ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിയില്‍ ബോംബ് പൊട്ടി 800 ലധികം പേര് കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലാണ് അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നു.
നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നു. സംഭവത്തില്‍ പലസ്തീന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോര്‍ദാന്‍ പ്രതികരിച്ചു.
ഗാസയിലെ ഭീകരരാണ് ആശുപത്രി ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു .ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയില്‍ നിന്ന് തന്നെ നിരവധി റോക്കറ്റുകള്‍ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: