കൊച്ചി: വിഴിഞ്ഞത്ത് വികസനത്തിന്റെ പുതുവെളിച്ചം തെളിയുമ്പോള്‍, ഭാരതത്തിലെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ എന്ന ബഹുമതിയില്‍ പടുത്തുയര്‍ത്തിയ വല്ലാര്‍പാടത്തിന്റെ നില പരുങ്ങലില്‍. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ് വല്ലാര്‍പാടമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
‘മദര്‍ഷിപ്പുകള്‍ വരുമെന്ന പതീക്ഷയിലാണ് 12 വര്‍ഷം മുന്‍പ് വല്ലാര്‍പാടം തുറമുഖം ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷ തെറ്റി. മദര്‍ഷിപ്പുകള്‍ വരാനുളള ആഴം പോര്‍ട്ടിന് ഉണ്ടായില്ല. സാധാരണ ഷിപ്പുകള്‍ വരാന്‍വേണ്ട 14.5 മീറ്റര്‍ ആഴം നിലനിര്‍ത്തണമെങ്കില്‍ത്തന്നെ വര്ഷംമുഴുവന് ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ്ങിന് മാത്രം വര്‍ഷം 100 കോടി രൂപയാണ് വല്ലാര്‍പാടത്ത് ചെലവ്. അതുകൊണ്ടു തന്നെ അവിടെ നിരക്ക് കൂടുതലാണ്. ശേഷിയുടെ 12 ശതമാനം മാത്രമേ വല്ലാര്‍പാടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ.’ മാര്‍സ്ക് ഷിപ്പിങ് കമ്പനി മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കെ. നെല്ലുവേലി ജന്മഭൂമിയോട് പറഞ്ഞു.
വിഴിഞ്ഞത്ത് 18 മീറ്റര്‍ സ്വാഭാവികമായി ആഴമുണ്ട്. മദര്‍ഷിപ്പുകള്‍ക്ക് അനായാസം വരാനാവും. ഡ്രഡ്ജിങ് വേണ്ടാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ് വളരെ കുറവായിരക്കും. അതുകൊണ്ടു തന്നെ വല്ലാര്‍പാടത്തെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വിഴിഞ്ഞത്ത് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
വല്ലാര്‍പാടത്തേക്ക് വരുന്ന ഷിപ്പുകള്‍ വേലിയിറക്ക സമയത്ത് കടലില്‍ കുടുങ്ങിക്കിടക്കാറുണ്ട്. വിഴിഞ്ഞത്ത് സ്വാഭാവിക ആഴമുള്ളതിനാല്‍ ഈ തടസമില്ല. അതുകൊണ്ട് സമയലാഭവും കപ്പലുകള്‍ക്കുണ്ട്. വല്ലാര്‍പാടത്ത് നിന്ന് പോകുന്ന ചരക്കിന്റെ നല്ലൊരു പങ്ക് ഇപ്പോള്‍ കൊളംബോയില്‍ നിന്ന് മദര്‍ഷിപ്പിലേക്ക് മാറ്റിയാണ് അയയ്ക്കുന്നത്. ഇതു നിരക്ക് വര്‍ധനയ്ക്കും കാലതാമസത്തിനും കാരണമാകുന്നുണ്ടെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി.
വല്ലാര്‍പാടത്തെ മറ്റൊരു പ്രശ്നം കടലും കായലും കൂടി ചേരുന്നിടത്ത് ചെളി കെട്ടിക്കിടക്കുന്നതാണ്. ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയാലും പെട്ടെന്നുതന്നെ ചെളി മൂടും. വിഴിഞ്ഞത്ത് ഇത്തരം പ്രശ്നങ്ങളില്ല.
ട്രാന്‍സ്ഷിപ്പ്മെന്റ് സൗകര്യമുള്ളതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്തേക്ക് എത്തും. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബിസിനസ് വിഴിഞ്ഞത്തേക്ക് പോകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിലൂടെ വല്ലാര്‍പാടം വലിയ നഷ്ടത്തിലേക്കാകും കൂപ്പുകുത്തുക.
ഇപ്പോള്‍ത്തന്നെ നിരക്കുകളില്‍ വലിയ ഇളവ് നല്‍കിയാണ് വല്ലാര്‍പാടത്തെ നിലനിര്‍ത്തുന്നത്. 10 വര്‍ഷത്തിനിടെ 587 കോടിയുടെ ഇളവാണ് ഇത്തരത്തില്‍ വല്ലാര്‍പാടത്തിനായി കൊച്ചിന് പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഒരേ സ്വഭാവമുള്ള വിഴിഞ്ഞം, കൊളംബോ പോര്‍ട്ടുകള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തിനിടെ ഏറ്റവും പരിക്ക് പറ്റുക വല്ലാര്‍പാടത്തിനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: