കുട്ടിക്കാലത്ത് മഹാനഗരത്തിലെ അച്ഛന്റെ വീട്ടിലേക്കുള്ള യാത്രയുടെ ഓര്‍മ്മ…..
അച്ഛന്റെ കൈപിടിച്ച് കാഴ്ചബംഗ്ലാവിലെ പക്ഷികളേയും മൃഗങ്ങളേയും കൗതുകത്തോടെ നോക്കിക്കണ്ട നിമിഷങ്ങളില്‍ വെറുപ്പുളവാക്കുന്ന ഒരു
ജന്തുവിന്റെ രൂപം…
വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്ന ആ
ജന്തുവിന്റെ പുറംഭാഗംമാത്രം ഒരു പാറപോലെ പൊ
ങ്ങിക്കണ്ടു.
വാച്ച്മാന്‍, കമ്പിയഴികളില്‍ പിടിച്ച് താഴേയ്‌ക്ക് കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കാണികള്‍ക്കുവേണ്ടി, ഒരുകെട്ടുപുല്ലുമായിവന്ന് ഒരു വികൃതശബ്ദം പുറപ്പെടുവിച്ചപ്പോള്‍, വിശപ്പിന്റെ ആര്‍ത്തിയില്‍ വെള്ളത്തില്‍ നിന്നത് പൊങ്ങിവന്നു. പൊങ്ങിവരുംതോറും പ്രതീക്ഷകള്‍ക്കതീതമായി അതിന്റെ വലുപ്പം ഭീകരമായി വര്‍ദ്ധിക്കുന്നത് ആശ്ചര്യത്തോടെയും വെറുപ്പോടെയുമാണ് നോക്കിനിന്നത്. മടങ്ങി, ചുളുങ്ങി, പണ്ടെങ്ങോ കണ്ടുമറന്ന പേടിപ്പെടുത്തുന്ന സിനിമയിലെ രൂപം മാറി വന്ന യക്ഷിയുടെ വികൃതമായ മുഖംപോലെ ചുക്കിച്ചുളുങ്ങി വിണ്ടുകീറിക്കിടക്കുന്ന തൊലിയില്‍, ഗ്രാമത്തിലെ അമ്മയുടെ വീട്ടിലെ പശുത്തൊഴുത്തിന്റെ പുറകിലെ ചാണകക്കുഴിയില്‍നിന്നും പുറത്തുവരാറുള്ള ചുരുണ്ടുകിടക്കുന്ന വലിയ പുഴുക്കള്‍ ഉണ്ടെന്നുതോന്നിയപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു.
വ്രണങ്ങളില്‍നിന്നും ഈച്ചകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ആഹഌദിച്ചുനില്‍ക്കുന്ന കാണികള്‍ക്കുവേണ്ടി പണിക്കാരന്‍ പുല്ലുനീട്ടിയപ്പോള്‍ അതു വാ പൊളിച്ചു. പ്രാചീനമായ ദുര്‍ഗ്ഗന്ധം, പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണത്തിന്റെ തലേന്നുള്ള മദ്യച്ചെലവില്‍ ആദ്യാനുഭവത്തിന്റെ അറിവില്ലായ്മയോടെ ആര്‍ത്തിയോടെയുള്ള കുടിയില്‍ ബോധംകെട്ട് കുടല്‍ കീഴ്‌മേല്‍ മറിഞ്ഞ് എരിപിരികൊണ്ട് ഛര്‍ദ്ദിച്ചപ്പോള്‍ ആ ബോധമില്ലായ്മയിലും രൂക്ഷമായി അനുഭവപ്പെട്ട, ഓര്‍മ്മയില്‍പ്പോലും തല ചെകിടിപ്പിക്കുന്ന, പി
ന്നെയും വളരെ വര്‍ഷങ്ങള്‍ക്കുശേഷം മധുരിക്കുന്ന മധുവിധുവിന്റെ മങ്ങലിലൊരു രാത്രിയില്‍ ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ ഭാര്യ അനിതയുടെ വായില്‍നിന്നും വമിച്ചിരുന്ന, പിന്നാടങ്ങോട്ട് ജീവിതത്തില്‍ വിടാതെ പിന്തുടരുന്ന ആ പ്രാചീനമായ ദുര്‍ഗ്ഗന്ധം, അവിടമാകെ നിറഞ്ഞു. അച്ഛന്റെ കൈപിടിച്ചുവലിച്ച് നമുക്കിവിടെനിന്നും പോകാം എന്നു ധൃതികൂട്ടി…
അനിത വെറുപ്പുളവാക്കുന്ന ജന്തുവിനെപോലെ വായപൊളിച്ചുകിടന്നുറങ്ങുകയായിരുന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തില്‍പോലും അതുകണ്ടുനില്‍ക്കാന്‍ രാജുവിനായില്ല.
പിന്തുടരുന്ന ഓരോ രാത്രിയിലും ആവര്‍ത്തനത്തോടെ, കുട്ടിക്കാലത്തെ കാഴ്ചബംഗ്ലാവിലെ ജന്തു രാജുവിനെ ആക്രമിച്ചു.
ഒരുപക്ഷേ, ആ ജന്തുവിനെ കണ്ടില്ലായിരുന്നുവെങ്കില്‍, ജീവിതത്തിലെ ഈ സായാഹ്നത്തില്‍ കുട്ടിക്കാലത്തെ അച്ഛന്റെ വീട്ടിലേക്കുള്ള യാത്രയുടെ ഓര്‍മ്മ തങ്ങിനില്‍ക്കില്ലായിരുന്നുയെന്നുതോന്നി. വെറുക്കപ്പെട്ടതിനെ കൂടുതല്‍ ഓര്‍മ്മിക്കുന്നു. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനുഷ്യന്‍ മരിക്കുന്നു.
രാജു വാഷ്‌ബേയ്‌സിനിലേക്ക് വേണ്ടുവോളം ഛര്‍ദ്ദിച്ചു. വായില്‍ കൈയിട്ടിളക്കി ഛര്‍ദ്ദിച്ചു. വളരെ നേരത്തിനുശേഷം തിരിച്ചുവരുമ്പോഴും അനിത അതേ കിടപ്പിലായിരുന്നു. അപ്പോഴും അവളുടെ വായില്‍നിന്നും പ്രാചീനമായ ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു…
അവളുടെ ചുണ്ടുകള്‍ കോടുന്നതും വികൃതമായ ശബ്ദത്തില്‍ അവള്‍ എന്തോ പുലമ്പുന്നതും ഞെരിപിരികൊള്ളുന്നതും ഇഷ്ടമില്ലാഞ്ഞിട്ടുപോലും രാജു നോക്കിനിന്നു.
ഭീകരമായൊരു യുദ്ധാവസാനം പോര്‍ക്കളത്തില്‍ ചിതറിക്കിടക്കുന്ന മാംസക്കഷണങ്ങള്‍പോലെ ഇരുവശങ്ങളിലേക്കും കാലുകള്‍ വലിച്ചെറിഞ്ഞ് അവള്‍ കിടക്കയുടെ മുക്കാല്‍ ഭാഗവും കൈയടക്കിയിരുന്നു.
പകല്‍സമയം അണിഞ്ഞൊരുങ്ങി നാല്‍ക്കവലയിലൂടെ അയാളോടൊപ്പം അനിത നടക്കുമ്പോള്‍ അന്യരുടെ അസൂയയാര്‍ന്ന കണ്ണുകള്‍ ആര്‍ത്തിയോടെ പിന്തുടരാറുള്ളത് രാജു പുച്ഛം കലര്‍ന്ന അഭിമാനത്തോടെ ഓര്‍ത്തു. സൗന്ദര്യം അങ്ങനെയാണ്, ദൂരക്കാഴ്ചയിലെ തോന്നല്‍ മാത്രം. അടുക്കുമ്പോള്‍ അത് വൈരൂപ്യമാണ് എന്ന നിഗമനത്തില്‍ അയാള്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.
രാജു മുറിയിലെ മങ്ങിയ വെളിച്ചവും കെടുത്തി, കിടക്കയില്‍ അയാള്‍ക്കു കിടക്കാവുന്നവിധം അനിതയുടെ ഇടതുകാല് നീക്കിയിട്ടു. സ്വപ്‌നത്തിലെങ്കിലും സങ്കല്‍പ്പത്തിലുള്ള ഭാര്യയെ കാണാനുള്ള മോഹത്തോടെ, പണ്ട്….വളരെ പണ്ട്…അച്ഛന്‍ പറഞ്ഞുതരാറുള്ള കഥയിലെ സാഗരസുന്ദരിമാരെക്കുറിച്ചോര്‍ത്ത്, അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ, കിടക്കയില്‍ ചുരുണ്ടുകൂടിക്കിടന്നു, രാജു ഉറങ്ങിപ്പോയി.
കരിഞ്ഞ സ്വപ്‌നത്തിന്റെയും ചിതലരിച്ച മോഹങ്ങളുടേയും ഇടയില്‍നിന്നും കടന്നല്‍ക്കുത്തേറ്റപോലെ നീറി.
ദൂരെയെവിടെനിന്നോ പട്ടികളുടെ കൂട്ടായ ഓരിയിടലും, ഏതോ രാപ്പക്ഷിയുടെ അടക്കാനാവാത്ത കരച്ചിലും, ചുമരിലെ ഘടികാരത്തിന്റെ ശകാരവും നിറഞ്ഞ രാത്രിയിലേക്ക് രാജു പിന്നീട് ഞെട്ടിയുണര്‍ന്നു.
വിയര്‍പ്പ് നനഞ്ഞ കിടക്കവിരിയില്‍നിന്നും അനിത പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിക്കെ, പുറത്തെ ഇരുട്ടില്‍നിന്നും കരുത്തുള്ളൊരു കൈ അവളുടെ കഴുത്തില്‍പിടിച്ചതായി അവളറിഞ്ഞു. തുറന്നിട്ട ജനലഴികള്‍ക്കിടയിലൂടെ ആ കൈകള്‍ അവളെ ഞെക്കി.
അരികില്‍ കിടക്കുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്താനാ
കാതെ, തൊണ്ടയില്‍ കുരുങ്ങിയ ശബ്ദത്തിന്റെ മരണമറിഞ്ഞ് ഇരുട്ടിലേക്കു നോക്കി കണ്ണുമിഴിച്ചു കിടക്കാനേ അനിതയ്‌ക്കായുള്ളു.
എതിര്‍ക്കാനാവാതെ, ശവംപോലെ കിടന്ന അനിതയുടെ കഴുത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊതിച്ചുകൊതിച്ചിരുന്നൊരുനാളില്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും കണ്‍മുന്‍പില്‍വച്ച്, സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെട്ടവളെപ്പോലെ ആഹഌദത്തിന്റെ തിരതല്ലലില്‍, അനുഭൂതിയുടെ പാരമ്യത്തില്‍ സ്വയം മറന്ന നിമിഷത്തില്‍ കഴുത്തില്‍ വീണ സൗഭാഗ്യം; ലോകം പതിച്ചെടുത്തവളെപ്പോലെ അഭിമാനിച്ച നാളുകളുടെ അന്ത്യത്തില്‍നിന്നും പിന്നീടങ്ങോട്ടുള്ള നാളുകളില്‍ കഴുത്തിലൊരു ഭാരമായി പൊട്ടിച്ചെറിയാന്‍ കഴിയാതെ കിടന്ന മാരണം; കള്ളന്‍ പൊട്ടിച്ചെടുത്തു.
ഇരുട്ടിന്റെ കൈകള്‍ പിടിവിട്ട് ഏറെ നേരത്തിനുശേഷം ശ്വാസം നേരെവീണപ്പോള്‍ താലിമാല പൊട്ടിച്ചെടുത്ത കള്ളനെ ശപിക്കണോ നന്ദിപറയണോയെന്നറിയാതെ അനി
ത കുഴങ്ങി.
അവള്‍ പിന്നേയും ചത്തപോലെ കിടന്നു.
കരയണോ ചിരിക്കണോ എന്നറിയാതെ കിടന്ന അവള്‍ക്കരികില്‍ കിടക്കയുടെ ഓരംചേര്‍ന്ന്, ഇവിടെനടന്ന സംഭവങ്ങളൊന്നുമറിയാതെ കിടന്ന അവളുടെ ഭര്‍ത്താവ് രാജു ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നു.
അയാളുടെ ചുണ്ടില്‍ അപ്പോള്‍ അശ്ലീലമായൊരുചിരി നിറഞ്ഞിരുന്നു.
ഏറെനേരത്തെ മരവിപ്പിനുശേഷം അനിത സ്വയംമറന്ന് പൊട്ടിക്കരഞ്ഞു.
വല്ലാത്തൊരസ്വസ്ഥതയുടെ വീര്‍പ്പുമുട്ടലില്‍ അവള്‍ ചാടിയെഴുന്നേറ്റു ലൈറ്റിട്ടു. നീര്‍നിറഞ്ഞ കണ്ണിലെ മങ്ങിയ കാഴ്ചയില്‍ അവള്‍ അരിശത്തോടെ വെറുപ്പോടെ അവളുടെ ഭര്‍ത്താവിനെ നോക്കി.
മനുഷ്യന്റെ, ആണിന്റെയും പെണ്ണിന്റെയും അടിസ്ഥാനപരമായ ചിന്തയില്‍ സമാനതയുണ്ട്. അരിയും ഉഴുന്നും ചേര്‍ന്ന മാവുകൊണ്ട് ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്നതുപോലെ ബാഹ്യരൂപത്തിലും രുചിയുടെ ചെറിയൊരംശത്തിലും മാത്രമേ വ്യത്യാസമുള്ളു.
പണ്ട്…വളരെ പണ്ട്…അവളുടെ കുട്ടിക്കാലത്ത് അച്ഛന്റെ കരുത്തുള്ള കൈയില്‍ തൂങ്ങി വേലിപ്പടക്കങ്ങള്‍ നെറ്റിയിലടിച്ചു പൊട്ടിച്ചും, വേലിപ്പടര്‍പ്പുകളില്‍ ഒളിഞ്ഞുനോക്കിചിരിക്കുന്ന പൂക്കളെ നോക്കി രസിച്ചും കുട്ടിക്കാലത്തെ നിഷ്‌ക്കളങ്കമായ ജീവിതംപോലെ സൗമ്യമായ് ശാന്തമായ് ഒഴുകുന്ന പുഴയില്‍ കുളിക്കാന്‍ പോകാറുണ്ടായിരുന്നത് അവള്‍ ഓര്‍ത്തു. നടന്നു തളരുമ്പോള്‍ അച്ഛന്‍ അവളെ തോളത്തെടുത്തു നടക്കുമായിരുന്നു. എന്തൊരു സുരക്ഷിതമായ സാമീപ്യം.
‘നിന്റെ അച്ഛന്റെ കരുത്തും എന്റെ മീശയുമുള്ള ഒരാളായിരിക്കും നിന്നെ കെട്ടുവാന്‍ പോകുന്നത്’. പലപ്പോഴും വലിയമ്മാവന്റെ മീശയില്‍ തൂങ്ങി ചിരിക്കുമ്പോള്‍ തമാശയായി വലിയമ്മാവന്‍ പറയാറുള്ള വാക്കുകള്‍ കുട്ടിക്കാലത്തെ അറിവില്ലായ്മയിലും അനിതയുടെ മനസ്സില്‍ നാണം നിറച്ചിരുന്നു. പിന്നീട് സ്വപ്‌നങ്ങളില്‍ കടന്നു വരാറുള്ള വീരപു
രുഷന്മാര്‍ക്ക് അച്ഛന്റെ കരുത്തും വലിയമ്മാവന്റെ മീശയുമുണ്ടായിരുന്നു.
വിയര്‍ത്തുകുളിച്ച അവള്‍ ഫ്രിഡ്ജില്‍നിന്നും ഒരുകുപ്പി വെള്ളമെടുത്തു കുടിച്ചു. അവസാനത്തുള്ളിതീര്‍ന്നിട്ടും ദാഹം തീര്‍ന്നില്ല.
അവള്‍ വീണ്ടും കിടപ്പുമുറിയില്‍ വന്നു ലൈറ്റണച്ച് പ്രഭാതത്തിലേക്ക് കണ്ണുതുറന്നുകിടന്നു.
ഈ ദുഷ്ടന്… ക്ഷമിക്കുക, അങ്ങനെ പറയരുതെന്നറിയാം, രാത്രിയുടെ ഈ വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തതയില്‍ ആരുമറിയാതെ ഒരിക്കലെങ്കിലും മനസ്സു തുറന്നു പറയട്ടെ,ക്ഷമിക്കുക – ഈ ദുഷ്ടന് ഒരിക്കലും തനിക്ക് സുരക്ഷിതത്വം തരാനാവില്ല. ഞാന്‍ ആപത്തില്‍ പെടുമ്പോഴെല്ലാം ഇയാള്‍ ഉറങ്ങുകയായിരിക്കും.
ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കുട്ടിക്കാലത്തെക്കുറിച്ചോര്‍ത്തു വിഷമിച്ചു കിടന്നുറങ്ങിപോയ അവളെ രാവിലെ ഓഫീസില്‍ പോകുവാന്‍ ധൃതിപിടിച്ച രാജു അരിശത്തോടെ വിളിച്ചുണര്‍ത്തുകയായിരുന്നു.
ഞെട്ടിയുണര്‍ന്ന അവള്‍ കഴിഞ്ഞ രാത്രിയെ പൂര്‍ണ്ണമായും മറന്നിരുന്നു. പുതിയ പ്രഭാതത്തില്‍ ഭര്‍ത്താവിന്റെ സുഖാന്വേഷണത്തില്‍ ജാഗരൂകയായി.
‘നിന്റെ മാലയെവിടെ….?’ ആവി പറക്കുന്ന കാപ്പികുടിച്ച്, അനിതയുടെ വശ്യമായ കഴുത്തില്‍ ആര്‍ത്തിയോടെ ചുംബിക്കുവാന്‍ വന്നപ്പോഴായിരുന്നു രാജു അതു ശ്രദ്ധിച്ചത്.
അവള്‍ ഒന്നും മിണ്ടിയില്ല.
ഇപ്പോള്‍ എന്തു പറഞ്ഞാലും അയാള്‍ക്ക് അതു മനസ്സിലാവില്ലായെന്നവള്‍ക്കു തോന്നി. കള്ളന്‍ മാലപൊട്ടിച്ചെടുത്തത് ഒരു കെട്ടുകഥയായിപോലും അയാള്‍ കണ്ടെന്നിരിക്കും.
അനിതയുടെ മൗനം അസഹ്യമായപ്പോള്‍ രാജു അലറി ‘നീയതു പൊട്ടിച്ചെറിഞ്ഞുകാണും’. അയാള്‍ എന്തോ പറയാന്‍ വന്ന് പെട്ടെന്നെന്തോ ഓര്‍ത്തപോലെ നിര്‍ത്തി.
ഇല്ല… അത് ഒരു പുരുഷന്‍ രാത്രിവന്ന് പൊട്ടിച്ചെടുത്തുകൊണ്ടുപോയിയെന്നു പറയണമെന്നവള്‍ക്കു തോന്നി. പക്ഷേ, അവള്‍ മിണ്ടിയില്ല. അപ്പോള്‍ നേരിയൊരു ചിരി, പുച്ഛം കലര്‍ന്ന ഒരു ചിരി അവളറിയാതെ അവളുടെ ചുണ്ടില്‍ നിറഞ്ഞു. അത് പൊട്ടിച്ചിരിയാകുമോയെന്നവള്‍ ഭയന്നു.
‘നീയെന്നെ പരിഹസിക്കുകയാണോ’ ദേഷ്യവും സങ്കടവുംകൊണ്ട് അവളുടെ മുഖത്ത് ഒരടികൊടുത്തത് അയാള്‍പോലും അറിയാത്ത നിമിഷത്തിലായിരുന്നു.
പണ്ട്….
അച്ഛന്‍ സ്‌നേഹത്തോടെ നുള്ളാറുള്ള കവിളില്‍, അഞ്ചുവിരല്‍ പതിഞ്ഞു കിടക്കുന്ന പാടുകളില്‍ അനിത വേദനയോടെ തലോടി…..
അവള്‍ക്ക് സങ്കടം അടക്കാനായില്ല. അവള്‍ ഓടി കട്ടിലില്‍ കമിഴ്ന്നുവീണു.
അപ്പോള്‍….
അവള്‍ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോവുകയായിരുന്നു, അച്ഛന്റെ കൈപിടിച്ച്….
വിളഞ്ഞുനില്‍ക്കുന്ന നെല്‍വയല്‍ വരമ്പിലൂടെ, സായാഹ്നത്തിന്റെ സ്വര്‍ണ്ണവെളിച്ചത്തിലൂടെ ഓടിഓടി….
പൂക്കളുടേയും തുമ്പികളുടേയും പിറകേ ഓടിയോടി….
ബാല്യത്തിന്റെ നിഷ്‌ക്കളങ്കതയിലേക്ക് മടങ്ങുകയായിരുന്നു…….
പ്രതികരിക്കാൻ ഇവിടെ എഴുതുക: