കൊച്ചി: നടി ആക്രമണക്കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹരജി വിശദവാദത്തിനായി ഒക്ടോബര്‍ 31ലേക്ക് പരിഗണിക്കാന്‍ മാറ്റി. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവുലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് നല്കിയ ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് നല്കിയ ഹരജി വിചാരണക്കോടതി തള്ളിയതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈകോടതി വ്യവസ്ഥവെച്ചിരുന്നതായി ഹരജിയില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യവസ്ഥ ലംഘനം നടന്നിട്ടുണ്ട്. വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്സന് തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹരജി തള്ളിയതെന്ന് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
എന്നാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്ന ആരോപണങ്ങള്‍ക്കപ്പുറം ക്യത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണാ കോടതി ഹര്‍ജി തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചതായുള്ള ചില ശബ്ദസന്ദേശങ്ങള്‍ ഇതിന് തെളിവായി പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയെങ്കിലും അതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്ന് വിചാരണാ കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: