വട്ടവട(ഇടുക്കി): വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് ശിക്ഷാ സ്വാസ്ഥ്യ ന്യാസ്. വട്ടവട ഭാസ്കര്‍ റാവു മെമ്മോറിയല്‍ ആശുപത്രിഹാളില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനവാസി ക്ഷേമപ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ശിക്ഷാ സ്വാസ്ഥ്യ ന്യാസ് പ്രവര്‍ത്തിക്കുന്നത്.
വനവാസി ഗോത്രവിഭാഗത്തിലെ കുട്ടികളില്‍ കൂടുതല്‍ പഠനത്തിനുള്ള താത്പര്യം സൃഷ്ടിക്കാനും അവരുടെ പ്രതിഭയെ പ്രോത്സാഹിപ്പിക്കാനുമുള്ള കര്‍മ്മ പദ്ധതിക്ക് യോഗം രൂപം നല്കി. കുട്ടികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് പരിശീലന പരിപാടികളും നടത്തും. ഇതോടൊപ്പം ഗോത്രസമൂഹത്തിന്റെ ആരോഗ്യ രക്ഷയ്ക്കായി ആരോഗ്യ സംരക്ഷണ ബോധവത്കരണ പരിപാടികളും നടത്തും. രാഷ്ട്രം ജനജാതി ഗൗരവ് ദിവസമായി ആഘോഷിക്കുന്ന വീര ബിര്‍സാമുണ്ടയുടെ ജന്മദിനമായ നവംബര്‍ 15ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.
യോഗം സംസ്ഥാന സമിതിയംഗം അശോകന് കാന്തല്ലൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്, സംയോജകന്‍ ജോബി ബാലകൃഷ്ണന്, സഹസംയോജകന് ഡോ. ബാല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: