കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയവരെ പിടികൂടാനാവതെ പോലീസ്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് പ്രധാനകാരണം. പ്രദേശിക സിപിഎം നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികളായ ദമ്പതിമാരും കൂട്ടാളിയും ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതികള്‍ നാട്ടില്‍ തന്നെ ഉണ്ടെന്നാണ് വിവരം. ഡിവൈഎഫ്ഐ മുന്‍ നേതാവ് തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്ണേന്ദു (27), ഭര്‍ത്താവ് സിപിഎം മുന്‍നേതാവ് അനന്തു ഉണ്ണി(29), വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവിലാണെന്ന് തലയോലപ്പറമ്പ് പോലീസ് പറയുന്നത്.
തലയോലപ്പറമ്പ് പഞ്ചായത്തിന്റെ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറായ അനന്തു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കേസിലെ എല്ലാ തെളിവുകളും പരാതിക്കാരന് പോലീസിനെ ഏല്‍പ്പിച്ചിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.
കാര്യമായ വരുമാനമില്ലാത്ത അനന്തു ഉണ്ണിയുടെയും കൃഷ്ണേന്ദുവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ ഒരുവര്‍ഷത്തിനിടെ കോടികളുടെ ഇടപാടുകള്‍ നടന്നതിനെക്കുറിച്ചുള്ള അന്വേഷണവും എങ്ങും എത്തിയില്ല.
സപ്തംബര്‍ 21നാണ് സ്ഥാപനം ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം. രാഗേഷ് പരാതി നല്‍കുന്നത്. തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണേന്ദു. ദേവിപ്രജിത്ത് രണ്ടാം പ്രതിയും. അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവില്‍പോയി. കേസില്‍ അനന്തു ഉണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ലായിരുന്നു.
ഇയാളെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. 2023 ഏപ്രില്‍ മുതല്‍ ഇടപാടുകാര്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ജീവനക്കാരായ കൃഷ്ണേന്ദുവും ദേവിപ്രജിത്തും അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തത്.
ഇതിനായി 55 പണയഉരുപ്പടികളിലാണ് ക്രമക്കേടു നടത്തിയത്. കൃഷണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരില്‍ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വര്‍ണം പണയംവെച്ചതായി കൃതൃമരേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി സ്ഥാപനം നടത്തിയ ഓഡിറ്റില്‍ കണ്ടെത്തുകയായിരുന്നു.
സപ്തംബര്‍ നാലുമുതല്‍ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂര്‍ത്തിയാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ കൃഷ്ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു.
ഇതിനിടെ സപ്തംബര്‍ 30ന് കൃഷ്ണേന്ദുവും അനന്തു ഉണ്ണിയും 47.79 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി, വെട്ടിക്കാട്ടുമുക്കില്‍ ജൂവലറി നടത്തുന്ന വടകര ബിസ്മില്ലാ മന്‍സിലില്‍ എം.പി. ഷുക്കൂറും രംഗത്തെത്തി.
ഈ കേസില്‍ അനന്തു ഉണ്ണിയെയും കൃഷ്ണേന്ദുവിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: