‍ വണ്‍ ഒന്നുമല്ല സമകാലിക വിദ്യാഭ്യാസ യാഥാര്‍ഥ്യങ്ങളെന്നു ഇന്ന് പകല്‍പോലെ വ്യക്തമാവുകയാണ്. വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടി നേടേണ്ടുന്ന ശേഷികളിലെ അവ്യക്തതയും പഠന സമീപനങ്ങളിലെ ആശയക്കുഴപ്പവും വിലയിരുത്തലിലെ അപാകതയും കൊണ്ടുതന്നെ ദശാബ്ദങ്ങളായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സൂക്ഷ്മങ്ങളായി കണ്ടുവരുന്ന അടിസ്ഥാന പ്രശ്നം ഇന്ന് അതിന്റെ പാരമ്യതയില്‍ ആണ്.
സാക്ഷരത എന്നത് ഒരുപ്രായത്തില്‍ കുട്ടി നേടേണ്ടുന്ന അടിസ്ഥാന വിദ്യാഭ്യാസ ശേഷിയിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഉപകരണം ആവുകയും വിദ്യാലയം അതിനുള്ള സാഹചര്യമൊരുക്കാനുള്ള സംവിധാനമാവുകയും അവിടെ നടക്കുന്ന നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു കുട്ടി തന്റെ സര്വ്വതോന്മുഖമായ വികാസത്തിലേക്ക് എത്തുകയും സ്വയം പര്യാപ്തമായ ഒരു സാമൂഹിക വ്യവസ്ഥിതിക്ക് രൂപം നല്കുന്ന മനുഷ്യ വിഭവമായി മാറുകയും ചെയ്യുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നുള്ളൂ. പക്ഷേ ഇന്നത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളെല്ലാം ജയിക്കുകയും നല്ല മാര്‍ക്കുകള്‍ വാങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും അതില്‍ എത്രപേര്‍ക്ക് എഴുതാനും വായിക്കാനും അറിയാം എന്നതും എത്രപേര്‍ക്ക് നേടിയ മുന്നറിവിന്റെ അടിസ്ഥാനത്തില്‍ തന്റെ പഠന നിലവാരം ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ പ്രയോഗവല്‍ക്കരിക്കാന്‍ പറ്റുന്നുണ്ട് എന്നതും പൊതുസമൂഹത്തില്‍ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്.
ഒരു കുട്ടിയുടെ വിദ്യാഭ്യാസ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഘട്ടം പ്രാഥമിക വിദ്യാഭ്യാസ കാലമാണ്. പക്ഷേ പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി രൂപം കൊടുത്ത ഒരു പാഠ്യപദ്ധതിയുടെ അനന്തരഫലം എന്നത് നിരക്ഷരരായ ഒരു കൂട്ടം സാക്ഷരരെ സൃഷ്ടിക്കുക മാത്രമായി. വെള്ളച്ചാട്ടം എന്താണെന്നും അതിന്റെ പ്രസക്തിയെക്കുറിച്ചും അതിന്റെ മനോഹാരിതയും ആഴത്തില്‍ മനസ്സിലാക്കുന്ന ഇന്നത്തെ പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയുടെ ഉല്‍പ്പന്നമായ, കേരളത്തില്‍ പ്രൈമറി പഠനം പൂര്‍ത്തിയാക്കിയ 60%കുട്ടികള്‍ക്ക് വെള്ളച്ചാട്ടം എന്ന വാക്ക് എഴുതാന്‍ കഴിയുന്നില്ല.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ എല്ലാം ഇതിന്റെ അപകടാവസ്ഥയെ തുറന്നു കാണിക്കുന്നതാണ്. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് എസ്എസ്എ നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ 60% കുട്ടികള്‍ക്ക് തങ്ങള്‍ പഠിക്കുന്നതിന്റെ താഴ്ന്ന ക്ലാസിലെ മലയാളം വാചകങ്ങള്‍ എഴുതാനും വായിക്കാനും അറിയില്ലന്നു കണ്ടെത്തി. വിദ്യാര്‍ത്ഥിയുടെ നൈതിക വളര്‍ച്ചയ്ക്ക് ഉപരിയായി ഭൗതികമായ വികസനത്തിന് മാത്രം പ്രാധാന്യം കൊടുത്തു രൂപപ്പെടുത്തിയെടുത്ത വിദ്യാഭ്യാസ നയത്തിന്റെ പരിതാപകരമായ അനന്തര ഫലങ്ങള്‍ രേഖപ്പെടുത്തുന്ന മൂന്നു പഠനറിപ്പോര്‍ട്ടുകള്‍ കൂടി അടുത്തകാലത്തായി പുറത്തുവന്നു. ഒരു കാലഘട്ടത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെയാകമാനം പിടിച്ചുലച്ചതിന്റെ നേര്‍സാക്ഷ്യങ്ങള്‍ എന്ന നിലയ്ക്ക് ആ റിപ്പോര്‍ട്ടുകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്.
കേന്ദ്ര ഏജന്‍സികളായ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വേ, ഭാരത് നിപുണ്‍ മിഷന് സര്‍വ്വേ എന്നിവ കേരളത്തിന്റെ സാക്ഷരതാ നിലവാരത്തിന്റെ പരിതാപകരമായ അവസ്ഥ തുറന്നു കാണിക്കുന്നു. ഏറ്റവും അവസാനമായി പുറത്തുവന്ന ‘അസര്‍'(ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട്) പഠന റിപ്പോര്‍ട്ട് വിദ്യാഭ്യാസമേഖലയില്‍ ഗവേഷണം നടത്തുന്ന എന്ജിഓയുടേതാണ്. വ്യത്യസ്ത ഏജന്‍സികള്‍ വ്യത്യസ്ത രീതിയില്‍ നടത്തിയ പഠനമാണെങ്കിലും എല്ലാ ഏജന്‍സികളും മുന്നോട്ടുവെക്കുന്ന മൗലികമായ പ്രശ്നം അക്കാദമിക് നിലവാരത്തിന്റെ ആഴത്തിലുള്ള ആത്മപരിശോധന ആവശ്യപ്പെടുന്നതാണ്. ഇതില്‍ പ്രഥം എന്ന എന്‍ജിഒ നടത്തുന്ന അസര്‍ പഠനഫലങ്ങളെ ദേശീയ വിദ്യാഭ്യാസ ഏജന്‍സികള്‍ നയരൂപീകരണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുന്ന ആധികാരിക വിവരങ്ങളാണ്. വായനയിലെ വൈദഗ്ധ്യം, പദശേഷി, വായനയിലെ ഒഴുക്കും ശ്രവണശേഷിയും, ഗണിത പ്രക്രിയ ശേഷി, ഗണിതനിലവാരം എന്നിവയാണ് സര്‍വ്വേയുടെ ഭാഗമായിപരിശോധിക്കപ്പെട്ടത്.
ഫീല്‍ഡ് സര്‍വ്വേയില്‍ അസര്‍ നിര്‍ദ്ദേശിച്ച മലയാളം വാക്യം വായിക്കാന്‍ കഴിയുന്ന രണ്ടാം ക്ലാസിലെ കുട്ടികളുടെ എണ്ണം 20.8 ശതമാനം മാത്രമാണ്. അതേ വാക്യം വായിക്കാന്‍ കഴിയുന്നത് അഞ്ചാം ക്ലാസിലെ 64.7% കുട്ടികള്‍ക്കും എട്ടാം ക്ലാസിലെ 83.7 ശതമാനം കുട്ടികള്‍ക്കും മാത്രമാണ്. അതായത് ഇത്രയും ലളിതമായ രണ്ടാം ക്ലാസിലെ പാഠഭാഗം പോലും വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ പഠനനിലവാരവും കുട്ടി നേടേണ്ട ആശയ രൂപീകരണവും ഒപ്പം പഠനപദ്ധതിയിലൂടെ കുട്ടി അര്ജിച്ചെടുക്കേണ്ട പ്രായോഗിക പരിജ്ഞാനവും എത്രമാത്രം ശുഷ്കമാവാം എന്നത് ആശങ്കാജനകമാണ്.
‘അസര്‍’ വായനക്കായി നിര്‍ദ്ദേശിച്ച പാഠഭാഗം വായിക്കാന്‍ കഴിയുന്നത് ഒന്നാം ക്ലാസിലെ അഞ്ച് ശതമാനം പേര്‍ക്കും രണ്ടാം ക്ലാസിലെ 16.5 ശതമാനം പേര്‍ക്കും മാത്രമാണ്. ഇതിനര്‍ത്ഥം അഞ്ചിലെ 35.3%കുട്ടികള്‍ക്കും എട്ടിലെ 16.3% കുട്ടികള്‍ക്കും രണ്ടാം ക്ലാസ്സിലെ പുസ്തകം പോലും വായിക്കാനാകുന്നില്ലന്നാണ്. വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന പഠന കാലഘട്ടം അക്ഷരമറിയാതെ വിവിധ ക്ലാസുകളില്‍ ഇടം നേടി വിദ്യാഭ്യാസ കാലഘട്ടം സമ്പൂര്‍ണ്ണമാകാതെ പൂര്‍ത്തിയാക്കിയതിന്, പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ആരുത്തരം പറയും. യാതൊരു അടിസ്ഥാന ശേഷിയും ഇല്ലാത്ത ഒരു തലമുറ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ട് എന്തുജീവിത വിജയമാണ് നമ്മുടെ കുട്ടികളില്‍ ഉണ്ടാകാന്‍ പോകുന്നത്.
ഗണിതത്തിന്റെ കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണ്ണം ആവുകയാണ്. കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ അടിസ്ഥാന ഗണിതശേഷിയില്‍ കാര്യമായ കുറവുള്ളതായി കാണാം. മൂന്നാം ക്ലാസിലെ 38.6 ശതമാനം പേര്‍ക്ക് മാത്രമേ വ്യവകലനം അറിയുകയുള്ളൂ. അഞ്ചാം ക്ലാസിലെ 26.6% പേര്‍ക്ക് മാത്രമേ ഹരിക്കാന്‍ അറിയുകയുള്ളൂ. എട്ടാം ക്ലാസിലെ 44.4% പേര്‍ക്ക് മാത്രമേ ഹരണം അറിയുള്ളൂ. 2018 ല്‍ നിന്ന് 2022ലെ റിപ്പോര്‍ട്ടിന് ഇടയില്‍ കേരളം ഗണിത ശാസ്ത്രത്തില്‍ 10 ശതമാനത്തോളം പിന്നോട്ട് പോയി. 2018ല്‍ 60 ശതമാനത്തില്‍ നിന്നും 2022 ല്‍ എത്തുമ്പോഴേക്കും തങ്ങളുടെ സ്വന്തം ഭാഷ എഴുതാനും വായിക്കാനുമുള്ള കഴിവില്‍ 13 ശതമാനത്തിന്റെ ചോര്‍ച്ച ഉണ്ടായെന്നത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദൗര്‍ബല്യം തന്നെയാണ്. കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പകുതിയിലധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടിയുടെ നിപുണ്‍ മിഷന് റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. ഇത് ‘അസര്‍’ പഠന റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിലെ കാതലായ വൈകല്യങ്ങള്‍ മനസ്സിലാക്കാതെ അതിന്റെ പുറംമോടിയില്‍ പരിഹാരം കാണുന്നത് കേരള സര്‍ക്കാരിനെ നയിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മ മാത്രമാണ് കാണിക്കുന്നത്. കുട്ടികള്‍ക്ക് അവസരങ്ങളുടെ ജാലകം തുറക്കുന്ന നിരവധി എന്‍ട്രന്‍സ്, മത്സര പരീക്ഷകള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് എത്രപേര്‍ക്ക് അതിന് അവസരം ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും കുട്ടികള്‍ പഠിക്കുന്ന സൈനിക സ്കൂളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രവേശനം ലഭിച്ചത് കേരളത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ്. വര്‍ഷാവര്‍ഷം നടക്കുന്ന നവോദയ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കു കട്ടോഫ് മാര്‍ക്ക് ഇല്ലാത്തതിനാല്‍ മാത്രമാണ് 10 മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് പോലും പ്രവേശനം ലഭിക്കുന്നത്. പക്ഷെ നമ്മുടെ ഗവണ്മെന്റ് സബ്ജില്ലാതലത്തില് കുട്ടികളെ തമ്മില്‍ മത്സരിപ്പിച്ച് തമ്മില്‍ ഭേദം മാര്‍ക്ക് ലഭിച്ച കുട്ടികളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് അതൊക്കെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ മേന്മയായി അവതരിപ്പിച്ചാണ് അടിസ്ഥാന അപചയങ്ങള്‍ മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ പദ്ധതിയില്‍ തോണ്ണൂറുകള്ക്കു ശേഷം നിരവധി പരിഷ്കാരങ്ങളും വിശാലമായ വിദ്യാലയ സംവിധാനവും ഉണ്ടായിട്ടുണ്ട്. അതുവരെ നിലനിന്നിരുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക പീഡനം പോലും ഏല്‍പ്പിച്ചുകൊണ്ട് അധ്യാപകര്‍ക്ക് അപ്രമാദിത്യമുള്ള ബിഹേവിയറിസത്തില്‍ നിന്ന് കണ്സ്ട്രക്റ്റിവിസത്തിലേക്ക് പാഠ്യപദ്ധതി മാറ്റപ്പെടുമ്പോള്‍ പ്രതീക്ഷിച്ചത് പഠനം കുട്ടിയുടെ നൈസര്‍ഗിക ജൈവചേദനയുടെ സ്വാഭാവികമായ വിപുലീകരണമായി മാറ്റപ്പെടും എന്നും ഒരു സാമൂഹ്യ ജീവിയിലേക്കുള്ള കുട്ടിയുടെ ആദ്യ പടിയാകും അതെന്നുമാണ്. ക്ലാസ്സ് മുറികള്‍ ഡിപിഇപിയിലേക്കും പിന്നീട് സര്‍വ്വ ശിക്ഷാ അഭിയാനിലേക്കും മാറിയപ്പോള്‍ വിഭാവനം ചെയ്തത് ചിഹ്നങ്ങള്‍ക്ക് പകരം അത് സംബന്ധിച്ച വിവരങ്ങളും അനുഭവങ്ങളും ക്ലാസില്‍ ചര്‍ച്ചചെയ്യുകയും ആ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം കുട്ടിയുടെ മസ്തിഷ്കത്തില്‍ ആഴത്തില്‍ പതിയും എന്നതാണ്. പക്ഷേ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അക്ഷരാഭ്യാസ സംസ്കാരത്തെ പ്രായോഗിക തലത്തില്‍ ഒട്ടും പ്രാവീണ്യമില്ലാത്ത സംവിധാനത്താല്‍ പരീക്ഷിക്കപ്പെട്ടതിന്റെ, വരാനിരിക്കുന്ന വലിയ അപകടത്തിന്റെ ചെറിയ ലക്ഷണമാണ് വായനയിലെ ഇടിവ് കാണിക്കുന്നത്.
അധ്യാപകര്‍, പ്രധാനഅദ്ധ്യാപകന്‍, സ്റ്റാഫ് ക്ലബ്ബ്, പിടിഎ എസ്ആര്‍ ജി, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, എസ്പിജി, ക്ലാസ് പിടിഎ, സ്കൂള്‍ കൗണ്‍സിലിംഗ് സെന്റര്‍, എസ്പിസി, എന്‍സിസി എന്‍എസ്എസ്, ഒആര്‍സി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സംവിധാനങ്ങള്‍ പഠനപദ്ധതിയില്‍ അവിരാമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉദ്ഘോഷിക്കുമ്പോഴും ഒരു കുട്ടിയുടെ അടിസ്ഥാന ശേഷി വികസനം പരാജയപ്പെടുന്നതിന്റെ കാരണം സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്.
കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് അവിടത്തെ വിദ്യാഭ്യാസ നിലവാരത്തിലൂടെയാകണം. വിദ്യാലയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും അതിന്റെ ഉദ്ഘാടന മഹാമേളകള്‍ക്കും അതിന്റെ പ്രചാരണത്തിലൂടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഔന്നത്യം കാണിക്കുന്നത്, അവിടെ പഠിക്കുന്ന, പ്രൈമറി കാലഘട്ടം കഴിഞ്ഞിട്ടും തന്റെ കുട്ടിക്ക് മലയാളത്തിലെ അക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തതിന്റെ പേരില്‍ അസ്വസ്ഥരാകുന്ന അച്ഛനമ്മമാര്‍ക്ക് മുമ്പിലാണ്. ഈ അധ്യായന വര്‍ഷത്തില്‍ പൊതുവിദ്യാലയത്തില്‍ ഉണ്ടായ കുട്ടികളുടെ കുറവ് അതിന്റെ ഒരു ലക്ഷണം മാത്രമാണ്. പരിണിതപ്രജ്ഞരുടെ ആശയങ്ങളാല്‍ ഒരു സമൂല മാറ്റം ഈ രംഗത്ത് വരുത്തിയില്ലെങ്കില്‍, വരുന്ന പ്രത്യാഘാതങ്ങള്‍ മറ്റെല്ലാ വകുപ്പിലും ഉള്ളതുപോലെ നിസ്സാരമായിരിക്കില്ല എന്നത് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: