ഇരിട്ടി: കാട്ടാനകളുടെ വിളയാട്ടത്തില്‍ ആറളം ഫാം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ തകര്‍ച്ചാ ഭീഷണിയില്‍. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നും 17,39,23,518 കോടിരൂപ ചിലവഴിച്ച് കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ 2018 നവംബറിലാണ് എം ആര് എസ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി പുനരധിവാസമേഖലയിലെ ഏഴാം ബ്ലോക്കില്‍ ആരംഭിക്കുന്നത്. 2021 സെപ്തംമ്പറില്‍ ഇതിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.
ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 350 പേര്‍ക്ക് പഠിക്കാനും
ഇവര്‍ക്കുള്ള ഹോസ്റ്റലും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്റ്റാഫ് ക്വര്‍ട്ടേഴ്സും എല്ലാവര്‍ക്കുമായി കിച്ചന് സൗകര്യവുമുണ്ട്. എന്നാല്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ ആനകള്‍ വിഹാരിക്കുന്ന ഇവിടെ നിര്‍മ്മിച്ച കെട്ടിടങ്ങളും കോമ്പൗണ്ടും അനാഥമായി കിടക്കുകയാണ്. പത്ത് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കോമ്പൗണ്ടിനുള്ളില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷം മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാഞ്ഞതിനാല്‍ കാടുമൂടി കിടക്കുകയാണ്.
ആറളം വനാതിര്‍ത്തി കടന്ന് കോട്ടപ്പാറ മേഖലയിലൂടെയെത്തുന്ന കാട്ടാനകള്‍ വയനാട്ടില്‍ നിന്നുളള കുടുംബങ്ങള്‍ക്ക് പതിച്ചു നല്കിയ കൃഷിയിടത്തിലെ പൊന്തക്കാടുകളിലാണ് പകല്‍ സമയങ്ങളില്‍ നിലയുറപ്പിക്കുന്നത്. ഇവിടെ നിന്നുമാണ് രാത്രികാലങ്ങളില്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് സമീപത്തെ ജനവാസ മേഖലയിലെത്തുന്നത്. കാടുമൂടിക്കിടക്കുന്ന സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ ഭക്ഷണ സാധ്യതയാണ് ആനകളെ ഇതിനുള്ളിലേക്ക് ആകര്‍ഷിക്കുന്നത്. സ്കൂള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ഇല്ലെങ്കിലും കോമ്പൗണ്ടിനുള്ളിലെ കാട് വെട്ടിതെളിയിക്കാനുള്ള നടപടിയുണ്ടാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
പുനരധിവാസമേഖലയിലെ ഏഴാം ബ്ലോക്കിലേക്കുള്ള പ്രധാന റോഡും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് മുന്നിലൂടെയാണ്. ആന ഭീഷണി കാരണം വൈകിട്ട് ആറുമണിക്കുശേഷം ഇതുവഴി വഹനങ്ങളില്‍ പോലും പോകുന്നത് സുരക്ഷിതമല്ല. രാത്രികാലങ്ങളില്‍ ആത്യാവശ്യഘട്ടങ്ങളില്‍ പോലും വാഹനങ്ങള്‍ ഇതുവഴി വരാന്‍ മടിക്കുന്നതും പ്രദേശവാസികള്‍ക്ക് ഏറെ പ്രായാസം ഉണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: