ടെല്‍അവീവ്: ഇസ്രായേലിലേക്ക് ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലബനന് സായുധ സംഘടനയായ ഹിസ്ബുള്ള രംഗത്തെത്തി. അതിര്‍ത്തി പ്രദേശമായ നഹര്യ പട്ടണത്തോട് ചേര്‍ന്നുള്ള ശ്തുല പ്രദേശത്തായിരുന്നു ആക്രമണം. തിരിച്ചടിയായി ഇസ്രായേല്‍ ലബനനിലേക്ക് റോക്കറ്റാക്രമണം നടത്തി.
പിന്നാലെ അതിര്‍ത്തിയോട് ചേര്‍ന്ന് നാല് കിലോമീറ്റര്‍ പരിധിയില്‍ ഇസ്രായേല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അനുവാദം കൂടാതെ പ്രദേശത്തേക്ക് കടക്കുന്ന ആരെയും വെടിവച്ചിടുമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നല്കി.
അതിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിയാന്‍ ഇസ്രായേല്‍ നല്കിയ അന്ത്യശാസനത്തിന്റെ സമയം ഇന്നലെ ഉച്ചയ്ക്ക് അവസാനിച്ചു. ഇവിടുള്ളവര്‍ക്ക് തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ ഇസ്രായേല്‍ സുരക്ഷിത ഇടനാഴി തുറന്നിരുന്നു. നിര്‍ദിഷ്ട സമയത്ത് മേഖലയില്‍ ആക്രമണം നടത്തില്ല. സാഹചര്യം ഉപയോഗപ്പെടുത്തി എല്ലാവരും തെക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഐഡിഎഫ് എക്സില്‍ കുറിച്ചു.
ഗാസയിലുള്ള സാധാരണക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷ പ്രധാനമാണ്. ഹമാസ് നേതാക്കള്‍ അവരവരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മനസിലാക്കണമെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഗാസയിലുള്ളവര്‍ ഒഴിയുന്നത് ഹമാസ് തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഐഡിഎഫ് പുറത്തുവിട്ടു. ഗാസയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകുന്നതോടെ കര, വ്യോമ, നാവിക ആക്രമണത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍.
അതേസമയം, ഇസ്രായേലിലെ കിബുത്സ് നിറിം കൂട്ടക്കൊലയുടെ സൂത്രധാരനും ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറുമായ ബില്ലാല്‍ അല്‍ ക്രോധയെ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഐഡിഎഫിന്റെ വ്യോമാക്രമണത്തില്‍ ബില്ലാല്‍ അല്‍ ക്രോധയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടതായാണ് വിവരം.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന് യൂനിസ് നഗരത്തില്‍ ഇയാളുടെ താമസ സ്ഥലം ഐഡിഎഫ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഹമാസിന്റെ നൂറിലധികം കമാന്‍ഡ് സെന്ററുകളും മറ്റും കേന്ദ്രീകരിച്ച് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി ടാങ്ക് വേധ
മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണകേന്ദ്രങ്ങളും തകര്‍ത്തതായും ഐഡിഎഫ് പ്രസ്താവനയില്‍ പറയുന്നു. ലബനനില്‍ നിന്ന് ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
ഇസ്രായേല്‍ ആക്രമണത്തില്‍ 2329 പേര് കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് ഭരണകൂടം അറിയിച്ചു. 9042 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ 1300ലധികം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. 286 സൈനികരും ഇതിലുള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: