Categories: Literature

നിയോഗം- കഥ

കഥ

‘തറവാട്ടുകോടി ഇടാന്‍ ഇനി ആരെങ്കിലുമുണ്ടോ?’
അത്ര ഉറക്കെയല്ലാതെ വീടിനു ചുറ്റും തങ്ങിനി
ന്ന ആള്‍ക്കൂട്ടത്തിലേക്ക് നോക്കി കര്‍മ്മി ചോദിച്ചു.
‘ഇല്ലെങ്കില്‍ കരയോഗത്തിന്റെ കോടി ആകാം. പ്രസിഡന്റ് എവിടെ?’, അയാള്‍ വിളച്ചു.
അല്പം മുന്‍പു വരെ മാഞ്ചോട്ടിലിരുന്ന് രാഷ്‌ട്രീയം പറഞ്ഞ് തര്‍ക്കിച്ചിരുന്ന കരയോഗം പ്രസിഡന്റ് കൈയിലൊരു പൊതിയുമായി ഓടിപ്പിടഞ്ഞെത്തി. കണ്ണുകളില്‍ ഒളിച്ചിരിക്കുന്ന ഉറക്കച്ചടവോടെ പേപ്പറിന്റെ പൊതിയിളക്കി താഴെയിട്ട് അച്ചന്റെ ദേഹത്ത് കോടിമുണ്ട് പുതപ്പിച്ചു.
‘ഇനിയും ആരെങ്കിലും കാണാനോ പൂവിട്ട് തൊഴാനോ
ഉണ്ടോ?’
കര്‍മ്മിക്കൊപ്പമുണ്ടായിരുന്ന ആള്‍ കാല്‍ക്കലെത്തി വീട്ടുകോടി കാലുചേര്‍ത്ത് കെട്ടി. തലയ്‌ക്കു മുകളിലേക്ക് കര്‍മ്മി തന്നെ വലിച്ചു കയറ്റിയ കോടിമുണ്ടിന്റെ ഒരുഭാഗം ബലിപ്പുരയില്‍ കെട്ടാന്‍ കീറിയെടുത്തു.
‘അപ്പോള്‍ പുറപ്പെടുകയല്ലേ? വിളക്കും കിണ്ടിയും തെക്കോട്ടു തിരിച്ച് പിടിച്ചോളൂ.’
മൃതദേഹം ശ്മശാനത്തിലേക്ക് എടുക്കാനുള്ള ആള്‍ക്കാരെ നേരത്തെ തന്നെ ഒരുക്കിനിര്‍ത്തിയിരുന്നു. ആംബുലന്‍സിന്റെ ഉള്ളിലേക്ക് അച്ഛനെ എടുത്തു കയറ്റുമ്പോള്‍ കര്‍മ്മി പതുക്കെ പറഞ്ഞു,
‘തലയുടെ അവിടെ കുറച്ചുകൂടി താങ്ങിപ്പിടിക്കൂ.’
മൃതദേഹം എടുത്തപ്പോള്‍ അമ്മയുടെ ഏങ്ങലടിച്ചുള്ള നിലവിളി കുറച്ചുറക്കെയായി. അതുവരെ അമ്മ അങ്ങനെ ഉറക്കെ കരയുന്നത് കണ്ടിട്ടില്ല.
ശ്മശാനത്തിലേക്ക് പോകുമ്പോള്‍ പലപ്പോഴും അച്ഛന്റെ മുഖത്തേക്ക് നോട്ടം പാറിവീണു. ഇടയ്‌ക്കെപ്പോഴെങ്കിലും മൂടിപ്പൊതിഞ്ഞ തുണി നീക്കി ‘എടാ മോനേ’ എന്ന സ്‌നേഹമസൃണമായ വിളിയോടെ അച്ഛന്‍ എഴുന്നേറ്റ് വരുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അച്ഛന്‍ ഇങ്ങനെ ശാന്തനായി അനങ്ങാതെ കിടക്കുന്നത് കണ്ടിട്ടില്ല. പകലുറക്കം പതിവില്ലായിരുന്നു. ഊണു കഴിച്ച് കസേരയിലിരുന്ന് അഞ്ചോ പത്തോ മിനിറ്റ് മയങ്ങി വീണ്ടും കടയിലേക്ക് തന്നെ.
വൈദ്യുതി ശ്മശാനമായതുകൊണ്ട് ചടങ്ങുകളൊക്കെ വളരെ പെട്ടെന്നായിരുന്നു. വെള്ളം നിറച്ച കുടവുമായി മൂന്നു വലംവെച്ചു. ഓരോ പ്രാവശ്യം വലംവെയ്‌ക്കുമ്പോഴും വെട്ടുകത്തികൊണ്ട് കുടത്തില്‍ ഒരോ വെട്ട് വെട്ടുന്നുണ്ടായിരുന്നു. കുടത്തില്‍ നിന്നൊഴുകുന്ന വെള്ളം മാമന്‍ പിന്നാലെ നടന്ന് തളിച്ചു. കുടം തലയ്‌ക്കല്‍ നിന്ന് പുറകോട്ടെറിയാന്‍ കര്‍മ്മി പറഞ്ഞു. ഒരിക്കല്‍ക്കൂടി അച്ഛന്റെ പേരും നാളും മനസ്സിലോര്‍ത്ത് പൂവ് നെഞ്ചോടു ചേര്‍ത്തുപിടിച്ച് അച്ഛനെ സങ്കല്പിച്ച്, പ്രാര്‍ത്ഥിച്ച് പാദനമസ്‌കാരം ചെയ്തു.
‘ചടങ്ങുകളൊക്കെ കഴിഞ്ഞു. ഇനി എടുക്കാം.’
നേരത്തെ മൃതദേഹം എടുത്തവര്‍ തന്നെ വന്ന് ട്രോളിയിലേക്ക് എടുത്തുവെച്ചു. ട്രോളി അകത്തേക്ക് പോയതോടെ ഷട്ടര്‍ വലിച്ചടച്ചു. അച്ഛന്‍ ഇനി തന്നോടൊപ്പമില്ല എന്ന യാഥാര്‍ത്ഥ്യം അവനെ തുറിച്ചുനോക്കി. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും അച്ഛനായിരുന്നു മാതൃകയും മാര്‍ഗ്ഗദീപവും.
ആംബുലന്‍സ് വിടുന്നതും മറ്റെല്ലാം മാമന്‍ തന്നെ നോക്കിയതുകൊണ്ട് തനിക്ക് പ്രത്യേകിച്ചൊന്നും  ചെയ്യാനില്ലായിരുന്നു. ആരൊക്കെയോ വന്ന് ആശ്വസിപ്പിക്കുകയും യാത്ര പറയുകയും ചെയ്തു. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിര്‍വരമ്പുകള്‍ മുട്ടുന്ന ഏതോ തുരുത്തില്‍ അവന്‍ ഏകാകിയായിരുന്നു. ഓര്‍മ്മകളിലാണോ സ്വപ്‌നങ്ങളിലാണോ വര്‍ത്തമാനത്തിലാണോ താനെന്ന് കണ്ടെത്താന്‍ അവന് കഴിഞ്ഞില്ല. ജീവിതം എന്താണെന്ന് അവന്‍ ഗാഢമായി ചിന്തിച്ചു. ജന്മവും പുനര്‍ജന്മവും സത്യമാണോ മിഥ്യയാണോ? ദര്‍ശനത്തിന്റെയും യുക്തിയുടെയും ഉരകല്ലുകള്‍ കൂട്ടിമുട്ടുന്നത് പലപ്പോഴും വായിച്ചിരുന്നത് അവന്റെ മനസ്സില്‍ ഓടിയെത്തി. ജീവതം എന്താണെന്ന ചോദ്യത്തിന് അവന് ഉത്തരം കണ്ടെത്താനായില്ല. മരണം കഴിഞ്ഞാല്‍ എന്തായിരിക്കും….?
‘മുക്കാല്‍ മണിക്കൂര്‍ കൊണ്ട് കത്തിത്തീരും. മൂന്നുദിവസം കഴിഞ്ഞുവന്നാല്‍ ചിതാഭസ്മം തരാം. സഞ്ചയനകര്‍മ്മങ്ങളൊക്കെ വീട്ടില്‍ നടത്തിയാല്‍ മതിയല്ലോ’, ശ്മശാനത്തിലെ ആള്‍ വന്ന് വിളിച്ചപ്പോഴാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. പണമൊക്കെ കൊടുത്ത് രശീത് വാങ്ങി മാമന്‍ വന്നു.
‘നമുക്ക് പോയാലോ? ആംബുലന്‍സ് ഒക്കെ വിട്ടു.’ മാമന്‍ പറഞ്ഞു.
കാറില്‍ മടങ്ങുമ്പോള്‍ അച്ഛനും അമ്മയും തമ്മിലുള്ള ശീതസമരമായിരുന്നു മനസ്സിലേക്ക് ഓടിയെത്തിയത്. അച്ഛന്‍ ആര്‍ക്കൊക്കെയോ പണം കൊടുക്കുന്നുണ്ടെന്നും നാട്ടിലുള്ള ആരെയോ പഠിപ്പിക്കുന്നുണ്ട് എന്നൊക്കെയായിരുന്നു അമ്മയുടെ ധാരണ.
മുത്തശ്ശന്റെ സഹോദരിയുടെ മകനായ അച്ഛനെ പഠിപ്പിക്കാനാണ് നഗരത്തിലേക്ക് കൊണ്ടുവന്നത്. പഠിക്കാന്‍ പണമില്ലാതായപ്പോള്‍ അച്ഛനെ മുത്തശ്ശന്‍ കൂട്ടിക്കൊണ്ടു വരുകയായിരുന്നു. പഠിക്കാന്‍ വളരെയേറെ ആഗ്രഹിച്ചാണ് അച്ഛന്‍ ഇവിടേക്ക് എത്തിയത്. പക്ഷേ, കടയില്‍ സഹായിക്കാനായിരുന്നു നിയോഗം.
‘കോളേജില്‍ ചേര്‍ക്കാം, ഇക്കൊല്ലത്തെ സമയം കഴിഞ്ഞില്ലേ, അഡ്മിഷന്‍ ആകുന്നതുവരെ കടയില്‍ സഹായിക്കാന്‍ നിന്ന് പഠിക്കാനുള്ള കാശുണ്ടാക്കൂ’ എന്നായിരുന്നു മുത്തശ്ശന്റെ നിര്‍ദ്ദേശം. പക്ഷേ, പിന്നീട് പലതവണ കോളേജ് തുറക്കുകയും അടക്കുകയും ചെയ്തു. പഠിക്കാന്‍ പോകുന്ന കാര്യം പിന്നെയാരും ഓര്‍മ്മിപ്പിച്ചില്ല. കടയില്‍ നിന്ന് കിട്ടിയ വരുമാനം വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും വീട്ടുകാരെ നോക്കാന്‍ കഴിയുകയും ചെയ്തപ്പോള്‍ പഠനമെന്ന സ്വപ്‌നം അച്ഛന്‍ തന്നെ ഉപേക്ഷിച്ചു.
പതുക്കെപ്പതുക്കെ കടയിലെ എല്ലാ കാര്യങ്ങളിലും അച്ഛന്‍ മുത്തശ്ശന് സഹായിയായി മാറി. വിപണിയിലെ ചലനങ്ങളും സാധനങ്ങളുടെ വില കൂടുന്നതും കുറയുന്നതും ബിസിനസ്സില്‍ വരുത്തേണ്ട മാറ്റങ്ങളും ഒക്കെ അച്ഛനാണ് ഉപദേശിച്ചിരുന്നത്. പണത്തിന്റെ കാര്യത്തില്‍ കൂടി അച്ഛന്‍ ഇടപെട്ടതോടെ മുത്തശ്ശന്റെ പണി പകുതിയായി. ദൂരെ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും ഒക്കെ അച്ഛനായി. അച്ഛനില്‍ മുത്തശ്ശന്‍ കടയുടെ അനന്തരാവകാശിയെ കണ്ടെത്തുകയായിരുന്നു, ഒപ്പം മകളുടെ ഭര്‍ത്താവിനെയും.
‘നാട്ടിലെ സഹോദരങ്ങളൊഴികെ ബാധ്യതകളൊന്നും ഇല്ലാത്തതുകൊണ്ട് അവന്‍ കൂടെ നി
ല്‍ക്കും. എവിടെയും വിട്ടു പോവില്ല. ആവശ്യത്തിന് സ്വത്തൊക്കെ ഉള്ളതുകൊണ്ട് ഭയക്കാനുമില്ല. പിന്നെ ഇത്രയും നല്ല സ്വഭാവമുള്ള ഒരാളെ ഇന്നത്തെ കാലത്ത് വേറെ കിട്ടുമോ?’
മുത്തശ്ശന്റെ ചോദ്യത്തിനു മുന്നില്‍ മുത്തശ്ശിയുടെ എതിര്‍പ്പ് അലിഞ്ഞില്ലാതായി. കാണാന്‍ നല്ല ചേലുള്ളതുകൊണ്ട് അമ്മയ്‌ക്ക് പ്രത്യേകിച്ച് എതിര്‍പ്പും ഉണ്ടായിരുന്നില്ല. അപകടം പറ്റി തളര്‍ന്നു കിടപ്പിലായ മുത്തശ്ശന്റെ തീരുമാനത്തിന് അച്ഛന്‍ വഴങ്ങുകയും ചെയ്തു.
കല്യാണം കഴിഞ്ഞതോടെ മുത്തശ്ശന്റെ കാലത്തേക്കാള്‍ കട കൂടുതല്‍ വിപുലീകരിച്ചു. കച്ചവടം കൂടി. അച്ഛന്റെ പെരുമാറ്റവും ഇടപെടലും ആളുകളെ കൂടുതല്‍ അടുപ്പിച്ചു. മാത്രമല്ല, അവരുടെയൊക്കെ ജീവിതത്തിലും പ്രശ്‌നങ്ങളിലും സന്തോഷങ്ങളിലും ഒക്കെ തനിക്കും ഒരിടമുണ്ട് എന്ന രീതിയിലായിരുന്നു അച്ഛന്റെ പെരുമാറ്റം. പലരെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിച്ചു. കടം വാങ്ങിയവര്‍ ചിലരൊക്കെ തിരിച്ചുകൊടുത്തില്ല. പക്ഷേ, ആരെയും സഹായിക്കാതിരിക്കാന്‍ അച്ഛനത് ഒരു കാരണവുമായില്ല. ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയരുതെന്നായിരുന്നു അച്ഛന്റെ പ്രമാണം.
കടയില്‍ നിന്ന് അച്ഛന്‍ പൈസ കൊടുക്കുന്ന ആരെയൊക്കെയോ കുറിച്ചുള്ള വിവരങ്ങള്‍ അമ്മയുടെ അടുത്തെത്തിയത് ഒരുപക്ഷേ, മാമനി
ല്‍ നിന്നായിരിക്കണം. ഒരുദിവസം ഉച്ചയൂണ് കഴിക്കുമ്പോള്‍ അമ്മ അക്കാര്യം അച്ഛനോട് ചോദിച്ചു,
‘ആരൊക്കെയോ ചിലര്‍ക്ക് മാസപ്പടിയായി പണം പോകുന്നുണ്ടല്ലോ. അതൊക്കെ ആരാ?’
മിക്കപ്പോഴും ശാന്തമായി മാത്രം പ്രതികരിക്കാറുള്ള അച്ഛന് അന്ന് പൊടുന്നനെ ദേഷ്യം വന്നു.
‘അറിയേണ്ട കാര്യങ്ങളൊക്കെ ഞാന്‍ അറിയിക്കും. അറിയേണ്ടാത്തത് അറിയണ്ട.’
അച്ഛന്റെ ശബ്ദം കനത്തിരുന്നു. അവധി ദിവസമായതുകൊണ്ട് താനും അവിടെയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം അച്ഛന്‍ കൂടുതല്‍ സംസാരിച്ചില്ല.
‘മോരൊഴിക്കാന്‍ ചോറു വേണ്ടേ?’
അമ്മയുടെ ചോദ്യം അച്ഛന്‍ കേട്ടതായി നടിച്ചില്ല. ഊണു മതിയാക്കി കൈ കഴുകി. ഉച്ചയ്‌ക്ക് വിശ്രമത്തിനൊന്നും നില്‍ക്കാതെ തന്നെ അച്ഛന്‍ കടയിലേക്ക് പോയി.
മുത്തശ്ശന്‍ അപകടത്തില്‍പ്പെട്ട് കിടപ്പിലായപ്പോള്‍ കടയില്‍ സ്വന്തക്കാര്‍ ആരെങ്കിലും കൂടി വേണമെന്ന മുത്തശ്ശിയുടെ നിര്‍ബ്ബന്ധത്തിലാണ് മാമനെ കടയില്‍ നിര്‍ത്തിയത്. അച്ഛനെ നിയന്ത്രിക്കാനും യാത്രകളും നീക്കങ്ങളും അറിയാനുമൊക്കെയാണ് അമ്മ പിന്നീട് ഇത് പലപ്പോഴും ഉപയോഗപ്പെടുത്തിയത്.
ആര്‍ക്കെങ്കിലും പണം കൊടുത്തത് അമ്മയറിഞ്ഞാല്‍ പ്രശ്‌നമാണ്. നാട്ടിലാര്‍ക്കൊക്കെയോ പണം കൊടുക്കുന്നത് വേറെ ഉദ്ദേശ്യത്തോടെയാണെന്നും ഒക്കെയുള്ള അമ്മയുടെ വ്യാഖ്യാനങ്ങള്‍ പലപ്പോഴും വഴക്കിലാണ് അവസാനിച്ചത്. അച്ഛന് നാട്ടില്‍ മറ്റാരുമായോ ബന്ധമുണ്ടെന്നും അവരുടെ ചെലവിനും പഠിപ്പിനും ഒക്കെയാണ് പണം നല്‍കുന്നത് എന്നുമായിരുന്നു അമ്മയുടെ സംശയം.
എപ്പോഴോ നാട്ടില്‍ നിന്ന് അച്ഛമ്മ അയച്ച ഒരു കത്തില്‍ ഏതോ ഒരു പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ അമ്മ എത്ര വഴക്കുണ്ടാക്കിയാലും ഈ കാര്യങ്ങളിലൊന്നും ഒരു വിശദീകരണത്തിനും അച്ഛന്‍ തയ്യാറായില്ല.
‘ഒരു മകനല്ലേയുള്ളൂ. അവനും അവന്റെ ഏഴു തലമുറയ്‌ക്കും ഉള്ളതൊക്കെ ഞാനുണ്ടാക്കിയിട്ടുണ്ട്. പിന്നെ ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കുന്നത് എങ്ങനെ ചെലവാക്കണമെന്ന് ഞാന്‍ തീരുമാനിക്കും.’ അതായിരുന്നു അച്ഛന്റെ നയം.
പഠിക്കാന്‍ പോകുമ്പോള്‍ ഒരിക്കലും കടയിലെ ഇടപാടുകളിലേക്ക് അച്ഛന്‍ തന്നെ അടുപ്പിച്ചിരുന്നില്ല. വീട്ടിലെ അലമാരയില്‍ വെച്ചിരിക്കുന്ന പൈസയില്‍ നിന്ന് ആവശ്യത്തിനെടുക്കാം. ഒപ്പം വെച്ചിട്ടുള്ള ഡയറിയില്‍ കുറിച്ചിടണം. ചെലവിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയല്ലാതെ അടുത്ത തവണ പണമെടുക്കാന്‍ പാടില്ല. എന്തുകാര്യത്തിലുമുള്ള ഈ കൃത്യതയാണ് പലപ്പോഴും അച്ഛനോട് ആഭിമുഖ്യം കൂടാനും കാരണം. അച്ഛന്‍ ഇടയ്‌ക്കിടെ നാട്ടിലേക്ക് പോകുന്നത് പഴയ കാമുകിയെ കാണാനാണെന്നായിരുന്നു അമ്മയുടെ നിഗമനം. സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്ന അച്ഛന്റെ വീട്ടുകാരോട് അമ്മയ്‌ക്ക് പണ്ടും താല്പര്യമുണ്ടായിരുന്നില്ല. അച്ഛമ്മയുടെ മരണത്തോടെ നാട്ടിലേക്കുള്ള അച്ഛന്റെ പോക്കും കുറഞ്ഞു. അമ്മ എന്തുപറഞ്ഞാലും എത്ര വഴക്കടിച്ചാലും അച്ഛന്‍ പ്രതികരിക്കാത്തതിന്റെ കാരണം മുത്തശ്ശന് കൊടുത്ത വാക്കാണ്.  അത് അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
അച്ഛന്റെ സഹോദരന്മാരൊക്കെ ഒരുവിധം രക്ഷപ്പെട്ടു. എപ്പോഴെങ്കിലും ഒന്നു വന്നാലായി. നാട്ടിലെ മരണങ്ങള്‍ക്കോ കല്യാണത്തിനോ മാത്രമായി അച്ഛന്റെ യാത്ര ചുരുങ്ങി. അച്ഛമ്മ മരിക്കുന്നതിനു മുന്‍പ് ഒന്നുരണ്ടു തവണ സ്‌കൂളടച്ചപ്പോള്‍ കുറച്ചുദിവസം തന്നെ അവിടെ കൊണ്ടു നിര്‍ത്തിയിരുന്നു. പുഴയും പാടവും ധാരാളം കുട്ടികളുമായുള്ള കളിയും ഒക്കെയായി അതൊരു ഉത്സവകാലമായിരുന്നു.
ഒരിക്കല്‍ രാത്രി ഉത്സവത്തിനു പോ
യത് ഇന്നും മറന്നിട്ടില്ല. പന്തങ്ങളുടെ വെളിച്ചത്തില്‍, ചെണ്ടയുടെ രൗദ്രതാളത്തില്‍ അലറിവിളിച്ചു വരുന്ന തെയ്യക്കോലങ്ങളെ അച്ഛന്റെ മടിയില്‍ ഭയത്തോടെ ചേര്‍ന്നിരുന്നാണ് കണ്ടത്.
‘ഒന്നും ഭയക്കണ്ട മോനെ, അമ്മയാണ്… അമ്മ സ്‌നേഹമാണ്’, അച്ഛന്‍ ചേര്‍ത്തുപിടിച്ച് കാതില്‍ പറഞ്ഞു.  അവസാനം അമ്മന്‍കോലം അനുഗ്രഹിച്ച് ചേര്‍ത്തുനി
ര്‍ത്തിയപ്പോഴാണ് ഭയം മാറിയത്.
വലിയ ക്ലാസ്സിലേക്ക് ആയപ്പോള്‍ ട്യൂഷനുണ്ട്, പഠിപ്പുണ്ട്, ഞാനിവിടെ ഒറ്റയ്‌ക്കാവും എന്നൊക്ക പറഞ്ഞ് അച്ഛന്റെ നാട്ടിലേക്കുള്ള യാത്ര അമ്മ നിരുത്സാഹപ്പെടുത്തി.
‘വാ ഇറങ്ങ്, വീടെത്തി.’ മാമന്‍ വിളിച്ചപ്പോഴാണ് ഓര്‍മ്മകളില്‍ നിന്ന് മോചിതനായത്.
പൂമുഖത്ത് ആരൊക്കെയോ ഇരിക്കുന്നുണ്ട്. മരണമറിഞ്ഞ് വന്നവരാണ്. പലരെയും മാമന്‍ പരിചയപ്പെടുത്തി. ചിലരൊക്കെ വന്ന് സ്വയം പരിചയപ്പെട്ടു.
മാമന്‍ അന്ന് അവിടെതന്നെ കൂടി. മറ്റു ബന്ധുക്കളില്‍ പലരും രാത്രി വൈകും മുന്‍പ് പോയി. മരണവീട്ടിലെ ഏകാന്തതയും ഒറ്റപ്പെടലും അവിടെ നിശ്ശബ്ദതയായി തളംകെട്ടി നിന്നു. അടുത്തുള്ള ബന്ധുവീട്ടില്‍ നിന്ന് കൊണ്ടുവന്ന കഞ്ഞി കഴിച്ച് ഉറങ്ങാന്‍ പോകും മുന്‍പ് മാമന്‍ പറഞ്ഞു,
‘നാളെ മുതല്‍ ബലിയിടണം. ഏഴുദിവസം പോരേ? പി
ന്നെ ആചാരമനുസരിച്ചുള്ള കുളിയുമൊക്കെ പതിവനുസരിച്ച് നടക്കട്ടെ. ഏഴുദിവസം പുറത്തെങ്ങും പോകാനാവില്ല. കര്‍മ്മത്തിനുള്ള ആളെയൊക്കെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.’
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും കണ്ണടയ്‌ക്കുമ്പോഴേക്കും അച്ഛന്റെ മുഖം മനസ്സില്‍ ഓടിയെത്തി. ഇടവേളകളില്‍ അച്ഛനോട് സംസാരിക്കാറുള്ള കാര്യങ്ങള്‍, യാത്രകളിലെ ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ മിക്കതും പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചുമായിരുന്നു. ജീവിതത്തിന്റെ നാനാ മുഖങ്ങളും അനുഭവങ്ങളിലൂടെ ആര്‍ജ്ജിക്കാനായിരുന്നു പലപ്പോഴും അച്ഛന്റെ ഉപദേശം. നഷ്ടപ്പെട്ടുപോയ പഠിപ്പ് അച്ഛന്‍ നികത്തിയത് ആഴവും പരപ്പുമുള്ള വായനയിലൂടെയായിരുന്നു.
രാവിലെ മാമന്‍ മുട്ടിവിളിച്ചപ്പോഴാണ് ഉണര്‍ന്നെണീറ്റത്.
‘കര്‍മ്മം ചെയ്യാനുള്ള ആള്‍ ഉടനെയെത്തും. അയാള്‍ പുറപ്പെട്ടുവെന്ന് ഫോണ്‍ വിളിച്ചിരുന്നു. പെട്ടെന്ന് കുളിച്ചൊരുങ്ങി വരൂ.’
മുറ്റത്തൊരുക്കിയ ഓലപ്പന്തലില്‍ ബലി തയ്യാറാക്കി. മുറ്റത്തിന്റെ തെക്കുകിഴക്ക് ചാണകം മെഴുകി ഉരുളയാക്കി ബലിച്ചോറുവെച്ച് മൂന്നുതവണ കൈകൊട്ടി. ബലിക്കാക്ക വന്ന് ചോറു കൊത്തിയപ്പോഴാണ് മാമന്റെ വാക്കുകള്‍ പുറത്തുവന്നത്.
‘ആവൂ… ആശ്വാസമായി. വിഷമിപ്പിക്കാതെ എടുത്തല്ലോ.’
ബലിയിടുന്നതും കാക്ക കൊത്തുന്നതും ഒക്കെ നോക്കി അമ്മ നില്‍ക്കുന്നുണ്ടായിരുന്നു.
ആളുകള്‍ മരണമറിഞ്ഞ് വന്നുകൊണ്ടേയിരുന്നു. ഉച്ചയോടെയാണ് സേവാസംഘം ഭാരവാഹികള്‍ വന്നത്. അച്ഛന്റെ മരണത്തില്‍ ഒരു അനുസ്മരണയോഗം അടുത്തദിവസം നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കാനാണ് അവര്‍ വന്നത്.
അച്ഛന്‍ സേവാസംഘത്തിനും അര്‍ഹരായ അനാഥക്കുട്ടികളുടെ പഠിപ്പിനും ജീവിതത്തിനും ചെയ്ത കാര്യങ്ങള്‍ സംഘാടകര്‍ നിരത്തിയപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി.
അവര്‍ പോയിക്കഴിഞ്ഞപ്പോഴാണ് അമ്മയും അമ്മാവനും
ഒന്നിച്ചിരുന്നത്. കട തുറക്കേണ്ടതിനെ കുറിച്ചായിരുന്നു ചര്‍ച്ച.
‘മോനെ പഠിപ്പു നിര്‍ത്തി കടയില്‍ കൊണ്ടുപോകാനാവില്ല. കട നിര്‍ത്താതെ പഴയ രീതിയില്‍ തന്നെ കൊണ്ടുപോകണം’, മാമനോടൊപ്പം അമ്മകൂടി കടയില്‍ പോകാന്‍ ധാരണയായി.
സഞ്ചയനത്തിന്റെ ദിവസമാണ് പരിചയമില്ലാത്ത രണ്ടുപേര്‍ ഒന്നിച്ച് വീട്ടിലേക്ക് വന്നത്. അകലെയുള്ള നഗരത്തില്‍ നിന്നായിരുന്നു  അവര്‍. ഇപ്പോള്‍ അവിടെ ഒരു  വലിയ കമ്പനിയില്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുന്നു. പേരൊക്കെ പറഞ്ഞ് പരിചയപ്പെട്ടതിനുശേഷം കൂട്ടത്തില്‍ മുതിര്‍ന്നതെന്നു തോന്നുന്ന ആള്‍ പറഞ്ഞുതുടങ്ങി.
‘അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ളവരാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതം രൂപപ്പെടുത്തിയത് അദ്ദേഹമാണ്. പഠിപ്പിച്ചത്, ഇന്നത്തെ നിലയിലെത്തിച്ചത് ഒക്കെ. ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ജോലി ലഭിച്ചിരുന്നത് അദ്ദേഹത്തിനോട് പറഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു. പത്താംക്ലാസ്സിനു ശേഷം പഠിപ്പ് തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് അദ്ദേഹത്തെ കാണാന്‍ കത്തുമായി അയച്ചത്. അമ്മയ്‌ക്കൊപ്പമാണ് ഹെഡ്മാസ്റ്ററുടെ കത്തുമായി ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ കടയിലെത്തിയത്. കത്തൊക്കെ വാങ്ങി വായിച്ചശേഷം നാട്ടില്‍ നിന്നുള്ള ബന്ധുവാണെന്നാണ് മാമനോട് അച്ഛന്‍ പറഞ്ഞത്. തന്റെയും പിന്നാല വന്ന അനുജന്റെയും പഠിപ്പ് മുഴുവന്‍ ഏറ്റെടുത്ത് ഞങ്ങളെ ഈ നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്. ഒരിക്കല്‍ പോലും ചെലവിന് മുട്ടുണ്ടായിട്ടില്ല. ആവശ്യത്തിനുള്ള പണം കൃത്യമായി എത്തിയിരുന്നു.’
അവര്‍ പറയുന്നത് അമ്മയും മാമനും കേട്ടിരിക്കുകയായിരുന്നു. ജോലി കിട്ടിയശേഷം അച്ഛനെ കാണാന്‍ വന്ന കാര്യം അവര്‍ പറഞ്ഞു. മുടക്കിയ പണത്തില്‍ ഒരുഭാഗമെങ്കിലും തിരിച്ചുകൊടുക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ഹതയുള്ള ആരെയെങ്കിലും കണ്ടെത്തി ഇതേപോലെ പഠിപ്പിക്കാനാണ് അച്ഛന്‍ അവരോട് പറഞ്ഞതത്രെ.
‘ഞാന്‍ കാപ്പി കൊണ്ടുവരാം’ എന്നുപറഞ്ഞ് അമ്മ ഉള്ളിലേക്കു പോയി.
അവര്‍ യാത്രപറഞ്ഞ് പോയപ്പോള്‍ അമ്മ മാമനോട് പറഞ്ഞു,
‘അദ്ദേഹം സേവാസംഘം കൂടാതെ ആര്‍ക്കൊക്കെയാ പണം കൊടുത്തിരുന്നതെന്ന് നോക്കണം. അവര്‍ക്കെല്ലാം പഴയതു പോലെ തന്നെ പൈസ കൊടുക്കണം. അത് മുടക്കണ്ട, അതൊരു നിയോഗമാണ്.’
ഒന്നും മിണ്ടാതെ പൂമുഖത്തുവെച്ചിരുന്ന അച്ഛന്റെ ചിത്രത്തിലേക്ക് കണ്ണും നട്ട് മാമന്‍ ഇരിക്കുന്നുണ്ടായിരുന്നു. മുറ്റത്തെ മാവില്‍ ഒരു ബലിക്കാക്ക അപ്പോഴും കുറുകിക്കൊണ്ടിരുന്നു.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Story