ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മീഡിയ സെല്‍ വൈസ് പ്രസിഡന്റ് രാജിവച്ചു.
പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ അവഗണിച്ചെന്നാരോപിച്ചാണ് കോണ്‍ഗ്രസ് മീഡിയ സെല്‍ വൈസ് പ്രസിഡന്റായ അജയ് സിങ് യാദവ് സ്ഥാനം രാജിവച്ചത്. രാജി സമര്‍പ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന് അയച്ച കത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് അജയ് സിങ് ഉന്നയിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ ഇത്തവണ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഈ തീരുമാനം അനീതിയാണെന്ന് അജയ് സിങ് പറയുന്നു.
ടികംഗഡ് ജില്ലയിലെ 70 ശതമാനത്തിലധികം വോട്ടര്‍മാരും പിന്നാക്ക വിഭാഗത്തില്‍പെട്ടവരാണ്. എന്നാല്‍ ഈ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളായി പ്രത്യേക ജാതിയില്‍ നിന്നുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവരുടെ എണ്ണം രണ്ട് ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഈ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും വീണ്ടും സീറ്റ് നല്‍കിയതിനെ പിന്തുണയ്ക്കാന്‍ കഴിയില്ല.
പിന്നാക്ക വിഭാഗത്തില്‍ പെട്ടതായതാണോ തങ്ങളുടെ തെറ്റ്. തന്റെ മുത്തച്ഛന്, അന്തരിച്ച മുന്‍ എംഎല്‍എ താക്കൂര്‍ദാസ് യാദവ് ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനുവേണ്ടിയാണ് ജീവിച്ചത്.
ഈ അനീതിയില്‍ താന്‍ ശരിക്കും നിരാശനാണ്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മീഡിയ സെല്‍ വൈസ് പ്രസിഡന്റ് സ്ഥാനവും പിസിസി ഭാരവാഹിത്വവും രാജിവയ്ക്കുകയാണെന്നും അജയ് സിങ് യാദവ് കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: