Categories: Kerala

തുലാമാസ പൂജ; ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി; ബുക്കിംഗിനായി ഈ നമ്പറുകളില്‍ ബന്ധപ്പെടൂ

Published by

ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. 18-ാം തീയതി മുതല്‍ 22-ാം തീയതി വരെയാണ് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്‌ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യല്‍ ബസുകളും, മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത യൂണിറ്റുകളില്‍ നിന്ന് സര്‍വ്വീസുകള്‍ ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെഎസ്ആര്‍ടിസി പമ്പ: 0473 5203445, തിരുവനന്തപുരം: 0471 2323979, കൊട്ടാരക്കര: 0474 2452812, പത്തനംതിട്ട: 0468 2222366.

തുലാമാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18-ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്കുശേഷം നടക്കും. മേല്‍ശാന്തി നറുക്കെടുപ്പിനുള്ള പട്ടികയില്‍ ശബരിമലയിലേക്ക് 17, മാളികപ്പുറത്തേക്ക് 12 പേരാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വര്‍മയും നറുക്കെടുക്കും. പന്തളം വലിയ തമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മയുടെ അംഗീകാരത്തോടെ കൊട്ടാരം നിര്‍വാഹകസംഘം ഭരണസമിതിയാണു കുട്ടികളെ തെരഞ്ഞെടുത്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by