നാമക്കല്‍: നവജാതശിശുക്കളെ വില്‍പ്പന നടത്തിയ സംഭവത്തില്‍ വനിതാ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റില്‍. ദരിദ്ര ദമ്പതികളില്‍ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി വില്‍പ്പനയ്ക്ക് ഇടനില നിന്ന ടി. ലോകാംമ്പാള്‍ എന്ന സ്ത്രീ സനാര്പാളയത്തു നിന്നാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥനത്തില്‍ തിരുച്ചെങ്കോട് ജില്ലാ ആശുപത്രിയിലെ ഡോ. അനുരാധയും (49) അറസ്റ്റിലായി. ഡോ. അനുരാധയെ സര്‍വീസില്‍ നിന്നു പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
രണ്ടു കുട്ടികളുളള അമ്മമാരുടെ അടുത്തേക്ക് സഹായിയായ ലോകമ്മാളിനെ അയക്കും. ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ നിരക്കില്‍ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഇങ്ങനെ ഏഴു കുഞ്ഞുങ്ങളെ കൈമറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴിയെന്ന് പൊലീസ് പറഞ്ഞു.
ദിനേശ് എന്ന ചെറുപ്പക്കാരന് തിരുച്ചെങ്കോട് ജില്ലാ കളക്ടര്‍ എസ്. ഉമയ്ക്കു നല്കിയ പരാതിയില്‍ നിന്നാണ് അന്വേഷണത്തിന്റെ തുടക്കം. ദിനേശിന്റെ ഭാര്യയുടെ പ്രസവത്തിനു തൊട്ടു പിന്നാലെ കുഞ്ഞിന്റെ ആരോഗ്യ നില വഷളായി. കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മാറ്റി തിരുച്ചെങ്കോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് നഴ്സ് എന്നു പരിയപ്പെടുത്തി ലോകാംമ്പാള്‍ ദിനേശിനോട് രണ്ടു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്ക്കുന്നോ എന്നു ചോദിച്ചു. ദിനേശ് ഉടന്‍ തന്നെ കളക്ടര്‍ക്ക് പരാതി നല്കി.
കളക്ടറുടെ നിര്‍ദേശമനുസരിച്ച് തിരുച്ചെങ്കോട് ഡിസിപി ഇമയവരമ്പന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് ഇരുവരേയും പിടികൂടിയത്. ഡോ. അനുരാധയുടെ സഹായത്തോടെ തിരുച്ചിറപ്പള്ളി, തിരുനല്‍വേലി ജില്ലകളില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഏഴു കുഞ്ഞുങ്ങളെ വിറ്റെന്ന് ലോകാംമ്പാള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്ത് സേലം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: