തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഏഷ്യന്‍ ഗെയിംസ് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളിമെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലമെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയുമാണ് പാരിതോഷികമായി നൽകുക. ഏഷ്യൻ ഗെയിംസ് അവസാനിച്ച് പത്ത് ദിവസങ്ങൾക്കു ശേഷമാണ് സംസ്ഥാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിച്ചത്.
ഏഷ്യന്‍ ഗയിംസ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കാത്തതിലും ആദരിക്കാത്തതിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. താരങ്ങള്‍ സംസ്ഥാനം വിട്ടുപോയി. ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അടക്കമുള്ളവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതേത്തുടർന്നാണ് താരങ്ങൾക്ക് പാരിതോഷികം നൽകാൻ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും താരങ്ങളുടെ പാരിതോഷികം സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് താരങ്ങള്‍ക്ക് നല്‍കേണ്ടതെല്ലാം നല്‍കി എന്ന ധ്വനിയിലാണ് മറുപടിനല്‍കിയത്. വിമര്‍ശനം ഉന്നയിച്ച കായികതാരങ്ങളുടെ പേരെടുത്ത് പറഞ്ഞ് അവര്‍ക്ക് ഇതുവരെ നല്‍കിയ സര്‍ക്കാര്‍ സഹായവും വിവരിച്ചിരുന്നു.
നാളെ വൈകിട്ട് 5.30 ന് മസ്‌ക്കറ്റ് ഹോട്ടലില്‍ താരങ്ങളെ ആദരിക്കുന്നുണ്ട്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മെഡല്‍ നേടിയവര്‍ക്കൊപ്പം, ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി താരങ്ങളെയും മെഡല്‍ ജേതാക്കളുടെ പരിശീലകരെയും ആദരിക്കും. ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: