കത്ര(ജമ്മു കശ്മീര്‍): രാഷ്ട്രപതി ദ്രൗപദി മുര്‍മു മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ആകാശപാത തീര്‍ത്ഥാടകര്‍ക്ക് കൗതുകമാകുന്നു. പതിനാല് മാസം കൊണ്ടാണ് 250 മീറ്റര്‍ നീളത്തിലുള്ള പാത പണി തീര്‍ത്തത്. നിലവിലുള്ള തീര്‍ത്ഥാടനപാതയ്ക്ക് ഇരുപത് അടി ഉയരത്തിലാണ് പുതിയ ആകാശപാത.
തീര്‍ത്ഥാടകരുടെ തിരക്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പുതിയ പാത നിര്‍മിച്ചത്. 2022ലെ പുതുവത്സരദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടം ഇതിനായി തീരുമാനമെടുത്തതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. അത്യന്താധുനിക സംവിധാനങ്ങളോടെയാണ് ആകാശ പാത പണിതിരിക്കുന്നത്. തടി പാകിയ തറയും ഭിത്തികളില്‍ വൈഷ്ണോദേവിയുടെ കഥ പറയുന്ന ചിത്രങ്ങളും ആത്മീയമായ അന്തരീക്ഷം തീര്‍ത്ഥാടകര്‍ക്ക് സമ്മാനിക്കും.
രണ്ട് എമര്‍ജെന്‍സി വാതിലുകള്‍, വിശ്രമമുറികള്‍, എല്‍ഇഡി വാള് എന്നിവയും തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി നിര്‍മിച്ചിട്ടുണ്ട്. 15.69 കോടി രൂപ മുടക്കിയാണ് ആകാശപാത പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: