ചില്ലുകൂടിനകത്ത് പളപളാ മിന്നുന്ന കുപ്പായമണിഞ്ഞ് നില്ക്കുന്ന ആ കുട്ടിരൂപത്തെ പുറത്തുനിന്നവന് കണ്ണിമ ചിമ്മാതെ നോക്കി നിന്നു. തൂവെള്ള നിറമുള്ള കുട്ടിരൂപത്തിനും ഏകദേശം തന്റെയത്ര തന്നെ ഉയരമെന്നവന് കണക്കുകൂട്ടി. നിര്ജീവമെങ്കിലും കുട്ടിരൂപത്തിന്റെ നീലക്കണ്ണുകള് തിളങ്ങുന്നുണ്ട്. അവന്
ഇട്ടിരിക്കുന്ന കുപ്പായം തനിക്കും ചേരും. ആ കുപ്പായത്തിനുള്ളില്‍ തന്നെതന്നെ പ്രതിഷ്ഠിക്കാന്‍ അവന് വെറുതെയെങ്കിലും ഒരു ശ്രമം നടത്തി. പക്ഷെ, പറ്റുന്നില്ല. അവന് ചില്ലിലൂടെ പ്രതിഫലിച്ച തന്റെതന്നെ രൂപത്തെയൊന്ന് നോക്കി. മുഷിഞ്ഞതും പിഞ്ഞിക്കീറിയതുമായ മേല്‍കുപ്പായം. ഷര്‍ട്ട് എന്ന് അതിനെ വിശേഷിപ്പിക്കുകതന്നെ അസാധ്യം. അഴിഞ്ഞുവീഴാതിരിക്കാന്‍ എങ്ങനെയൊക്കെയോ ഏച്ചുകെട്ടിയ നിക്കര്‍. ആ കെട്ടഴിക്കണമെങ്കിലും എടുക്കും ഏറെ നേരം. സ്വന്തം നഗ്നതമറയ്ക്കാന്‍ രണ്ട് തുണിക്കഷ്ണം മാത്രമുള്ള അവന്റെ കണ്ണുകളിലൂടെ നീര്‍ക്കണങ്ങള്‍, വിയര്‍പ്പും പൊടിയും കൂടിക്കലര്‍ന്ന് നിറം മങ്ങിപ്പിച്ച കവിളുകളിലൂടെ ചാലുകീറിയൊഴുകി. കുട്ടിരൂപം തന്നെ നോക്കി പരിഹസിക്കുന്നതുപോലെ അവന് തോന്നി. ജീവനുള്ള തനിക്ക് കീറിപ്പറിഞ്ഞ തുണിയും ജീവനില്ലാത്ത പ്രതിമയ്ക്ക് വിലകൂടിയ കുപ്പായവും. അവന് സങ്കടം സഹിക്കാനായില്ല.അവന് ഏങ്ങിയേങ്ങി കരഞ്ഞു.
പെട്ടന്ന് അവന്റെ മെല്ലിച്ച കൈയില്‍ പിടുത്തമിട്ടയാളുടെ നേരെ തിരിഞ്ഞവന് നോക്കി. ആ രൂപത്തിനുനേരെ പുഞ്ചിരിക്കാനൊരു ശ്രമം നടത്തിയെങ്കിലും പരാജിതനായി. ആശ്രയമറ്റ അവനെ ആ രൂപം തന്നോടു ചേര്‍ത്തുനിര്‍ത്തി. കരയരുതെന്ന് പറയാതെ പറഞ്ഞു. പിന്നെ ആ മുഖം തന്റെ നേര്‍ക്കുയര്‍ത്തി, ഇരുകൈകളും കൊണ്ട് കണ്ണുനീര് തുടച്ചെടുത്തു.
‘നിന്നെ കാണാത്തതുകൊണ്ട് തേടിവന്നതാ ഞാന്‍. അമ്മ ആകെ ഭയന്നിരിക്കുകയാ. നീ ആരോടും പറയാതെ എന്തിനാ ഓടിപ്പോയെ. ഇന്ന് ആ പള്ളിയില്‍ തിരക്കുള്ള ദിവസമാന്ന് നിനക്കറിയില്ലെ. വല്ലതും കിട്ടണേല്‍ ആളു കുടുന്നേടത്തുവേണ്ടെ കാണാന്‍. നീ വാ നമുക്ക് പോവാം’.
‘അക്കാ എനിക്ക് വെശക്കുന്നക്കാ’. അവന് നിറകണ്ണുകളോടെ തന്റെ ഒട്ടിയ വയര്‍ തടവിക്കൊണ്ട് പറഞ്ഞു.
അവള് അവനെ നിസാഹായതയോടെ നോക്കി.
അവനെ അവള് തന്നോടു ചേര്‍ത്തുനിര്‍ത്തി നടക്കാനാരംഭിച്ചു. അവന് ആ പ്രതിമയെ തിരിഞ്ഞൊന്നുകൂടെ നോക്കി. അപ്പോള്‍ കുറച്ചകലെ നിന്നൊരു രൂപം അവരെ തിരികെ വിളിച്ചു. അവന് അക്കയെ തോണ്ടി. എന്നിട്ട് അയാള്‍ക്കുനേരെ കൈ ചൂണ്ടി. അവള് തിരിഞ്ഞുനോക്കി. അയാള്‍ വീണ്ടും അവരെ കൈകാട്ടി വിളിച്ചു.
പോകണോ എന്ന് ശങ്കിച്ച് ഒരു നിമിഷം അവള് നിന്നു. ദരിദ്രക്കോലങ്ങള്ക്ക് എന്തെങ്കിലും വച്ചുനീട്ടാനാണെങ്കിലോ. വിശപ്പുകൊണ്ട് അന്യന്റെ മുന്നില്‍ കൈ നീട്ടാന്‍ നാണക്കേട് വിചാരിക്കാത്ത അവളുടെ മനസ്സ് കാലുകളെ മുന്നോട്ടുചലിപ്പിച്ചു. അവര്‍ അയാളുടെ മുന്നിലെത്തി. അമ്പതിന് മുകളില്‍ പ്രായം വരും അയാള്‍ക്ക്. കസവ് കരയുള്ള മുണ്ടും ജുബ്ബയുമാണ് വേഷം. ധനികനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും വ്യക്തമാകുന്ന തരത്തില്‍ പ്രൗഢിയോടെയാണ് നില്പ്.
അവര്‍ അയാള്ക്കുമുന്നിലെത്ത് കൂപ്പുകൈകളോടെ നിന്നു.
‘നിങ്ങളെന്താ ഇവിടിങ്ങനെ ചുറ്റിപ്പറ്റി. വല്ല മോഷണവുമാണ് ഉദ്ദേശമെങ്കില്‍ വേഗം സ്ഥലം വിട്ടോണം’.
‘ദരിദ്രരും പിച്ചക്കാരുമാണേലും ഞങ്ങള്‍ മോഷ്ടിക്കില്ല സാറെ’. അവള് എളിമയോടെ പറഞ്ഞു.
‘ഉം അതൊക്കെ എല്ലാരും പറയുന്നതാ. എന്നാലും നിങ്ങള്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുവാ.
എന്താ നിങ്ങടെ പേര്’.
‘അമ്മ വിളിക്കണ പേരേ ഞങ്ങള്ക്കറിയൂ. എന്നെ അക്കൂന്നും അക്കയെ ചിന്നൂന്നുമാ അമ്മ വിളിക്കാറ്. അല്ലാണ്ട് ഞങ്ങള്‍ക്ക് വേറെ പേരില്ല’. അവന് പറഞ്ഞു.
വിളിക്കാനൊരു പേര്. വിളിക്കാനും വിളി കേള്‍ക്കാനും ആരുമില്ലെങ്കില്‍ പേരും അനാവശ്യം. അയാള്‍ ഒരു തത്വജ്ഞാനിയെപ്പോലെ പറഞ്ഞു.
‘എനിക്ക് നിങ്ങളെക്കൊണ്ട്, അല്ല ഇവളെക്കൊണ്ട് ഒരത്യാവശ്യമുണ്ട്’.
അവള് സംശയത്തോടെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
‘നീ ഉദ്ദേശിക്കുന്നതുതന്നെ. എനിക്ക് നിന്റെ ശരീരവും ഈ സൗന്ദര്യവും വേണം’.
അതുകേട്ടതും അവള് വെറുപ്പോടെ മുഖംതിരിച്ചു. അയാള്ടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്നുണ്ടായിരുന്നു. ഒന്നും മനസ്സലാവാതെ ഇരുവരുടേയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് അക്കു നിന്നു.
‘നീ ഞാന്‍ പറയുന്ന കേട്ടിട്ട് തീരുമാനമെടുത്താല്‍ മതി. നിന്റെ ശരീരം വേണമെന്ന് പറഞ്ഞത് എനിക്ക് രസിക്കാനല്ല. നിന്നെ എനിക്കൊരിടത്ത് നിശ്ചലമായിട്ട് നിര്‍ത്തണം. അത്രമാത്രം. ഈ കീറക്കുപ്പായം എല്ലാം മാറ്റി നിന്നെ സുന്ദരിയാക്കും. പിന്നെ നിനക്ക് വീട്ടുകാര്‍ക്കുവേണ്ടി പിച്ചയെടുക്കേണ്ടിയും വരില്ല’.
അവള് ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.
അയാള്‍ തന്റെ കീശയില്‍ കൈയിട്ട് ഒരു കാര്‍ഡ് എടുത്ത് അവള്‍ക്കുനേരെ നീട്ടി.
‘ഇതില്‍ എന്റെ അഡ്രസുണ്ട്. നാളെ നീ ഈ ചെറുക്കനേയും കൂട്ടി രാവിലെ അവിടെയെത്തണം. വായിക്കാന്‍ അറിയില്ലെങ്കില്‍ വഴി ആരോടെങ്കിലും ചോദിച്ച് അങ്ങ് എത്തണം’.
അവള് തലയാട്ടി. എന്നിട്ട് തിരിഞ്ഞുനടന്നു.
പിറ്റേന്ന് അഴക് എന്ന് പേരിട്ടിരിക്കുന്ന തുണിക്കടയ്ക്ക് മുന്നിലൂടെ പോകുന്നവരെല്ലാം അതിനുള്ളിലേക്ക് ആകാംക്ഷയോടെ നോക്കുന്നതും ചിലര്‍ ഒപ്പമുള്ളവരോട് തുണിക്കടയ്ക്കുനേരെ വിരല്‍ ചൂണ്ടി എന്തോ അടക്കം പറഞ്ഞുപോകുന്നതും അപ്പോഴാണ് സിജുവിന്റെ ശ്രദ്ധയില്‍ പെട്ടത്. അഴകിന്റെ എതിര്‍വശത്തായി സ്ഥതിചെയ്യുന്ന സ്വര്‍ണക്കടയിലെ തട്ടാനാണ് സിജു. സ്വര്‍ണത്തിന്റെ മാറ്റുനോക്കുന്ന ഏകാഗ്രതയോടെ അവന് ആ തുണിക്കടയ്ക്കുനേരെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവിടെനിന്നൊന്ന് എഴുന്നേല്ക്കണമെങ്കില് ഊണിനുള്ള സമയമാവണം. അപ്പോള്‍ മാത്രമേ സിജുവിന് സ്വര്ണക്കടക്കാരന് സര്‍വസ്വാതന്ത്ര്യവും അനുവദിക്കുകയുളളു. ഉണ്ണാനുള്ള സമയമായപ്പോള്‍ അടക്കിപ്പിടിച്ച ആകംക്ഷയുമായി അവന് അഴകിന്റെ മുന്നില്‍ പാഞ്ഞെത്തി.
ഇതിനുമുമ്പ് അതുപോലൊരു മാനിക്വിന് ആ കടയില്‍ കണ്ടിട്ടേയില്ല. ഇന്നലെ പോകുംവരെ അതവിടെ ഇല്ലായിരുന്നു. സിജുവിന് എത്ര ആലോചിച്ചിട്ടും സംഗതി മനസ്സിലായില്ല. എന്തായാലും സംഭവം ഉഗ്രന്‍. എത്രയെത്ര തുണിക്കടകളില്‍ ഒരാവശ്യവുമില്ലാതെ കയറിയിറങ്ങുന്നു. പക്ഷെ ഇതുപോലൊന്ന് എവിടേയും കണ്ടിട്ടില്ല. എന്തൊരു ഭംഗി. ജീവനുള്ളതുപോലെ തന്നെ. കണ്ണും മൂക്കും ചുണ്ടും എല്ലാം അഴകളവുകള്‍ കൃത്യമായറിയാവുന്ന ആരോ കൊത്തിവച്ചപോലെ. അവന് ആ ചില്ലുകൂട്ടിലെ രൂപം എത്രകണ്ടിട്ടും മതിയായില്ല. ഊണ് കഴിക്കാന്‍ പോലും മറന്നവന് അവിടെത്തന്നെ ചുറ്റിപ്പറ്റി.
കടയില്‍ വരുന്നവരുടെയെല്ലാം കണ്ണുകള്‍ ആ ചില്ലുകൂട്ടിലെ രൂപത്തിനുമേല്‍ പരതി നടന്നു. എല്ലാം കണ്ടിട്ടും ഒന്നും കാണാത്തവളെപ്പോലെ ആ രൂപം തന്റെ മിഴികളെ വിദൂരതയില്‍ അലയാന്‍ വിട്ടു. ഏറ്റവും വില കൂടിയ കാഞ്ചീപുരം സാരികളിലൊന്നായിരുന്നു അന്ന് അവളെ ഉടുപ്പിച്ചിരുന്നത്. ജീവിതത്തില്‍ ആദ്യമായി താനൊരു പെണ്ണാണെന്ന് അവള്‍ക്ക് തോന്നിപ്പോയി. ഇതിനുമുമ്പ് അന്യന്റെ മുന്നില്‍ കൈനീട്ടാന്‍ വിധിക്കപ്പെട്ട ശാപജന്മമായിരുന്നു അവള്. വെയിലേറ്റിട്ടും കറുപ്പ് പടരാതിരുന്ന ശരീരവും തെണ്ടിക്കിട്ടുന്ന ആഹാരം അമ്മയ്ക്കും അനിയനും പങ്കിട്ടുകൊടുക്കുമ്പോള്‍ കിട്ടുന്ന ആനന്ദവും മാത്രമായിരുന്നു അവളുടെ ജീവിതത്തില്‍ ആകെയുണ്ടായിരുന്നത്. ഏതോ ചേരിയിലെ ഒരു ചെറ്റക്കുടിലില്‍ ഇരുട്ടിനേയും വെളിച്ചത്തേയും ഒരേപോലെ ഭയപ്പെട്ടുള്ള ജീവിതം. ദാരിദ്രരേഖയ്ക്ക് അപ്പുറമോ ഇപ്പുറമോ എന്ന് ചോദിച്ചാല്‍ അതിനും അവരുടെ പക്കല്‍ ഉത്തരമില്ല. മനുഷ്യനെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ട് തട്ടില്‍ നിര്‍ത്തിയ ദൈവത്തില്‍ അവള്‍ക്ക് വിശ്വാസമില്ല. കാണുമ്പോള്‍ പുച്ഛത്തോടും അവിശ്വാസത്തോടും നോക്കുന്നവര്‍ക്ക് മുന്നില്‍ പറയാനൊരു മേല്‍വിലാസമില്ലാത്തവര്‍. കൊള്ളക്കാരുടേയും കൊലപാതകികളുടേയും ജനുസില്പ്പെട്ടവരെന്ന് മുദ്രകുത്തപ്പെട്ടവര്‍. ഒരു രൂപാത്തുട്ടിന്റെ കനിവിനായി എത്ര ചെറുതാവാനും മനസ്സുകൊണ്ട് പാകപ്പെട്ടവരുടെ ലോകത്ത് ആഘോഷങ്ങളില്ല, നിറങ്ങളുള്ള കുപ്പായങ്ങളില്ല, സ്വാദുള്ള വിഭവങ്ങളില്ല. അവര്‍ ഒരിക്കലും സാധാരണ മനുഷ്യരായിരുന്നില്ല.
ഓര്ത്തോര്ത്തുനിന്ന് സന്ധ്യമാഞ്ഞ് രാവ് വന്നതൊന്നും അവള് അറിഞ്ഞിരുന്നില്ല. ആ നില്പ് എത്രനേരം നിന്നുവെന്നും. കടയില്‍ നിന്ന് അവസാനത്തെ ജീവനക്കാരിയും പോ
കാനിറങ്ങി. ചിലര്‍ ഹോസ്റ്റലിലേക്ക്. മറ്റുചിലര്‍ വീട്ടിലേക്ക്. എല്ലാവരേയും അതാത് സ്ഥലങ്ങളിലെത്തിക്കാന്‍ വണ്ടിയുണ്ട്. ഇന്നുമുതല്‍ ആ വണ്ടി തന്റെ ചേരിയ്ക്കുമുന്നിലും വന്നു നില്ക്കും. അങ്ങനെയൊരു കാഴ്ചതന്നെ അവിടുള്ളവര്‍ക്ക് ആദ്യത്തെ അനുഭവമായിരിക്കും. കുട്ടികള്‍ ഓടിവന്ന് വണ്ടിക്ക് ചുറ്റും കൂടും. അവര്‍ തൊട്ടുനോക്കും. എഴുത്തറിയാമായിരുന്നുവെങ്കില് വണ്ടിയില്‍ പറ്റിപ്പിടിച്ച പൊടിയില്‍ ഏതെങ്കിലും അക്ഷരങ്ങള്‍ കോറിയിടും. പഠിപ്പില്ലാത്തകൊണ്ട് കൈവിരുത് കാണിക്കുക പൂക്കളേയോ പൂച്ചയേയോ വരഞ്ഞിട്ടുകൊണ്ടുമാവാം. ഇതൊക്കെ ഓര്‍ത്തുകൊണ്ടാണ് ചില്ലുകൂട്ടിലെ രൂപം ഒരു കറുത്ത ആവരണമണിഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറിയത്. അവള്ക്കതിനുളളില് മുഖവും ദേഹവും ഇല്ലായിരുന്നു. ഉണ്ടായിരുന്നത് രണ്ട് കണ്ണുകളാണ്.
ചില്ലുകൂട്ടിനുള്ളിലെ അത്ഭുതമായി അവള് നില്ക്കാന് തുടങ്ങിയിട്ട് അഞ്ച് ദിവസമായി. തുണിക്കടയുടെ പാതിതാഴ്ത്തിയ ഷട്ടറിന്റെ വിടവിലൂടെ, നഗ്നമാക്കപ്പെട്ട മറ്റ് മാനിക്വിനുകളെ വസ്ത്രം അണിയിക്കുന്നത് ആസ്വദിച്ച് കടന്നുപോകുന്നവര്‍.ട്രയല്‍ റൂമില്‍ നിന്നുകൊണ്ട് ഏറ്റവും പുതിയ കളക്ഷനുകളില്‍ ഒന്ന് ധരിച്ചുകൊണ്ട് ഇറങ്ങിവരുന്ന ഓജസ്സുള്ള മാനിക്വിനെ മറ്റ് ജീവനക്കാരികള്‍ എന്നും അസൂയയോടെയാണ് നോക്കാറുളളത്. അവര്‍ പരസ്പരം അവളെപ്പറ്റി സംസാരിക്കുമെന്നല്ലാതെ, തങ്ങളുടെ കടയില്‍ ജീവനുള്ള ഒരു പ്രതിമയുണ്ടെന്ന് പുറത്താരോടെങ്കിലും പറയാന്‍ അവര്‍ അധൈര്യപ്പെട്ടു. ഒരു കുമ്പസാര രഹസ്യം പോലെ അവര്‍ ആ സത്യത്തെ നീറ്റലോടെയെങ്കിലും നെഞ്ചില്‍ പേറി.
അനങ്ങാതെ ഒരേ നില്പ് എന്നത് ഒരു മനുഷ്യക്കോലത്തെ സംബന്ധിച്ച് അസാധ്യമാണെങ്കിലും ജീവിത പരിസരങ്ങള്‍ ഏത് അസാധ്യതയെയും സാധ്യതയുള്ളതാക്കി തീര്‍ക്കുമെന്ന് അവള്‍ക്ക് തോന്നി. നില്പ് എന്നത് അവള്‍ക്കൊരു വിഷയമേ അല്ലാതായിത്തീര്‍ന്നു. ഇരക്കുന്നതിലും നല്ലതാണ് നിശ്ചലമായ നില്പ്. കാലുകളില്‍ വേദന പടരുന്നതും ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴാണ് വേദനകളിലേക്ക് അവള് സൂക്ഷമനിരീക്ഷണം നടത്താന്‍ ആരംഭിച്ചത്. ചിന്തകള്‍ നിമിഷങ്ങളെ അതിജീവിക്കാനുള്ള മരുന്നായി അവള് കണ്ടെത്തിയതും അപ്പോഴാണ്.
പുറത്ത് പൊള്ളുന്ന വെയിലില്‍ അലഞ്ഞപ്പോള്‍ ഒരിളം തണുപ്പിനുവേണ്ടി കൊതിച്ചിരുന്ന പെണ്ണ്. ഇപ്പോള്‍ ചില്ലുകൂട്ടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് അവളുടെ ഓരോ രോമകൂപങ്ങളിലും അസഹ്യത പടര്‍ത്തുന്നു. ഒരു വിയര്‍പ്പുകണം പോലും അടര്‍ന്നുവീഴാതെ എല്ലാം ആ രോമകൂപങ്ങള്ക്കിടയില് അടിഞ്ഞു. അവള് വെയിലിലേക്ക് ഇറങ്ങാന്‍ മോഹിച്ചു. മറ്റുള്ളവരുടെ നോട്ടം തന്നിലേക്ക് വീഴുന്നത് അവള് അറിയുന്നുണ്ടായിരുന്നു. എങ്കിലും ഒരു നോട്ടത്തെ അവള്‍ക്ക് അവഗണിക്കാന്‍ കഴിഞ്ഞില്ല. എല്ലാ ദിവസവും ഉച്ചയ്ക്ക് തുണിക്കടയുടെ വെളിയില്‍ വന്ന് ചില്ലുകൂട്ടിലേക്ക് നിമിഷങ്ങളോളം നോക്കിനില്ക്കുന്ന സിജു. അവന്റെ നോട്ടം പതിയെ അവളുടെ ഉള്ളില്‍ തറയ്ക്കാന് തുടങ്ങിയിരുന്നു.
താനൊരു മനുഷ്യജീവിയാണോയെന്ന് അവന് മനസ്സിലാക്കിയോ?. അല്ലെങ്കില്‍ ഇങ്ങനെവന്ന് നോക്കി നില്‍ക്കേണ്ട ആവശ്യമെന്താണ്. കാഴ്ചയില്‍ നിന്ന് ആകാശം പോലും വിദൂരതയിലായിരിക്കുന്ന പകലുകളില്‍ എന്നും കാണുന്നത് ഒരേ കാഴ്ചകള്‍. ദേഹത്തോട് ഒട്ടുന്ന വസ്ത്രങ്ങള്‍ക്ക് മാത്രമേ നിത്യവും മാറ്റം സംഭവിക്കുന്നുള്ളു. വിരസമായ കാഴ്ചകള്‍. അതില്‍ നിന്നും മോചനം കിട്ടുന്നത് സിജു മുന്നിലെത്തുമ്പോഴാണ്. ഒരുവേള കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍, അവന് സംശയം തോന്നാതിരിക്കാന്‍ അവള് നന്നേ പാടുപെട്ടു. ഒരിക്കല്‍ തുണിക്കടയുടെ മുതലാളിയോട് ഇത്രയും ഭംഗിയുള്ള പ്രതിമ എവിടുന്നു കി്ട്ടി എന്ന് തിരക്കുന്നതും കേട്ടു. സൂക്ഷ്മദര്‍ശിനിയിലൂടെ സ്വര്‍ണത്തിന്റെ മാറ്റ് നോക്കുന്നപോലെയാണ് അവന് തന്നെ നോക്കുന്നതെന്ന് അവള് നിനച്ചു. എനിക്ക് ദാ ജീവനുണ്ടെന്നും താനൊരു പ്രതിമയോ ശില്പമോ അല്ലെന്നും അവനോട് മാത്രം വിളിച്ചുപറയണമെന്നു ചിന്തിക്കുകയും ചെയ്തു.
ഒരേ നില്പില് നിന്നും ഇടയ്ക്കൊക്കെ അവള്‍ക്ക് കടയുടമ മോചനം നല്‍കിയിരുന്നു. ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്ന വിധത്തില്‍ രൂപപ്പെടുത്തിയെടുത്തതാണെന്ന് സംശയമുന്നയിക്കുന്നവരോട് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ക്കുവേണ്ടി അയാള്‍ തുണിക്കടയുടെ പതിവ് നിയമങ്ങളെല്ലാം തെറ്റിച്ചു. ഊണിനുളള സമയത്ത് കടയുടെ ഷട്ടറുകള്‍ താഴ്ത്തി ചിന്നുവിന് ഭക്ഷണം കഴിക്കുന്നതിനും മറ്റും സൗകര്യമൊരുക്കി. പത്ത് മിനിട്ടുകൊണ്ട് ആടകള്‍ ഉടയാതെ ചില്ലുകൂട്ടില്‍ കയറി നിശ്ചലയാവണമെന്ന നിബന്ധന ഇന്നോളം അവള് തെറ്റിച്ചതുമില്ല. അയാള്‍ നല്കുന്ന അഞ്ച് ആയിരത്തിന്റെ നോട്ടുകള്‍ എന്ത് ബുദ്ധിമുട്ടും സഹിക്കുന്നതിനുമുള്ള പ്രലോഭനമായിരുന്നു. ആരും അവളോട് കൂട്ടുകൂടിയിരുന്നില്ല. എല്ലാ കണ്ണുകളിലും അവളുടെ സൗന്ദര്യത്തോടുള്ള അസൂയ കലര്‍ന്നിരുന്നു. പക്ഷെ അവള്‍ക്ക് കിട്ടുന്നതിനും അധികം നോട്ടുകള്‍ കിട്ടുന്നുവെന്നതുകൊണ്ട് തങ്ങള്‍തന്നെയാണ് അവളേക്കാള്‍ ഉയരത്തിലെന്ന് അവര്‍ സമാധാനിച്ചു.
അയ്യായിരം രൂപയുടെ ബലത്തില്‍ അവള്, ആരുടേയും ഒളിഞ്ഞുനോട്ടമെത്താത്തൊരു വീട് ചേരിയില്‍ത്തന്നെ കണ്ടെത്തി. ഉറപ്പുള്ള വാതിലോടുകൂടിയ ഒരൊറ്റമുറി വീട്. വീടിനോട് ചേര്‍ന്ന് കക്കൂസും കുളിമുറിയും ഉണ്ടായിരുന്നതുകൊണ്ട്, മാംസം ലക്ഷ്യമിട്ട് പറക്കുന്ന കഴുകന് കണ്ണുകളില്‍ നിന്നുംരക്ഷയായി, ആ സൗകര്യം അവരെ സംബന്ധിച്ച് ആര്‍ഭാടം തന്നെയായിരുന്നു. രാത്രി വീട്ടിലെത്തുമ്പോള്‍ അവള്‍ക്കുവേണ്ടി ഉപ്പിട്ട് വെളളം തിളപ്പിച്ച് അമ്മ കാത്തിരിക്കും. നിന്ന് നിന്ന് കാലിന് അസുഖം വരുത്തിവയ്ക്കണ്ട എന്ന മുന്നറിയിപ്പുമായി ചൂടുവെള്ളവും കൊണ്ട് അമ്മ അരികിലെത്തുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീഴുന്ന കണ്ണീരിന് ചൂടുവെള്ളത്തെക്കാള് ചൂടും ഉപ്പും ഉണ്ടായിരുന്നു. ചൂടുവെള്ളത്തില്‍ കാലുമുക്കിവച്ചിരിക്കുമ്പോള് സിജുവിന്റെ മുഖം അവളുടെ മനസ്സില്‍ ഓളം വെട്ടിക്കൊണ്ടിരുന്നു. ആ നോട്ടം തന്നെ വിടാതെ പിന്തുടരുകയാണെന്നോ അതോ താന്‍ ആ നോട്ടത്തിന് പിന്നാലെ പായുകയാണെന്നോ ഒക്കെ അവള്‍ക്ക് തോന്നിപ്പോയി. നീണ്ട് വിടര്‍ന്ന കണ്ണുകളില്‍ അവനോടുള്ള പ്രണയം അവള് ആരും കാണാതെ ഒളിപ്പിച്ചു.
മാസത്തില്‍ മൂന്നോ നാലോ ദിവസം ആ നില്പില് നിന്നും വിടുതല്‍ വേണമെന്നവള്‍ ആശിച്ചു. മുതലാളിയോട് കാര്യം പറഞ്ഞപ്പോള്‍ പറ്റില്ല എന്ന് മറുപടി. പകരം ആ ദിവസങ്ങളില്‍ കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കൊടുത്തു. സൗകര്യപ്രദമെന്ന് തോന്നുന്ന പൊസിഷനില്‍ ഇരുന്നുകൊള്ളാന്‍ നിര്‍ദ്ദേശിച്ചു. ശരീരത്തിന്റെ വേദന മുഖത്ത് പ്രതിഫലിക്കരുതെന്ന് താക്കീതും നല്കി. അനുസരിക്കാതിരിക്കാന്‍ അവള്‍ക്ക് നിര്‍വാഹമില്ലായിരുന്നു. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ കാറ്റില്‍ അവള്‍ക്കുചുറ്റും പാറിപ്പറക്കുന്നതുപോലെ. അവള് വേദന തിന്നും ചിരിക്കാന്‍ ശ്രമിച്ചു.
ചേരിയില്‍ അന്തിയുറങ്ങുന്ന പെണ്ണാണതെന്ന് ആ നഗരത്തില്‍ ആരും തിരിച്ചറിഞ്ഞിരുന്നില്ല. നഗരത്തിലെത്തുന്ന ചേരിനിവാസികളും അവളെ കണ്ടതില്ല. ഒരിടത്തരം തുണിക്കടയില്‍ പോലും പോവാത്ത, തെരുവോരങ്ങളില്‍ വില്പനയ്ക്കുവച്ചിരിക്കുന്ന തുണിത്തരങ്ങളില്‍ ഏറ്റവും വിലകുറഞ്ഞ വസ്ത്രം തേടിപ്പോകുന്ന ചേരിയിലെ ആളുകള്‍, ഇതുപോലെ മുന്തിയ കടയ്ക്കുള്ളില്‍ തന്നെ കാണുക അസാധ്യമാണെന്ന് അവള് കണക്കുകൂട്ടി. ആരാലും തിരിച്ചറിയപ്പെടില്ല എന്നറിഞ്ഞിട്ടും ഒരു സംശയം അവളുടെ ഉള്ളില്‍ ബാക്കി നിന്നു. എന്തുകൊണ്ടാണ് മാസക്കൂലി തന്ന് തന്നെ ഇവിടുത്തെ പ്രതിമകളിലൊന്നായി നിര്‍ത്തിയിരിക്കുന്നത്. ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന പ്രതിമയിലൂടെ കടയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമോ?. അവള് സ്വയം ചോദിച്ചു. വസ്ത്രശാലകളുടെ പരസ്യങ്ങളില്‍ പല തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വന്നുപോകുന്ന സുന്ദരികളെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ യാത്രക്കാരുടെ മുഷിച്ചില് മാറ്റുന്നതിനായി വച്ചിരിക്കുന്ന ടിവിയില്‍ ഒത്തിരി കണ്ടിട്ടുണ്ട്. നല്ല വടിവൊത്ത ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഉടയാടകള്‍ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. അവളെ സംബന്ധിച്ച് വസ്ത്രങ്ങള്‍ ശരീരത്തിന് മേലുള്ള ആവരണം മാത്രമായിരുന്നു. ഭൂമിയില്‍ പിറന്നുപോയതുകൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവളെപ്പോലെയുള്ളവര്‍.
അതിരുവല്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ അതിരുകള്‍ ആരാണ് നിശ്ചയിക്കുന്നതെന്നറിയാതെ, നിലനില്പിനായി പോരാടാനറിയാതെ ഒന്നുമില്ലാത്ത കെട്ട ജന്മങ്ങളായി തീരേണ്ടവരാണെന്ന് സ്വയം ബോധ്യപ്പെടുത്തി ജീവിക്കുമ്പോള്‍ മനസ്സില്‍ നിന്ന് ആര്ദ്രവികാരങ്ങളെല്ലാം അകന്നുപോയിരുന്നു. വന്നപോലെ തന്നെ ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ സ്വപ്നംകണ്ട മനസ്സുപോലും ഭാരമാണെന്ന് കരുതി മനസ്സിനെയും അവള് ഇന്നാളത്രയും ശൂന്യമാക്കി. ഇപ്പോഴാണെങ്കില്‍ അനുദിനം മനസ്സിന് ഭാരമേറി വരുന്നു. ഒരു നോട്ടത്തിന്റെ കനംപേറി അവള് അവശയായിരിക്കുന്നു. രാവും പകലും ഓര്ക്കുന്നതത്രയും ആ നോട്ടത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിജുവിന്റെ കണ്ണുകള്‍ തന്നെത്തേടിയെത്തുന്നില്ല എന്ന് സങ്കടത്തോടെ അവള് ഓര്‍ത്തു. വയറ്റില്‍ ഉരുണ്ടുകൂടിയ വിശപ്പ് മനസ്സിനെ ബാധിച്ച ആധിയാല്‍ കെട്ടുപോയി. ഒരിക്കല്‍ വിശപ്പടക്കാന്‍ പാടുപ്പെട്ടവള്‍. ഇപ്പോള്‍ അവള്‍ക്ക് പ്രധാനം മനസ്സിന്റെ ദാഹവും വിശപ്പും. അത് എങ്ങനെ ശമിപ്പിക്കണം എന്നറിയാതായപ്പോള് ശരീരം ശോഷിച്ചു. നിനക്കെന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ ചേര്‍ത്തുനിര്‍ത്തി ഒന്നുമില്ലെന്ന് പറഞ്ഞപ്പോഴാണ് ആ ശരീരത്തില്‍ നിന്നുള്ള ചൂട് തന്നേയും പൊള്ളിക്കുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടത്. പനിക്കുന്നുണ്ടല്ലോ എന്ന് ആശങ്കപ്പെട്ട മകളെ സാരമില്ല എന്നാശ്വസിപ്പിച്ച് ആ അമ്മതന്നെ തുണിക്കടയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.
അന്നത്തെ ദിവസം അമ്മയുടെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സില്‍. മക്കള്‍ക്കുവേണ്ടി ഒരു നേരത്തെ ആഹാരത്തിനായി ഇരക്കുന്ന അമ്മ. വെയിലേറ്റ് വാടിത്തളര്‍ന്ന് ആ മടിയില്‍ കിടക്കുമ്പോള്‍ സാരിത്തുമ്പുകൊണ്ട് വീശുകയും വിയര്പ്പൊപ്പുകയും ചെയ്യുന്ന അമ്മ. മഴയത്ത് സാരിത്തലപ്പുതന്നെ കുടയായി വിടര്‍ത്തി നീട്ടിയ അമ്മ. പ്രായപൂര്‍ത്തിയായപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം മകള്ക്കുണ്ടാകാതിരിക്കാന് ഒരോ രാവും കാവലിരുന്ന അമ്മ. തെരുവിന്റെ സന്തതികള്‍ക്ക് അവകാശികളില്ല. അവര്‍ എല്ലാവരുടേയും പൊതുമുതലത്രെ. പ്രത്യേകിച്ചും പെണ്‍ശരീരം. അതില്‍ പലരും വന്ന് വിത്തുപാകും. ചിലത് മുളയ്ക്കും. പിന്നെ തെരുവില്‍ തന്നെ വളരും. അതൊരു തുടര്‍ച്ചയാണ്, അവസാനമില്ലാത്തത്. അതിലൊരു കണ്ണിയായി മകളെകാണാന്‍ കൂട്ടാക്കാത്ത അമ്മ. ആ അമ്മയാണിന്ന് പനിക്കിടക്കയില്‍. ദൈവങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും അന്നവള്‍ ആദ്യമായി അങ്ങനൊന്നില്‍ വിശ്വസിച്ചു. അമ്മയ്ക്ക് ആപത്തുവരുത്തല്ലേ എന്ന് അറിയാവുന്ന വിധത്തില്‍ അപേക്ഷിച്ചു. ആ രാത്രിയോടുകൂടി ആ വിശ്വാസവും നഷ്ടപ്പെട്ടു. അന്ന് വീട്ടിലെത്തിയപ്പോള്‍ നിലത്തുകിടത്തിയിരിക്കുന്ന അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ചുകരയുന്ന അനിയന് അമ്മ ഇനി ഇല്ലെന്ന സത്യത്തിന്റെ നേര്‍ക്കാഴ്ചയായി. പിറ്റേന്ന് അനാഥശവങ്ങളെ ദഹിപ്പിക്കുന്ന ശ്മശാനത്തില്‍ ആ അമ്മ കെട്ടടങ്ങി.
വേദനയുണങ്ങാത്ത മനസ്സുമായി കടയിലെത്തിയ അവളെ സഹതാപത്തോടെ നോക്കാന്‍ കടയുടമയല്ലാതെ മറ്റാരും കൂട്ടാക്കിയതുമില്ല. കൈകളില്‍ വയലറ്റ് നിറത്തിലുള്ള മുത്തുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത പര്‍ദയായിരുന്നു അന്ന് ധരിക്കാന്‍ കൊടുത്തത്. കണ്ണുകളൊഴികെ മുഖം പൂര്‍ണമായും മറയുന്ന വിധത്തിലൊന്ന്. കണ്ണുകളുടെ ഭാഗത്ത് നെറ്റ് തുന്നിച്ചേര്‍ത്തിരുന്നതിനാല്‍ ഭാവവും അവ്യക്തം. മുഖത്തേക്കൊലിച്ചിറങ്ങിയ കണ്ണൂനീര്‍ മുഖാവരണത്തെ നനയ്ക്കാന്‍ തുടങ്ങി. കരയുന്ന പ്രതിമ ഒരത്ഭുതമാകും മുന്നേ അവള് അതിനും തടയിട്ടു. മനസ്സ് അപ്പോഴും പെയ്തുകൊണ്ടിരുന്നു. ഏറെ നാളായി കാണാന്‍ കൊതിച്ചയാള്‍ ചില്ലൂകൂടിനപ്പുറത്ത് വന്നുനിന്നിട്ടും അവള് അറഞ്ഞതുമില്ല.
ദിവസങ്ങള്‍ കടന്നുപോകവെ വീണ്ടും അവള് ആ നോട്ടത്തിനായി കൊതിച്ചു. എല്ലാ ദുഖങ്ങള്‍ക്കും പരിഹാരമായി, ആശ്രയമായി മാറുന്ന നോട്ടം. ഒരുദിവസം അവന്റെ മുന്നില്‍ ആരും അറിയാതെത്തി പ്രണയം അറിയിക്കണം. ഇത്രനാളും പ്രതിമയായി കരുതിയവള്‍ ജീവനോടെ മുന്നില്‍ നില്ക്കുമ്പോള് അവനുണ്ടാകുന്ന സന്തോഷം എത്രയായിരിക്കുമെന്ന് വെറുതെ ആലോചിച്ചു. അവനോടുള്ള അനുരാഗം തന്നെ കൂടുതല്‍ മനോഹരിയാക്കും. തെരുവിലായാലും കൊട്ടാരത്തിലായാലും അവസ്ഥകള്‍ വേറിട്ടതെങ്കിലും വികാരങ്ങള്‍ക്ക് ഒരേ തീവ്രതയെന്ന് അവള് തിരിച്ചറിഞ്ഞു. ചിലപ്പോള്‍ ചിന്തകള്‍ അവളുടെ മനസ്സില്‍ ആഴ്ന്നിറങ്ങി ഒരു വന്മരമായി പടര്‍ന്ന് പന്തലിക്കും. ആടിയുലഞ്ഞ് ഭയപ്പെടുത്തും. ചില നേരങ്ങളില്‍ അവള്‍ക്ക് തണലൊരുക്കും.
പതിവുപോലെ അവള് ചില്ലുകൂട്ടിനുള്ളില്‍ നിശ്ചലയായി. ആദ്യം കിട്ടിയ പരിഗണനയൊന്നും കടയുടമയുടെ ഭാഗത്തുനിന്നും ഇല്ലാതിരുന്നത് അവളെ ആശങ്കപ്പെടുത്തിത്തുടങ്ങി. അഞ്ച് ആയിരത്തിന്റെ നോട്ടുകള്‍ കൈയെത്താത്ത ദൂരത്താകുന്നപോലെ. അധികം വൈകാതെ അത് സംഭവിച്ചു. അവളുടെതുപോലെ തന്നെയുള്ള ഒരു രൂപം ചില്ലുകൂടിന് തൊട്ടടുത്തായി സ്ഥാനം പിടിച്ചു. തനിക്ക് മജ്ജയും മാംസവും മാസമുറയും പ്രണയം നിറച്ച മനസ്സും നിറയുന്ന കണ്ണുകളും, ശ്വാസവും ഉണ്ടെന്ന പ്രത്യേകത മാത്രമേ അവള്‍ക്ക് ആ പ്രതിമ കണ്ടപ്പോള്‍ തോന്നിയുള്ളു. പക്ഷെ അതിന്റെ സൗന്ദര്യത്തിന് പരിപാലനത്തിന്റെ സ്വഭാവം അനുസരിച്ച്- ഉടവുതട്ടാനിടയില്ല. വിലകൂടിയ, മനോഹരമായ വസ്ത്രങ്ങള്‍ പിന്നെ ജീവനില്ലാത്തവള്ക്ക് അവകാശപ്പെട്ടതായി. പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ അവള് ചില്ലുകൂട്ടിനുളളില് ഒതുങ്ങി. എല്ലാ കണ്ണുകളും പുതിയ മാനിക്വിന് നേരെയായപ്പോള്‍ ഒരാളുടെ നോട്ടം മാത്രം തന്നിലാവുമെന്ന് ആവള് ആശ്വസിച്ചു. പതിവുപോലെ ഉച്ചയ്ക്ക് അവനെത്തും. അന്ന് മറ്റെന്തൊക്കെ സംഭവിച്ചാലും തനിക്ക് ജീവനുണ്ടെന്ന് അവനെ ബോധ്യപ്പെടുത്തണമെന്ന് അവള് ഉറപ്പിച്ചു. കനമുള്ള നോട്ടത്തില്‍ നിന്ന് മോചനം വേണം. അവനെത്തുന്നതും കാത്തുനിന്നപ്പോള്‍ മധ്യാഹ്നത്തിലെ സൂര്യനോട് തന്റെ പ്രണയത്തിന് സാക്ഷിയാവണമെന്നവള് അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ അവന് എത്തി. അവളെ ഒന്ന് നോക്കി. കണ്ണുകളിലൂടെ പ്രണയം അറിയിക്കാനുള്ള അവസരം നല്കുന്നതിനുമുമ്പേ അവന് നടന്നുനീങ്ങി, ജീവനില്ലാത്തവള്ക്കുമുന്നിലേക്ക്. ആദ്യമായി തന്നെ കണ്ടപ്പോഴുള്ള ഭാവം ആ മുഖത്ത് മിന്നിമറയുന്നത് അവള് കണ്ടു. അത്ഭുതത്താല് വിടര്‍ന്ന കണ്ണുകള്‍. അതിനിടയില്‍ ഒരിക്കല്‍ പോലും അവന്റെ നോട്ടം അവളെ തേടിയെത്തിയില്ല. അവന്റെ പ്രണയം കേവലം ആത്മാവില്ലാത്ത, ജീവനില്ലാത്ത പ്രതിമകളോട് മാത്രമാണെന്ന തിരിച്ചറിവില്‍ അവളുടെ പാദങ്ങള്‍ ചില്ലുകൂട്ടിനുള്ളില്‍ ഉറച്ചു. പ്രണയാഗ്നിയില്‍ ഉരുകാന്‍ കൊതിച്ചവള്‍. അവളുടെ കണ്ണുകളില്‍ ഉരുവം കൊണ്ട രണ്ട് ജലകണങ്ങള്‍ വൈരംപോലെ തിളങ്ങി. അതിന്റെ തിളക്കത്തില്‍ ചുറ്റുമുള്ള കാഴ്ചകള്‍ അവള്‍ക്ക് അന്യമായി. വജ്രത്തിളക്കമുള്ള കണ്ണുകളോടുകൂടിയ പ്രതിമയിലേക്ക് വീണ്ടും അവന്റെ നോട്ടമെത്തി. വിശപ്പില്ലാത്ത, കണ്ണീരില്ലാത്ത, വികാരങ്ങളില്ലാത്ത അമ്പേ ശോഷിച്ചുപോയ മാനിക്വിന്. കാഴ്ചക്കാരെല്ലാം പോയശേഷവും പുറത്തുനിന്ന് രണ്ട് കുഞ്ഞിക്കണ്ണുകള്‍ അവളെ നോക്കുന്നുണ്ടായിരുന്നു. അവന്റെ അക്കയ്ക്ക് ജീവന് വയ്ക്കുന്നതും കാത്ത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: