Categories: Kerala

കരുവന്നൂര്‍ ബാങ്കിലെ കോടികള്‍കൊണ്ട് സ്വത്തുക്കള്‍ വാരിക്കൂട്ടിയ നൂറിലേറെ ബിനാമികള്‍ അത് വില്‍ക്കാനായി നെട്ടോട്ടത്തില്‍; പിന്നാലെയുണ്ട് ഇഡി

Published by

തൃശൂര്‍: കരുവന്നൂര്‍ബാങ്ക് തട്ടിപ്പ് 343 കോടിയുടേതാണെന്ന് കണ്ടെത്തിയ ഇഡി ഇപ്പോള്‍ ഈ കോടികള്‍ ഉപയോഗിച്ച് സ്വത്തുക്കള്‍ വാരിക്കൂട്ടിയ നൂറിലേറെ ബിനാമികളെ കണ്ടെത്താനും അത് തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിലാണ്. പക്ഷെ അടുത്ത പിടി തങ്ങളുടെ മേലായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ബിനാമികള്‍ ഇപ്പോള്‍ ആ സ്വത്തുക്കള്‍ വില്‍ക്കാനായി പരക്കം പായുകയാണെന്നറിയുന്നു.

കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടികള്‍ സ്വന്തമാക്കിയ ഏകദേശം 90 പേരുടെ ലിസ്റ്റ് ബാങ്ക് തന്നെ ഇഡിയ്‌ക്ക് നല്‍കിയിരുന്നു. ഈ ലിസ്റ്റ് ഇഡി പുറത്തുവിട്ടിരുന്നു. ഈ ലിസ്റ്റിലെ 12 പേരുടെയും അവരുടെ ബിനാമികളായ 35 പേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഈ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന പണം കരുവന്നൂര്‍ ബാങ്കിലെ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് വൈകാതെ നല്‍കും. പക്ഷെ അതിന് ആദ്യം വേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുക എന്നതാണ്.

ഇനി ബാക്കിയുള്ള 68 പേരുടെയും അവരുടെ ബിനാമികളുടെയും കൈവശമിരിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. ഇത് ഉടനെ സംഭവിക്കുമെന്നറിയാവുന്നതിനാലാണ് ബിനാമികള്‍ സ്വത്തുക്കള്‍ വിറ്റ് പണമാക്കാന്‍ ഊണും ഉറക്കവുമില്ലാതെ പരക്കം പായുന്നത്. കരുവന്നൂര്‍ ബാങ്കിലെ കോടികള്‍ കൊണ്ട് കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതില്‍ ഭൂസ്വത്തുക്കളാണ് അധികവും. ഇത് വിറ്റഴിക്കാനാണ് ശ്രമം. ഈ ബിനാമികള്‍ നൂറിലേറെ വരുമെന്നറിയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക