കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ ദാഹമകറ്റാന്‍ 1243 കോടിയുടെ മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കമാകും. 2012ല്‍ ഭരണാനുമതി നല്‍കിയിരുന്ന പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര ജല്‍ ജീവന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാകുന്നത്.
കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ നീലൂരില്‍ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നല്കിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും. ജല്‍ ജീവന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 പഞ്ചായത്തുകള്‍ക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നീലൂരില്‍ ശുദ്ധീകരണ പ്ലാന്റിനായി നേരത്തെ ഭൂമി ഏറ്റെടുത്തിരുന്നു. 42230 കുടുബങ്ങള്‍ക്കായി ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജലവിതരണ ശൃംഖലയ്ക്കായി 2085 കി.മീ. പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. 154 ജലസംഭരണികളും സ്ഥാപിക്കും. കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചില്‍, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ക്കാണ് ജല്‍ ജീവന് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത എല്ലാ വീടുകളിലും പൈപ്പ് കണക്ഷന് മുഖേന ശുദ്ധജലം എത്തും.
ഇടുക്കി ജില്ലയിലെ മലങ്കര ഡാം റിസര്‍വോയറില്‍നിന്ന് മുട്ടം വില്ലേജിലെ മാത്തപ്പാറയില്‍ ഫ്ളോട്ടിങ് പമ്പ് ഹൗസ് നിര്‍മിച്ചാണ് പദ്ധതിക്കാവശ്യമായ റോ വാട്ടര്‍ ശേഖരിക്കുന്നത്. ഇതേ വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം ബൂസ്റ്റിംഗ് സ്റ്റേഷന് നിര്‍മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കുന്ന 45 ദശലക്ഷം ലീറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയില്‍ എത്തിക്കും. ഇവിടെ നിന്ന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിന് സമീപം 25 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയിലേക്ക് എത്തും. ഇവിടെ നിന്നാണ് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, കൂട്ടിക്കല്‍, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകള്‍ക്ക് ജലം ലഭ്യമാകുക. നീലൂര്‍ ശുദ്ധീകരണശാലയില്‍നിന്ന് കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം പഞ്ചായത്തുകളിലും ജലം എത്തും.
പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ജലവിതരണ ശൃംഖലയ്ക്കായുള്ള പൈപ്പുകളും വിവിധ പഞ്ചായത്തുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മലങ്കര ഡാം റിസര്‍വോയറില്‍ എന്നും ജല ലഭ്യത ഉറപ്പായതിനാല്‍ പദ്ധതിയില്‍ നിന്നും മുടക്കമില്ലാതെ ജലം ഉറപ്പുവരുത്താം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടപ്പാക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ ജലവിതരണം കുറ്റമറ്റതാക്കുക എന്നതും ലക്ഷ്യമിടുന്നു. 21ന് പാലായില്‍ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും കക്ഷി നേതാക്കളും പങ്കെടുക്കും. മന്ത്രി വി.എന്‍.വാസവന് അധ്യക്ഷനാകും.
പാലാ, ഈരാറ്റുപേട്ട നഗരസഭകള്‍ക്കായി ‘അമൃത്’ പദ്ധതിയും കരൂര്‍ ഗ്രാമപ്പഞ്ചായത്ത് മേഖലയ്ക്കായി പ്രത്യേക കുടിവെള്ള പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുമെന്നും ജോസ് കെ.മാണി എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: