ഡെറാഡൂൺ: ദൽഹിയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഉത്തരാഖണ്ഡിലെ പിത്താരഗഡിന് സമീപമാണ് ഭൂചലനം ഉണ്ടായത്.
രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വടക്ക് കിഴക്കൻ പിതോർഗഡിൽ നിന്നും 40 കിലോ മീറ്റർ അകലെ ആയി അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിക്കുന്നത്. ഇന്നലെ വൈകീട്ട് ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരാഖണ്ഡിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ദൽഹിയിൽ ഇന്നലെ അനുഭവപ്പെട്ടത്. ഇതിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
ഹരിയാനയിലെ ഫരീദാബാദിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒക്ടോബർ നാലിന് നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദൽഹിയിലും ഉത്തരാഖണ്ഡിലും അനുഭവപ്പെട്ടിരുന്നു. തുടർച്ചയായി ശക്തമായ ഭൂചലനം ഉണ്ടാകുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: