ലഖ്നൗ: മുന്‍ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. അഞ്ച് തവണ ലോകകിരീടം നേടിയ ഓസീസ് ടീം 13-ാം ലോകകപ്പില്‍ നേടുന്ന ആദ്യ ജയമാണിത്. ആദം സാംപയുടെ സ്പിന്‍ ബോളിങ്ങും മിച്ചല്‍ മാര്‍ഷും(52), ജോഷ് ഇന്ജ്ലിസും നേടിയ അര്‍ദ്ധ സെഞ്ചുറിയുടെയും ബലത്തിലാണ് ഓസീസ് ടീം വിജയിച്ചത്.
സ്കോര്‍: ശ്രീലങ്ക- 209(43.3), ഓസ്ട്രേലിയ- 215/5(35.2)
ശ്രീലങ്ക മുന്നില്‍ വച്ച 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയന്‍ നിരയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ലഖ്നൗവിലെ പിച്ചില്‍ ഓസീസ് ശരിക്കും വിയര്‍ത്താണ് ഒരുവിധത്തില്‍ വിജയം കൈക്കലാക്കിയത്. അഞ്ച് വിക്കറ്റും 88 പന്തുകളും ബാക്കിവച്ചാണ് ഓസ്ട്രേലിയ വിജയിച്ചത്. പക്ഷെ ഇടയ്ക്കിടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് അല്‍പ്പം ആശങ്ക സൃഷ്ടിച്ചുകൊണ്ടിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 11 റണ്‍സെടുത്ത് മടങ്ങി. ദില്ഷന് ഷനകയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടുപുറകെ സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്തായി ഓസീസ് അല്പമൊന്ന് പതറി.
മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും മാര്‍നസ് ലഭൂഷെയ്നും ചേര്‍ന്ന് ഇന്നിങ്സ് അപകടമില്ലാതെ മുന്നോട്ട് കൊണ്ടുപോയി. പക്ഷെ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ അനുവദിച്ചില്ല. 81 റണ്‍സെടുത്തപ്പോഴേക്കും മാര്‍ഷ് റണ്ണൗട്ടായി. പിന്നീട് ലഭൂഷെയ്നൊപ്പം ചേര്‍ന്ന ജോഷ് ഇന്ജ്ലിസ് മികച്ച പ്രകടനവുമായി ഓസീസിനെ ആശ്വാസ തീരത്തേക്ക് നയിച്ചു. അധികം പന്ത് പാഴാക്കാതിരുന്ന താരം റണ്‍നിരക്ക് താഴാതെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. നാലാമനായി 40 റണ്‍സെടുത്ത് ലഭൂഷെയ്ന്‍ പുറത്തായി. ഓസീസ് വിജയം ഉറപ്പാക്കി ഇന്ജ്ലിസ് പുറത്താകുമ്പോള്‍ ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വെറും 18 റണ്‍സ്. പിന്നീട് ഗ്ലെന്‍ മാക്സ് വെല്ലും(31) മാര്‍കസ് സ്റ്റോയിനിസും(20) ചേര്‍ന്ന് വിജയ തീരമെത്തിച്ചു. 36-ാം ഓവറിന്റെ രണ്ടാം പന്തില്‍ സിക്സറടിച്ച് സ്റ്റോയിനിസാണ് കളി പൂര്‍ത്തിയാക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്ക 25 ഓവറുകള്‍ പിന്നിടും വരെ ശക്തമായ നിലയിലായിരുന്നു. 28-ാം ഓവറില്‍ രണ്ടിന് 165 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ടീമിനെ ആദം സാംപയുടെ സ്പിന്‍ ബോളിങ്ങാണ് തകര്‍ത്ത്. പിന്നീട് ലങ്കന്‍ ബാറ്റര്‍മാര്‍ 44 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ തകര്‍ന്നുവീണു. പതും നിസങ്കയുടെയും(61) കുസാല്‍ പെരേരയുടെയും(78) അര്‍ദ്ധസെഞ്ചുറി മികവില്‍ 125 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് പടുത്ത ലങ്കയ്ക്ക് ഓസീസ് നായകന് പാറ്റ് കമിന്‍സാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീട് ആദം സാംപ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എട്ട് ഓവറുകളില്‍ ഒരു മെയ്ഡന്‍ അടക്കം 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ആദം സാംപ വീഴ്ത്തി. താരത്തിന്റെ മാരക സ്പിന്‍ ബോളിങ്ങാണ് ലങ്കയെ തച്ചുടച്ചത്. ഓപ്പണര്‍മാര്‍ക്ക് ശേഷം ലങ്കന്‍ നിരയില്‍ ചരിത് അസലങ്ക(25) മാത്രമാണ് രണ്ടക്കം കടന്നത്.
ആദം സാംപയാണ് കളിയിലെ താരം. ഓസീസ് ബോളര്‍മാരായ മിച്ചല്‍ സ്റ്റാര്‍കും കമ്മിന്‍സും രണ്ട് വീതം വിക്കറ്റുകളും ഗ്ലെന്‍ മാക്സ്വെല് ഒന്നും വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: