കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് മഹത്തായ കുതിപ്പുകള്‍ സമ്മാനിക്കുന്ന വിഴിഞ്ഞം തുറമുഖം ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കേരളത്തിലെ മതപരവും രാഷ്ട്രീയ-ഭരണതലത്തിലുള്ള എതിര്‍പ്പുകളെയും അട്ടിമറികളെയുമൊക്കെ മറികടന്നാണ് ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചരക്കു കപ്പലുകളടുക്കാന്‍ ഇനിയും കുറച്ചുനാള്‍കൂടി കാത്തിരിക്കേണ്ടി വരുമെങ്കിലും തുറമുഖ നിര്‍മാണം തൊണ്ണൂറു ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടും കാല്‍നൂറ്റാണ്ടുകാലം ഇഴഞ്ഞുനീങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടിയത് 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെയാണ്. പദ്ധതിക്ക് തുടക്കംകുറിച്ചത് ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്താണെങ്കിലും തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മും ഇടതുപാര്‍ട്ടികളും രൂക്ഷമായി എതിര്‍പ്പുമായി രംഗത്തെത്തി. ഇത് വകവയ്ക്കാതെ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ പദ്ധതിക്ക് തറക്കല്ലിട്ടു. എന്നാല്‍ അയ്യായിരം കോടിയുടെ അഴിമതി നടത്താന്‍ നിര്‍മാണച്ചുമതലയുള്ള അദാനി ഗ്രൂപ്പിന് അവസരമൊരുക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തി പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷമായ സിപിഎമ്മും ഇടതുമുന്നണിയും ശ്രമിച്ചു. ഇതിനു വേണ്ടി ഒരു അന്വേഷണ കമ്മീഷനെ വയ്ക്കുകയും, അഴിമതിയാരോപണം ശരിവയ്ക്കുകയും ചെയ്തു. ഒരു കാരണവശാലും പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎമ്മും, അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനും സ്വീകരിച്ചത്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതിനെ പല രാജ്യങ്ങളും എതിര്‍ത്തിരുന്നു എന്നത് ഒരു വസ്തുതയാണ്. മദര്‍ഷിപ്പുകള്‍ക്ക് വന്നുപോകാന്‍ കഴിയുന്ന അന്താരാഷ്ട്ര തുറമുഖമായി വിഴിഞ്ഞം മാറുന്നത് തങ്ങളുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാവുമെന്ന് ഈ രാജ്യങ്ങള്‍ ഭയന്നു. ഇപ്പോള്‍ ശ്രീലങ്കയെയും മറ്റും കേന്ദ്രീകരിച്ചുള്ള ചരക്കുനീക്കങ്ങള്‍ വിഴിഞ്ഞത്തേക്ക് മാറും. വിഴിഞ്ഞത്ത് ഒരു കാരണവശാലും അന്താരാഷ്ട്ര തുറമുഖം വരരുത് എന്ന ഗൂഢലക്ഷ്യത്തോടെ പദ്ധതി പ്രവര്‍ത്തനത്തെ വച്ചുതാമസിപ്പിക്കാനും അട്ടിമറിക്കാനും ദുബായ് പോര്‍ട്ടും മറ്റും കുത്സിതമായ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണമുയര്‍ന്നു. ഇവരില്‍നിന്ന് പണം കൈപ്പറ്റിയാണ് പരിസ്ഥിതി നാശത്തിന്റെയും മറ്റും പേരുപറഞ്ഞ് വിഴിഞ്ഞത്ത് ഒരു പ്രത്യേക മതനേതൃത്വം ശക്തമായ സമരങ്ങള്‍ അഴിച്ചുവിട്ടത്.
നിര്‍മാണച്ചുമതലയുള്ള അദാനിഗ്രൂപ്പില്‍നിന്ന് കിട്ടാവുന്ന എല്ലാ സഹായങ്ങളും വാങ്ങിയെടുത്തശേഷവും കുടിയൊഴിപ്പിക്കലിന്റെയും പുനരധിവാസത്തിന്റെയും പേര് പറഞ്ഞ് അക്രമാസക്തമായ സമരങ്ങള്‍ നടത്തി. പോലീസ് സ്റ്റേഷന് ആക്രമിച്ചു തകര്‍ക്കുന്ന സ്ഥിതിവരെ കാര്യങ്ങളെത്തി. വികസന വിരുദ്ധവും രാജ്യദ്രോഹപരവുമായ ഈ സമരത്തോട് ഇടതുമുന്നണി സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസ്സും യുഡിഎഫും ഈ സമരത്തിന് പൂര്‍ണ പിന്തുണ നല്കി. വിഴിഞ്ഞം തുറമുഖം എത്രയും വേഗം യാഥാര്‍ത്ഥ്യമാവണമെന്ന നിലപാടുമായി എല്ലാക്കാലത്തും അതിനൊപ്പം നിന്നത് ബിജെപി മാത്രമാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ പാര്‍ട്ടി ജനമധ്യത്തില്‍ തുറന്നു കാട്ടുകയും ചെയ്തു.
ഇപ്പോള്‍ യാതൊരു ലജ്ജയുമില്ലാതെയാണ് വികസനത്തിന്റെ വക്താക്കള്‍ ചമഞ്ഞ് വിഴിഞ്ഞം പദ്ധതിയുടെ ബഹുമതി തട്ടിയെടുക്കാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്. വികസന വിരുദ്ധതയുടെ ജനിതക വൈകല്യം പേറുന്ന പാര്‍ട്ടിയാണ് സിപിഎം. മറ്റുള്ളവര്‍ കൊണ്ടുവരുന്ന വികസന പദ്ധതികളെ പൂര്‍ണമായും എതിര്‍ക്കുക. എന്നിട്ട് തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ അവയൊക്കെ സ്വന്തം നേട്ടമായി ചിത്രീകരിക്കുക. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും നെടുമ്പാശ്ശേരി-കണ്ണൂര്‍ വിമാനത്താവളങ്ങളുടെയും ഗെയ്ല് പാചകവാതക പൈപ്പ് ലൈനിന്റെയും മറ്റും കാര്യത്തില്‍ കേരളം ഈ ഇടതുകാപട്യം കണ്ടതാണ്. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ ചുമതലയുള്ള കമ്പനി അദാനി എന്ന ഹിന്ദുനാമധാരിയുടേതായതിനാല്‍, അത് അനുവദിക്കാനാവില്ലെന്നു പറഞ്ഞ ജിഹാദി ശക്തികളെയും ഇടതുപാര്‍ട്ടികള്‍ ഒപ്പംകൂട്ടി. രാജ്യസ്നേഹമോ വികസന താല്‍പ്പര്യമോ ഇല്ലാത്ത കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ വിഴിഞ്ഞം പദ്ധതിയെ വച്ചുതാമസിപ്പിച്ചപ്പോള്‍ ഗെയ്ല് പദ്ധതിയുടെ കാര്യത്തിലെന്നപോലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് പദ്ധതിയെ അതിവേഗം മുന്നോട്ടു നയിച്ചത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയമാണ് ഇതിനിടയാക്കിയത്. പദ്ധതിക്കെതിരായുള്ള തടസ്സങ്ങളും കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കി. രാജ്യത്തിന്റെ വികസന യാത്രയില്‍ കേരളവും ഒപ്പമുണ്ടാവണമെന്ന ചിന്തയാണ് മോദി സര്‍ക്കാരിനുള്ളത്. കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇതിന് എതിരു നില്‍ക്കുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണികള്‍ക്കുള്ള മറുപടിയാണ് വിഴിഞ്ഞം പദ്ധതിയെന്ന സ്വപ്ന സാക്ഷാല്‍ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: