തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കെ.ടി ജലീലുമടക്കം ഏഴ് പ്രതികള്‍ കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികള്‍ ഹാജരായത്.
ഏകപക്ഷീയമായിട്ടാണ് ഈ കേസ് തങ്ങള്‍ക്കെതിരെ ചുമത്തിയതെന്ന് കോടതിയില്‍ ഹാജരായ ശേഷം ഇ.പി.ജയരാജന്‍ പ്രതികരിച്ചു. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ വലിയ അതിക്രമമാണ് കാണിച്ചത്. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ തങ്ങള്‍ നോക്കിനില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജന്‍ ചോദിച്ചു.
സ്ത്രീകളെ ഉൾപ്പടെ കയ്യേറ്റം ചെയ്തു. അതിനെ പൂർണമായും നിരാകരിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ഏകപക്ഷീയമായി കേസെടുത്തത്. തെറ്റ് ചെയ്തില്ലെന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും. പോലീസിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ ചില രേഖകൾ ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഈ രേഖകൾ നൽകാൻ കോടതി നിർദേശം നൽകി.
കേസിലെ വിചാരണ ഒഴിവാക്കാൻ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. മ്യൂസിയാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി തുടരന്വേഷണം നടത്തിയെങ്കിലും പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം പ്രകാരമായിരിക്കും വിചാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: