പാട്ന: ബീഹാറിലെ മുതിര്‍ന്ന നേതാവും റാബ്രി സര്‍ക്കാരിലെ മന്ത്രിയുമായ ബ്രിജ്ബിഹാരി പ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ ലാലുപ്രസാദ് യാദവാണെന്ന ആരോപണവുമായി ബിജെപി എംപിയും പ്രസാദിന്റെ ഭാര്യയുമായ രമാദേവി. ഗര്ദാനിബാഗില് നടന്ന ദേശീയ വൈശ്യ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ഷിയോഹറില്‍ നിന്നുള്ള ബിജെപി എംപി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
1998 ജൂണ്‍ 13ന് പട്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചാണ് ഗുണ്ടാത്തലവനായ പ്രകാശ് ശുക്ലയുടെ വെടിയേറ്റ് ബ്രിജ് ബിഹാരി പ്രസാദ് കൊല്ലപ്പെട്ടത്. റാബ്രി കാബിനറ്റിലെ കരുത്തനായ മന്ത്രിയായിരുന്ന പ്രസാദിന് കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും കൊല്ലപ്പെട്ടത് അന്നുതന്നെ സംശയത്തിനിടയാക്കിയിരുന്നു.
പോലീസിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നത്. കുറ്റകൃത്യത്തിന് ശേഷം ബ്രിജ് ബിഹാരി പ്രസാദിനെ കൊന്നത് താനാണെന്ന് ശുക്ല ലാലു പ്രസാദ് യാദവിനെ അറിയിച്ചുവെന്ന് വാര്ത്തകളുണ്ടായിരുന്നുവെന്ന് രമാദേവി ആരോപിച്ചു. ലാലു പ്രസാദിനെപ്പോലുള്ളവര്‍ സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാറില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം ലാലുവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപി നിര്‍ദേശപ്രകാരമാണ് രമാദേവി ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്ന് ആര്‍ജെഡി വക്താവ് ചിത്രഞ്ജന് ഗഗന് പറഞ്ഞു. കൊലപാതകം നടന്നിട്ട് 25 വര്‍ഷത്തിന് ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതിന്റെ അര്‍ത്ഥം വ്യക്തമാണെന്നും ഗഗന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: