Categories: IndiaBusiness

ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ ഡയമണ്ട് നെക് ലേസ് തന്ത്രം; ഇന്തോനേഷ്യയിലെ സബാംഗ് തുറമുഖത്തില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ അദാനി

ചൈനയെ നേരിടാനുള്ള ഇന്ത്യയുടെ ഡയമണ്ട് നെക് ലേസ് പദ്ധതിയുടെ ഭാഗമായി ഇന്തോനേഷ്യയിലെ‍ സബാംഗ് തുറമുഖത്തില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി അദാനി.

Published by

ന്യൂദല്‍ഹി: ചൈനയെ നേരിടാനുള്ള ഇന്ത്യയുടെ ഡയമണ്ട് നെക് ലേസ് പദ്ധതിയുടെ ഭാഗമായി ഇന്തോനേഷ്യയിലെ‍ സബാംഗ് തുറമുഖത്തില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി അദാനി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. കടം കൊടുത്ത് രാജ്യങ്ങളെ കടക്കാരാക്കി മാറ്റി സ്വന്തം വരുതിക്ക് നിര്‍ത്തുന്ന നയതന്ത്രം വഴി ഇന്ത്യയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദുര്‍ബലരാക്കി നിര്‍ത്തുക എന്നതാണ് ചൈനയുടെ ആ തന്ത്രം. അവര്‍ അതിനെ പവിഴമുത്ത് മാല തന്ത്രം (String of pearl Strategy) എന്നാണ് വിളിക്കുന്നത്. ഇന്ത്യയ്‌ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ നാവിക ബേസ് ഉണ്ടാക്കുകയാണ് ചൈനയുടെ തന്ത്രം. അതുവഴി ഇന്ത്യയെ പേടിപ്പിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ ആക്രമിക്കുകയുമാവാം. അതിനായി വന്‍തുക വായ്പ നല്‍കി തങ്ങളുടെ ഭൗമതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പിന്തുണ ഈ രാജ്യങ്ങളില്‍ നിന്നും നേടിയെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് (ചിറ്റഗോംഗ്), പാകിസ്ഥാന്‍ (കറാച്ചി, ഗ്വാദര്‍ തുറമുഖം), ശ്രീലങ്ക(ഹംബന്‍ടോട്ട തുറമുഖം, കൊളംബോ) എന്നിവിടങ്ങളില്‍ ചൈന സ്വാധീനമുറപ്പിച്ചുകഴിഞ്ഞു.

ഇതിനെതിരെ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഡയമണ്ട് നെക് ലെസ് തന്ത്രം (Necklace of Diamond Strategy). ഇന്ത്യയ്‌ക്ക് ചുറ്റുമുള്ള നയതന്ത്രപ്രാധാന്യത്തോടെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ നാവിക കേന്ദ്രം സ്ഥാപിച്ച് ചൈനയെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്നതാണ് ഡയമണ്ട് നെക് ലേസ് തന്ത്രം. ഈ തന്ത്രത്തിലൂടെ ഇന്ത്യ അവരുടെ നാവിക അടിത്തറ ഇന്ത്യാസമുദ്രത്തിനടുത്തുള്ള രാജ്യങ്ങളിലേക്ക് കൂടി വികസിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലെ ചംഗി നേവല്‍ ബേസ്, ഇന്തോനേഷ്യയിലെ സബാങ് തുറമുഖം, ഒമാനിലെ ദുകം തുറമുഖം, സീഷെല്‍സിലെ അസംപ്ഷന്‍ ദ്വീപ്, ഇറാനിലെ ചാബഹര്‍ തുറമുഖം എന്നിവിടങ്ങളില്‍ സ്വാധീനമുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്തോനേഷ്യയിലെ സബാങ് തുറമുഖത്ത് 100 കോടി ഡോളര്‍ മുടക്കാന്‍ അദാനി മുന്നോട്ട് വരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക