ന്യൂജഴ്സി: അമേരിക്കയിലെ മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി ആന്റ് അസോസിയേറ്റഡ് മെംബേഴ്സിന്റെ (നാമം) ഇന്ത്യയിലെ ലെയ്സൺ ഓഫീസറായി ഗാമ ശ്രീകുമാറിനെ നിയമിച്ചതായി സംഘടനയുടെ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.
നാമം എല്ലാ വർഷവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകിവരുന്ന എക്സലസ് അവാർഡ് 2023 ന് വ്യക്തികളെ പരിഗണിക്കുന്നതിനും അർഹരായവരെ തിരഞ്ഞെടുക്കുന്നതിനും ഇന്ത്യയിലെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് ഗാമ ശ്രീകുമാറിനെ നിയോഗിച്ചിരിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.
ഗാമ അഡ്വർടൈസിംഗ് ഏജൻസി എം.ഡിയായിരുന്ന ഗാമ ശ്രീകുമാർ 25 വർഷത്തിലേറെയായി പരസ്യ – മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്.
അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായ സംരംഭകനും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനും ഗ്രന്ഥകാരനും ഫൊക്കാന മുൻ പ്രസിഡന്റുമായിരുന്ന മാധവൻ ബി നായരുടെ നേതൃത്വത്തിൽ 2010 ൽ തുടക്കം കുറിച്ച സംഘടനയാണ് നാമം. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരികവും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ ഔന്നത്യവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നാമം കലാ സാംസ്കാരിക പരിപാടികളും കൂട്ടായ്മകളും കുടുംബ സംഗമങ്ങളും അവാർഡ് നിശകളും സംഘടിപ്പിച്ചു വരുന്നു.
നാമം അവാർഡ് സമർപ്പണ സമ്മേളനം 2023 ഡിസംബറിൽ ന്യൂജഴ്സിയിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: