സച്ചിദാനന്ദ സ്വാമി
(പ്രസിഡന്റ്, ശിവഗിരി മഠം)
ഭാരതീയരുടെ ദേശീയോത്സവങ്ങളില്‍ പരമപ്രധാനമാണ് നവരാത്രി മഹോത്സവം. ഒന്‍പത് ദിവസം ശക്തിസ്വരൂപിണിയായ ദേവിയെ ഉപാസിച്ചാരാധിക്കുന്നു. സര്‍വ്വവിധ കലകളുടേയും അധിനായികയാണ് ദേവി. ശക്തിസ്വരൂപിണിയായ ദേവി ശക്തനായ ദേവനോടൊപ്പം ചേരുമ്പോഴാണ് ജഗത്തില്‍ സൃഷ്ടിയും സ്ഥിതിയും. ശിവഗിരിയില്‍ ഗുരുദേവന്‍ ശ്രീശാരദാംബികയെ പ്രതിഷ്ഠിച്ച് ലോകരെ അനുഗ്രഹിച്ചു.
ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന അവസരങ്ങളില്‍ ദര്‍ശനാര്‍ത്ഥം എത്തിച്ചേരുന്നവരോട് അവിടുന്ന് ചോദിക്കുമായിരുന്നു; ‘നിങ്ങള്‍ നമ്മുടെ അമ്മയെ കണ്ടുവോ?’ എന്ന്. ഒരു അമ്മ ശരീരധാരണം ചെയ്ത് ശിവഗിരിയുടെ താഴ്‌വരയില്‍ വിശ്രമിക്കുന്നതുപോലെയായിരുന്നു മഹാഗുരുവിന്റെ സങ്കല്പവും തിരുവചനങ്ങളും. ഒരിക്കല്‍ സി.വി. കുഞ്ഞുരാമന്‍, സി.കേശവന്‍, സഹോദരന്‍ അയ്യന്‍ എന്നിവര്‍ അല്‍പ്പം ആശങ്കയോടെ ഈ സാന്നിദ്ധ്യത്തെക്കുറിച്ച് ഗുരുദേവനോട് സംസാരിച്ചപ്പോള്‍, ഗുരുദേവന്‍ അവരെ ശാരദാമഠത്തില്‍ കൂട്ടിക്കൊണ്ട് പോയി സംശയം തീര്‍ത്തു എന്നും ചരിത്രമുണ്ട്.
ഇന്നും ശിവശിരിയിലെത്തുന്ന ജനലക്ഷങ്ങള്‍ക്ക് ശ്രീശാരദദാംബിക വരദായിനിയാണ്. കുട്ടികളുടെ വിദ്യാരംഭം, അന്നപ്രാശനം, നാമകരണം എനിവയാണ് ശാരദാമഠത്തില്‍ പ്രധാനം. സാധാരണ ക്ഷേത്രങ്ങിലെന്നപോലെ അഭിഷേകവും നിവേദ്യവും വൈദിക താന്ത്രികപൂജകളും ഗുരുദേവന്‍ വിധിച്ചിട്ടില്ല. വിദ്യാദേവതയായ ശ്രീശാരദാംബികയുടെ 108 മന്ത്രം ചൊല്ലി അര്‍ച്ചന ചെയ്യാം. വിദ്യാദേവതയെ പൂജിച്ചാരാധിക്കുന്നവര്‍ക്ക് വിദ്യാലാഭമുണ്ടാക്കുക എന്ന സങ്കല്പത്തില്‍ തൂലിക (പേന) ഇവിടെ നിന്നും പ്രസാദമായി ഇപ്പോള്‍ നല്‍കാറുണ്ട്. ശ്രീശാരദാ പ്രതിഷ്ഠാവേളയില്‍ ഗുരുദേവ ശിഷ്യനായ ശിവപ്രസാദ് സ്വാമികള്‍ ‘നോക്കുകില്‍ പേന രാജ്യം ഭരിക്കുന്നു’ എന്നെഴുതിയത് ശ്രീ ശാരദയുടെ മഹിതമായ സങ്കല്പത്തിലാണ്.
ശാരദാമഠത്തോട് ചേര്‍ന്ന് നവരാത്രിക്ക് നടത്തുന്ന കാവ്യാര്‍ച്ചന പ്രസിദ്ധമാണ്. 9 ദിവസവും വിവിധ കലകളില്‍ പ്രാവീണ്യം സിദ്ധിച്ചവര്‍ ഇവിടെ കലകളുടെ അരങ്ങേറ്റം നടത്തുന്നു. രാവിലെ മുതല്‍ രാത്രിവരെ ഈ കാവ്യകലാര്‍ച്ചന തുടരും. ‘സംഗീതമചി സാഹിത്യം സദസ്വത്യാസ്തനദ്വയം’ സംഗീതവും സാഹിത്യവും ദേവിയുടെ രണ്ട് സ്തനങ്ങളാണെന്ന് പൗരാണിക സങ്കല്പം ശാരദാ ദേവിയിലും സന്നിവേശിപ്പിച്ചിട്ടുണ്ട്. സാധാരണ സരസ്വതി സങ്കല്പ്പത്തില്‍ ദേവിയുടെ നാലുകൈകളിലൊന്നില്‍ വീണയാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ഗുരുദേവന്‍, ‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍’ എന്ന ദര്‍ശന പ്രകാരം വീണയ്‌ക്കു പകരം ദേവിയുടെ തൃക്കൈയില്‍ പുസ്തകം നല്‍കിയിരിക്കുന്നു. നാലുകൈകളില്‍ കൊടുത്തിരിക്കുന്ന പുസ്തകം, കലശം, കിളി, ചിന്‍മുദ്ര എന്നതിനെ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളുമായി സമന്വയിപ്പിക്കാറുണ്ട്. അര്‍ത്ഥത്തിനും കാമത്തി
നും മോക്ഷത്തിയും അടിസ്ഥാനമായ തത്ത്വം ധര്‍മ്മമാകുന്നു. അതായത് വിദ്യയാകുന്നു. രാഷ്‌ട്രമീമാംസകന്‍ കൂടിയായ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തെ വിഭാവനം ചെയ്തപ്പോള്‍ അഷ്ടാംഗങ്ങളില്‍ ഒന്നാമതായി നല്‍കിയിരുന്നത് വിദ്യാഭ്യാസത്തെയാണല്ലോ.
ശാരദാമഠത്തിലെ പ്രധാനസങ്കല്‍പ്പമായിരിക്കുന്നത് വിദ്യാരംഭമാണ്. സാധാരണ ദിവസങ്ങളില്‍ നിരവധി വിദ്യാരംഭങ്ങള്‍ ശാരദാമഠത്തില്‍ നടത്തി വരുന്നു. നവരാത്രിയ്‌ക്ക് പൂജവയ്‌പ്പും ദേവിയുടെ നാമാര്‍ച്ചനയും തുടര്‍ന്ന് വിജയദശദി നാളില്‍ വിദ്യാരംഭവും അതിയായി ആയിരക്കണക്കിയാളുകള്‍ ഇവിടെ വന്നുചേരുന്നു. ശിവഗിരി മഠത്തിലെ ഗുരുവിന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട സംന്യാസിമാരാണ് വിദ്യാരംഭത്തിന് നേതൃത്വം നല്‍കുന്നത്.
ശാരദാപ്രതിഷ്ഠ 1912 മേയ് 1 നായിരുന്നു. പ്രതിഷ്ഠാനന്തരം ഗുരുദേവന്‍ വിദ്യാര്‍ത്ഥി സമ്മേളനം, സ്ത്രീ സമ്മേളനം, എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്‌പോട്‌സും ഗെയിംസും നമ്മുടെ രാജ്യം ചിന്തിക്കുന്നതിനും മുമ്പ് ഗുരുദേവന്‍ ഇതൊക്കെ ശാരദാമഠത്തില്‍ പ്രായോഗികമാക്കി. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയ്‌ക്കും പ്രാധാന്യം നല്‍കി. അമ്പലത്തില്‍ തൊഴാന്‍ പോകുന്നയാള്‍ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ ശീലിയ്‌ക്കണമെന്ന് പറയുവാന്‍ ഒരു ഗുരുവിനെ മാത്രമേ ചരിത്രത്തില്‍ കാണാനാവൂ. ഗുരുവിന്റെ ചിന്ത അത്രയും പരിഷ്‌കൃതമായിരുന്നു. ഈ 2023 ല്‍ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയാല്‍ തുടര്‍ന്ന് ലക്ഷാര്‍ച്ചനയോ കോടിയര്‍ച്ചനയോ സപ്താഹമോ അഷ്ടദ്രവ്യ ഗണപതി ഹോമമോ മറ്റോ നടത്താനുള്ള പരിഷ്‌കൃതമേ നമ്മുടെ നാടിന് ഇന്നും വന്നിട്ടൂള്ളൂ എന്ന സത്യം നാം ഓര്‍ക്കണം. ശ്രീനാരായണഗുരു ഒരു രാജ്യത്തിന്റെ സമഗ്ര വികസയത്തിനായി ആവശ്യമായ പദ്ധതികള്‍ ഒരു രാഷ്‌ട്രടീമീമാംസകനെപ്പോലെ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി പ്രായോഗികമാക്കി കാണിച്ചു കൊടുത്തു. ഗുരുദേവനെ നവോത്ഥാനത്തിന്റെ സാമൂഹിക ആത്മീയ വിപ്ലവത്തിന്റെ പിതാവായി കാണുമ്പോള്‍ അത് മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിച്ചു തന്നെയിരുന്നു. ശാരദാപ്രതിഷ്ഠാവാര്‍ഷികത്തിന് ചിത്രാപൗര്‍ണ്ണമിയോട് ചേര്‍ന്ന് മൂന്ന് ദിവസത്തെ വിജ്ഞാനദാന യജ്ഞം ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത് നടത്തുന്നു. ഉത്സവത്തിന് പകരമാണ് മൂന്നു ദിവസത്തെ ഈ വിജ്ഞാനയജ്ഞം. ഗുരുദേവ ഭക്തര്‍ക്ക് കുടുംബസമേതം ശിവഗിരിയില്‍ താമസിച്ച് ഈ പഠനം നടത്താം.
ഗുരുദേവന്‍ ശ്രീശാരദയെ സങ്കല്‍പ്പിച്ചുകൊണ്ട് രചിച്ച കൃതിയാണ് ജനനീ നവരത്‌ന മഞ്ജരി. 9 ശ്ലോകങ്ങളുള്ള ഈ കൃതി മലയാളഭാഷയ്‌ക്ക് ലഭിച്ച വരദാനദാണ്. അതിലെ ഒരു ശ്ലോകം ഉദ്ധരിക്കാം.
മീനായതും ഭവതി മാനായതും ജനനി
നീ നാഗവും നഗഖഗം
നീനാമരൂപമതില്‍ നാനാവിധ പ്രകൃതി
മാനായി നിന്നറിയൂമീ
ഞാനായതും ഭവതി ഹേ നാദരൂപിണി
അഹോ! നാടകം നിഖിലവും
ഇതാണ് ശുരുവിന്റെ ശാരദാസങ്കല്‍പ്പം. മീയായതും മാനായതും പക്ഷിയായതും ഓടുന്നതും ഇഴയുന്നതും നരയും നാരിയും സ്വര്‍ഗ്ഗവും നരകവും ദേവനും അസുരനും എന്ന് വേണ്ട സൗരയൂഥാദി സകലപ്രപഞ്ചവും ഒരേ ഒരു സത്യം തന്ന. ദൈവത്തില്‍ നിന്നും ദേവിയില്‍ നിന്നും ഭിന്നമായി ഇവിടെ യാതൊന്നുമില്ല. അതാണ് പരമമായ അദൈ്വതാവസ്ഥ. ശാരദാമഠത്തിലെ സമാരാധനയില്‍ നിന്ന് ഈ തത്വമാണ് നാം സാക്ഷാത്ക്കരിക്കേണ്ടത്.
ഗുരുദേവന്‍ അവിടത്തെ അനന്തരഗാമിയായി ശിഷ്യപ്രമുഖന്‍ ബോധാനന്ദ സ്വാമികളെ അഭിഷേകം ചെയ്തത് വിജയദശമിക്കായിരുന്നു. അതുപോലെ പല ശിഷ്യന്‍മാര്‍ക്കും സംന്യാസദീക്ഷ നല്‍കിയതും. മാത്രമല്ല ശിഷ്യസംഘമായ ശ്രീനാരായണ ധര്‍മ സംഘത്തിന്റെ വാര്‍ഷികവും നവരാത്രികാലത്തെ വിജയദശമി തന്നെ. ഈ വര്‍ഷം ധര്‍മ്മസംഘത്തിന്റെ 96ാമത് വാര്‍ഷികം വിജയദശമിക്ക് നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. അന്നുതന്നെ പൂജയെടുപ്പും വിദ്യാരംഭവും. ഏവര്‍ക്കും വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക