ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക റെയില്‍ ( റാപിഡ്ക്‌സ്) ഉദ്ഘാടനം ചെയ്യും. സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ അഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 17 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ ഉള്‍ക്കൊള്ളുന്നത്.
15 മിനിറ്റ് ഇടവിട്ട് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുക. റാപിഡ്ക് സ് ട്രെയിനിന് ഏകദേശം 1700 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ആറ് കോച്ചുകളാണുള്ളത്. ഒരു കോച്ച് വനിതാ യാത്രക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഇരു ദിശകളിലുമുള്ള ആദ്യ ട്രെയിന്‍ രാവിലെ 6 മണിക്ക് സര്‍വീസ് തുടങ്ങും. ഇരു ദിശകളിലുമുള്ള സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന അവസാന ട്രെയിന്‍ രാത്രി 11 മണിക്കായിരിക്കും.
ശനിയാഴ്ച മുതല്‍ സാധാരണ യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കും. ഓരോ റാപിഡ്ക്‌സ് ട്രെയിനിനും ഒരു പ്രീമിയം കോച്ചും ഉണ്ടായിരിക്കും. ചാരിയിരിക്കാനാകുന്ന സീറ്റുകള്‍, കോട്ട് ഹുക്കുകള്‍, മാഗസിന്‍ ഹോള്‍ഡറുകള്‍, ഫൂട്ട്റെസ്റ്റുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്. 2*2 കുറുകെയുളള സീറ്റിംഗ്, ലഗേജ് റാക്കുകള്‍, സിസിടിവി ക്യാമറകള്‍, മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, ആധുനിത ലൈറ്റിംഗ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പേപ്പര്‍ ക്യുആര്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിനും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്രവര്‍ത്തനക്ഷമമാക്കിയ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വിനയ് കുമാര്‍ സിംഗ് പറഞ്ഞു.റാപിഡ്ക്‌സ് സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: