കണ്ണൂര്‍: എബിവിപിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തിയ വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ സംഘം ഒന്നര മണിക്കൂറോളം ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടു. കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ടെക്‌സ്റ്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കെ. ആരാധനയെ ആണ് കഴിഞ്ഞ ദിവസം മൂന്ന് മണിമുതല്‍ നാലരവരെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടത്. ആരാധന പ്രിന്‍സിപ്പലിന് പരാതി നല്കി.
എസ്എഫ്‌ഐക്കാരായ നിരഞ്ജന, ഗോപിക, സുകൃത, ആകാശ് ബാബു, അനുപ്രകാശ്, ശാശ്വത്, മാനസ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ പൂട്ടിയിട്ടതെന്ന് ആരാധന പറഞ്ഞു. കേട്ടാലറയ്‌ക്കുന്ന തെറിവിളിച്ച എസ്എഫ്‌ഐ സംഘം കൈയിലിരിക്കുന്ന രാഖി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് പറഞ്ഞു. രക്ഷിതാക്കളെ ഉള്‍പ്പടെ അധിക്ഷേപിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിച്ച് അതിലുള്ള പണമടക്കം കവര്‍ന്നു. പിന്നീട് ബലമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
പെണ്‍കുട്ടിയെന്ന പരിഗണനപോലും നല്കിയില്ല. ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല. മേലില്‍ കാമ്പസിനകത്ത് സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിവാങ്ങാനുള്ള നീക്കവും നടത്തി. പിന്നീട് ഡോര്‍ തള്ളിത്തുറന്ന് രക്ഷപ്പെടുകയായിരുന്നു. നിയമ നടപടിയിലേക്ക് നീങ്ങാനാണ് ആരാധനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: