തിരുവനന്തപുരം: സായ് എൽഎൻസിപിഇ യുഎസിലെ പ്രശസ്തമായ മയോ ക്ളിനിക്കിന്റെയും സ്വസ്തി ഫൗണ്ടേഷന്റെയും അഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കാൻസർ പ്രതിരോധത്തിൽ ശാരീരിക പ്രവർത്തനങ്ങളുടെയും ഭക്ഷണ ശീലങ്ങളുടെയും പങ്ക് : നിലവിലെ തെളിവുകളും ഭാവി ദിശകളും എന്ന വിഷയത്തിലായിരുന്നു സെമിനാർ.
തിരുവനന്തപുരത്ത് ഒക്ടോബർ 27 മുതൽ 29 വരെ നടക്കാനിരിക്കുന്ന ഇൻറർനാഷണൽ പ്രിവൻറീവ് ഓങ്കോ സമ്മിറ്റിൻറെ സുപ്രധാന ഘടകമായ ലിറ്റററി സൊസെറ്റിയും സ്പോർട്സ് മെഡിസിൻ വകുപ്പും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. കാർത്തിക്ഘോഷ്, യു എസിലെ മയോ ക്ളിനിക്കിൽ നിന്നുള്ള ഡോ.അമിത് ഘോഷ് എന്നിവർ പ്രഭാഷണം നടത്തി. സെമിനാർ ഡോ കാർത്തിക് ഘോഷ് ഉദ്ഘാടനം ചെയ്തു. എൽഎൻസിപിഇ പ്രിൻസിപ്പലും റിജിയണൽ ഹെഡുമായ ഡോ. ജി കിഷോർ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ , സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ് എന്നിവരും സംസാരിച്ചു. ശാരീരിക പ്രവർത്തനങ്ങൾ, പോഷകാഹാരം, കാൻസർ പ്രതിരോധം എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ വിദഗ്ധർ പങ്കുവെച്ചു. കാൻസർ സാധ്യത ലഘൂകരിക്കുന്നതിൽ ശാരീരിക പ്രവർത്തനങ്ങളുടെയും പോഷകാഹാരത്തിന്റെയും നിർണായ പങ്കിനെക്കുറിച്ച് ഫിസിക്കൽ എഡ്യുക്കേഷൻ മേഖലയിലെ വിദ്യാർഥികളെയും അധ്യാപകരെയും ബോധവൽക്കരിക്കുന്നതായിരുന്നു സെമിനാർ.
സമൂഹത്തെ ആരോഗ്യപരമായി ബോധവൽക്കരിക്കാൻ കായിക രംഗത്തുള്ളവർക്ക് കഴിയണമെന്ന് ഡോ. അമിത് ഗോഷ് പറഞ്ഞു. കാൻസർ അതിജീവിച്ചവരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്നത് കൂടിയായി സെമിനാർ . സായി എൽഎൻസിപിഇ വിദ്യാർഥികളും അധ്യാപകരും കായിക താരങ്ങളും പരിശീലകരും അടക്കമുള്ളവർ സെമിനാറിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: