തൃശൂര്‍: കൈനൂര്‍ ചിറ കണ്ണീര്‍ച്ചിറയായി. സഹപാഠികളായ നാലു വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം സൃഷ്ടിച്ച ആഘാതത്തില്‍ നാട്ടുകാരും ബന്ധുക്കളും സഹപാഠികളും.
ഇന്നലെ ഉച്ചയോടെയാണ് കൈനൂര്‍ ചിറയില്‍ നാലു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച വിവരം പുറംലോമറിയുന്നത. അപകടത്തില്‍പെട്ടവരുടെ കൂടെയുണ്ടായിരുന്നവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കുമ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. വാര്‍ത്തയറിഞ്ഞതോടെ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.
പീച്ചി ഡാമില്‍ നിന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുന്ന ഭാഗമാണ് കൈനൂര്‍ ചിറ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡാമില്‍ നിന്ന് വര്‍ഷക്കാലത്തും നീരൊഴുക്കുള്ളതിനാല്‍ ഇവിടെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്.
വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന ഇടം കൂടിയാണ്. അതോടൊപ്പം തന്നെ അപകട മേഖലയും.
വെള്ളത്തിനടിയില്‍ പാറക്കല്ലുകള്‍ക്കിടയില്‍ കാലുകുടുങ്ങിയാല്‍ പിന്നെ നീന്തല്‍ അറിയാവുന്നവര്‍ ക്ക് പോലും ഉയര്‍ന്നുവരാന്‍ എളുപ്പമല്ല. മരണം ഉറപ്പാണ്. കുത്തിയൊഴുകുന്ന ജലത്തിലെ ചുഴികളും അപകടക്കെണിയൊരുക്കും. നീന്തല്‍ അരിയാത്തവരും അപരിചിതരായവരും വെള്ളത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ പലപ്പോഴും ഇതൊന്നും പാലിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മരണ വിവരമറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് സംഭവസ്ഥലത്ത് എത്തിയത്.അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തില്‍ പലരും പൊട്ടിക്കരയുകയായിരുന്നു. മൃതദേഹങ്ങള്‍ എത്തിച്ച ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലും പൊട്ടിക്കരയുന്ന സഹപാഠികളെ കാണാമായിരുന്നു.
തൃശ്ശൂര്‍ നഗരത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും ബിബിഎ വിദ്യാര്‍ത്ഥികളുമാണ് മരിച്ച നാല് പേരും. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കൈനൂര്‍ ചിറയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ പക്ഷം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: