തിരുവനന്തപുരം: ”ഈ വെള്ളത്തില്‍ അവരു ചവിട്ടില്ല സാറേ…കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ആരും വീട്ടിനകത്തേക്ക് കയറി വരില്ല. മലിനജലം കെട്ടികിടക്കുന്നിടത്ത് ചവിട്ടില്ല. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു ദൂരെ റോഡില്‍ നിന്ന് നോക്കിയിട്ട് തിരിച്ച് പോയി. ഓരോ വീട്ടിലും കയറി നോക്കിയാലല്ലേ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കാന്‍ പറ്റൂ…” തേക്കുംമൂട് ബണ്ട് കോളനി നിവാസികള്‍ രോഷത്തോടെ പറഞ്ഞു.
അലമാര, കട്ടില്, മേശ, കസേര, ഫ്രിഡ്ജ് തുടങ്ങിയ വെള്ളം കയറി നശിച്ച അനേകം വീടുകളുണ്ട്. നഷ്ടപരിഹാരം നല്കുകയാണെങ്കില് തന്നെ അത് വളരെ തുച്ഛമായിരിക്കും. മലിനജലം കയറി നശിച്ച തുണികള്‍ ഉപയോഗിക്കാനാകില്ല. പലരും വീട്ടുജോലിക്ക് പോകുന്നവരാണ്. വലിയ വലിയ ഫഌറ്റുകളിലെയും ആശ്രുപത്രികളിലെയും കക്കൂസ് മാലിന്യങ്ങള്‍ ആമയിഴഞ്ചാന്‍ തോട്ടിലേക്കാണ് തുറന്ന് വിട്ടിരിക്കുന്നതെന്നും പരിസരവാസികള്‍ ആരോപിക്കുന്നു .
ആമയിഴഞ്ചാന്‍തോട്ടില്‍ മണ്ണും ചെളിയും അടിഞ്ഞ് കൂടി വെള്ളത്തിന് ഒഴുകി പോകാനുള്ള സ്ഥലമില്ലാതായതാണ് വെള്ളം പെട്ടെന്ന് പൊങ്ങാന്‍ ഇടയായത് എന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷാവര്‍ഷം തോട്ടിലെ മണ്ണ് നീക്കാനെന്ന പേരില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ തോട്ടില്‍ നിന്നു കോരുന്ന മണ്ണും ചെളിയും കരയില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍ അടുത്ത മഴയില്‍ ഇവ വീണ്ടും തോട്ടിലേക്ക് തന്നെ ഒലിച്ചിറങ്ങും. തോട്ടില്‍ നിന്നും കോരുന്ന മണ്ണ് വെള്ളം വാര്‍ന്നാല്‍ ഉടനെ തന്നെ മാറ്റിയിരുന്നെങ്കില്‍ വീണ്ടും തോട്ടിലേക്കിറങ്ങി വെള്ളപ്പൊക്കമുണ്ടാക്കില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
രണ്ട് മാസം മുമ്പ് ചെളി മാറ്റാനായി ആമയിഴയാന് തോട്ടില്‍ തൈക്കൂട്ടം പാലത്തിന് സമീപം ഒരു ജെസിബി വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ട് നിര്‍ത്തിയിട്ടിരിക്കുകയാണ്. ആമയിഴഞ്ചാന്‍തോടിന്റെ ആഴം വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗൗരീശപട്ടം ഭാഗത്ത് തൈക്കൂട്ടം പാലത്തിന് സമീപത്തൊന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു തിരിഞ്ഞുപോലും നോക്കിയില്ല എന്ന് പരാതിയുണ്ട്. ഗൗരീശപട്ടത്തും പരിസരത്തുള്ള നിരവധി വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളിലും ഇരുചക്രവാഹനങ്ങളിലും വെളളം കയറി പ്രവര്‍ത്തനരഹിതമായി. കാറുകള്‍ റിക്കവറി വാന്‍ ഉപയോഗിച്ചാണ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയത്.
ഗൗരീശ പട്ടത്ത് ആമയിഴഞ്ചാന്തോട്ടിന് സമീപം താമസിക്കുന്ന സുനിതയുടെ വീട്ടിലെ സാധനങ്ങള്‍ മുഴുവനും നശിച്ചു. മക്കള്‍ രണ്ടു പേരും ദൂരെയാണ്. ഭര്‍ത്താവ് മരിച്ച സുനിത ഒറ്റയ്ക്കാണ് താമസം. വീട്ടുജോലിക്ക് പോയാണ് കഴിയുന്നത്. ബി ജെപി ബൂത്ത് പ്രസിഡന്റ്് ശ്രീജുവിന്റെ നേതൃത്വത്തില്‍ സുനിതയുടെ വീട് വൃത്തിയാക്കി നല്‍കിയത്. അവര്‍ക്കും സമീപത്തുള്ളവര്‍ക്കും ഇന്നലത്തെ ഭക്ഷണവും നല്കി. അധികൃതരാരും ഇതുവരെയും എത്തിയില്ല എന്നും ശ്രീജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: