2028 ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റിനൊപ്പം
സ്ക്വാഷ്, ബേസ് ബോള്‍, ലക്രോസ്(സിക്സസ്),
ഫ്ലാഗ് ഫുട്ബോള്‍ എന്നിവയും ഉള്‍പ്പെടുത്തി
ന്യൂദല്‍ഹി: ക്രിക്കറ്റും സ്ക്വാഷും ഉള്‍പ്പെടെ അഞ്ച് കായിക ഇനങ്ങള്‍ കൂടി ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നതിന് ആന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി) അംഗീകാരം നല്കി. 2028ല്‍ അമേരിക്ക ആതിഥേയരാകുന്ന ഒളിംപിക്സിന്റെ 108-ാം പിതിപ്പില് ക്രിക്കറ്റ് ഉണ്ടായിരിക്കും. മുംബൈയില്‍ നടന്നുവരുന്ന 141-ാം ഐഒസി യോഗത്തില്‍ ഇന്നലെയാണ് തീരുമാനം തീര്‍ച്ചപ്പെടുത്തിയത്.
വോട്ടെടുപ്പിനിടാതെ ഐകകണ്ഠേനയാണ് അഞ്ച് മത്സരങ്ങളും ഉള്‍പ്പെടുത്താനുള്ള അംഗീകാരം നല്‍കിയത്. ആറ് ടീമുകള്‍ വീതമുള്ള പുരുഷ വനിതാ വിഭാഗങ്ങളിലായി ട്വന്റി20 ഫോര്‍മാറ്റിലായിരിക്കും മത്സരം സംഘടിപ്പിക്കുക. 2028ല്‍ ലോസ് ആഞ്ചലസ് നഗരം ആണ് വേദി.
ക്രിക്കറ്റിനും സ്ക്വാഷിനും പുറമെ ബേസ്ബോള്‍, ലക്രോസ്(സിക്സസ്), ഫ്ലാഗ് ഫുട്ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് മത്സര ഇനങ്ങള്‍. ക്രിക്കറ്റിന്റെ ട്വന്റി20 ഫോര്‍മാറ്റായിരിക്കും ഒളിംപിക്സിലുണ്ടായിരിക്കുക. ഇതിന് മുമ്പ് 1900ലെ പാരിസ് ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം പിന്നീട് ഇതുവരെ ക്രിക്കറ്റ് ഒളിംപിക്സിന്റെ ഭാഗമാക്കിയിരുന്നില്ല.
ഐഒസി തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ ഗ്രെഗ്ഗ് ബാര്‍ക്ലേ അറിയിച്ചു. ലോകം ശ്രദ്ധിക്കുന്ന കായിക മാമാങ്കവേദിയില്‍ ക്രിക്കറ്റും കൂടി ഉള്പ്പെടാനിടയായാല് അതിന് കൂടുതല്‍ രാജ്യങ്ങളിലെ ആളുകള്‍ ശ്രദ്ധിക്കുമെന്നും അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലോസ് ആഞ്ചലസ് ഒളിംപിക്സ് കൊണ്ട് മാത്രം ക്രിക്കറ്റ് ഒളിംപികിസന്റെ ഭാഗമാക്കാതെ ദീര്‍ഘകാലം ക്രിക്കറ്റ് ഒളിംപിക്സിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യ സ്വര്‍ണം നേടിയത് ബ്രിട്ടന്
1900ലെ പാരിസ് ഒളിംപിക്സില്‍ മാത്രമാണ് ക്രിക്കറ്റ് ഇതിന് മുമ്പ് ഉള്‍പ്പെടുത്തിയത്. ഒളിംപിക്സിന്റെ രണ്ടാം പതിപ്പായിരുന്നു അത്. അന്ന് ഒരേയൊരു മത്സരമാണ് നടന്നത്. ബ്രിട്ടനും ഫ്രാന്‍സും ടെസ്റ്റ് ഫോര്‍മാറ്റില്‍ രണ്ട് ദിന മത്സരമാണ് സംഘടിപ്പിച്ചത്. മത്സരത്തില്‍ ബ്രിട്ടന് ഫ്രാന്‍സിനെ 158 റണ്‍സിന് പരാജയപ്പെടുത്തി സ്വര്‍ണം നേടി. ആതിഥേയരായ ഫ്രാന്‍സ് വെള്ളിയും.
താരങ്ങളുടെ പ്രതികരണങ്ങള്‍…
നീരജ് ചോപ്ര
(ജാവലിന്‍ ത്രോ താരം, ഒളിംപിക്സ് സ്വര്‍ണ ജേതാവ്)
വളരെ വലിയൊരു വാര്‍ത്തയാണിത്. നമുക്ക് ശക്തമായൊരു ക്രിക്കറ്റ് ടീമാണുള്ളത്. വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയിരിക്കുന്ന ക്രിക്കറ്റിന് ലാ28 ഒളിംപിക്സോടെ ലോകത്താകമാനം വലിയ വേരോട്ടമുണ്ടാക്കാന്‍ അവസരമൊരുങ്ങുന്നും നീരജ് ചോപ്ര പറഞ്ഞു.
പി.ആര്. ശ്രീജേഷ്
(ഭാരത ഹോക്കി ടീം ഗോള്‍കീപ്പര്‍, മലയാളി ഒളിംപിക് മെഡല്‍ ജേതാവ്)
പുതിയ തീരുമാനത്തിലൂടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് കായിക താരങ്ങളുടെ ജീവിതം കണ്ടറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്ന് പി.ആര്. ശ്രീജേഷ്. കളിയുടെ ഭാഗമായി മിക്കപ്പോഴും പോഷ് യാത്രകളിലും മറ്റും ഏര്‍പ്പെടുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒളിംപിക് ഗ്രാമങ്ങളില്‍ കായിക താരങ്ങളുടെ ജീവിതം നേരില്‍ കണ്ടറിയാനുള്ള അവസരമാണ് ഇതുഴി സാധ്യമാകുകയെന്നും ശ്രീജേഷ് പ്രതികരിച്ചു.
ജൂലന്‍ ഗോസ്വാമി
(ഭാരത വനിതാ ക്രിക്കറ്റ് പേസ് ബോളര്‍)
നിലവില്‍ ക്രിക്കറ്റര്‍മാര്‍ ലോകകപ്പ് ആണ് ഏറ്റവും വലിയ മത്സരമായി കാണുന്നത്. ഇനി ഒളിംപിക്സിന് വേണ്ടിയും ഒരുങ്ങിത്തുടങ്ങാം. ലാ28ല്‍ ഭാരതത്തിന് വേണ്ടി പുരുഷ, വനിതാ ടീമുകള്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹര്‍മന്‍പ്രീത് കൗര്‍
(ഭാരത വനിതാ ക്രിക്കറ്റ് ടീം നായിക)
ക്രിക്കറ്റര്‍മാരും ഒളിംപിക്സിന്റെ ഭാഗമാകുന്നത് വലിയ അല്‍ഭുതത്തോടെയാണ് ഏറ്റെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ നമ്മളെങ്ങനെയാണോ പൊരുതി നേടിയത്. അതേ പ്രകടനമികവ് ലാ28ലും ആവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: