തൃശ്ശൂര്‍: കരുവന്നൂരിലെ ബിനാമി വായ്പത്തട്ടിപ്പില്‍ ഇനിയും കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്ന് ഇ ഡി. ബിനാമി വായ്പകള്‍ വഴി കോടികള്‍ തട്ടിയവര്‍ പലരും കാണാമറയത്താണ്. അവര്‍ നൂറോളം പേരുണ്ട്. കേരളത്തിനകത്തും പുറത്തും ഇവരില്‍ പലരും ഭൂമി വാങ്ങി.
കരുവന്നൂരിലെ നഷ്ടപ്പെട്ട പണം കണ്ടെത്തണമെങ്കില്‍ ഈ പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. നിലവില്‍ 35 പേരുടെ ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. നൂറോളം പേരുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്വത്തുക്കള്‍ കണ്ടുകെട്ടും. കോടതി അനുമതിയോടെ സര്‍ക്കാരിന് ഈ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇരകള്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ ഉപയോഗപ്പെടുത്താം.
കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്. അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി ഒന്നാം പ്രതി സതീഷ്കുമാര്‍ നടത്തിയ കോടികളുടെ ഇടപാട് സംബന്ധിച്ച രേഖകള്‍ ഇ ഡി കോടതിക്ക് കൈമാറി. പെരിങ്ങണ്ടൂര്‍ സഹ. ബാങ്കിലെ അക്കൗണ്ടിലായിരുന്നു ഈ ഇടപാടുകള്‍.
അരവിന്ദാക്ഷന്റെ അമ്മയുടേതെന്ന പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കില്‍ കണ്ടെത്തിയ അക്കൗണ്ടിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിന് നോമിനിയായി പേരു നല്‍കിയിട്ടുള്ള ശ്രീജിത്തിനെ കഴിഞ്ഞ ദിവസം വിളിപ്പിച്ചു. ഈ അക്കൗണ്ടിലും സതീഷ്കുമാര്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടല്ലെന്നാണ് ഇപ്പോള്‍ അരവിന്ദാക്ഷന് പറയുന്നത്. ബാങ്ക് സെക്രട്ടറി നല്കിയ രേഖകളനുസരിച്ചാണ് ഇത് അരവിന്ദാക്ഷന്റെ അമ്മയുടേതെന്ന നിഗമനമെന്ന് ഇ ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇ ഡി ബാങ്കിനെതിരേ തെറ്റായ കാര്യങ്ങളാണ് കോടതിയില്‍ നല്‍കിയതെന്ന് കാണിച്ച് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹ. ബാങ്കും കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: