കുന്നംകുളം: അറുപത്തഞ്ചാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മുന്നില്‍. ഏഴ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 50 പോയിന്റുമായാണ് പാലക്കാട് കുതിപ്പ് തുടങ്ങിയത്. നാല് സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവുമടക്കം 37 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 22 പോയിന്റുമായി കാസര്‍കോട് മൂന്നാം സ്ഥാനത്തുമാണ്. പതിനേഴു പോയിന്റുമായി മുന്‍ ചാമ്പ്യന്മാരായ എറണാകുളം നാലാം സ്ഥാനത്ത് നില്ക്കുമ്പോള് നാല് പോയിന്റുമായി ആതിഥേയരായ തൃശ്ശൂര്‍ പന്ത്രണ്ടാം സ്ഥാനത്താണ്.
സ്കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരിയാണ് ഒന്നാമത്. രണ്ട് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമടക്കം 18 പോയിന്റുമായാണ് അവര്‍ കിരീടം നിലനിര്‍ത്താനുള്ള കുതിപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.
എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസാണ് രണ്ടാമത്. രണ്ട് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 14 പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്നാമത് കാസര്‍കോട് കുട്ടമത്ത് എച്ച്എസ്എസ് സ്കൂള്‍. രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റ്.
ആദ്യ ദിനം പിറവിയെടുത്തത് രണ്ട് റിക്കാര്‍ഡുകളാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ സര്‍വന്‍. കെ.സിയും സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ സിഎഫ്ഡിഎസിലെ പി. അഭിരാമുമാണ് റിക്കാര്‍ഡുകള്‍ക്ക് അവകാശിയായത്.
രണ്ടാം ദിനമായ ഇന്ന് 22 ഫൈനലുകള്‍ അരങ്ങേറും. മീറ്റിലെ വേഗതയേറിയ താരത്തെയും ഇന്നറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: