Categories: India

ദത്തെടുക്കല്‍ പ്രക്രിയയുടെ വേഗത കൂട്ടണം;നല്ല ജീവിതത്തിനായി നിരവധി കുട്ടികളാണ് കാത്തിരിക്കുന്നത്: സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: കുട്ടികളെ ദത്തെടുക്കുന്ന പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ദത്തെടുക്കല്‍ ഒരു മാനുഷിക കാര്യമാണ്. നല്ല ജീവിതത്തിനായി നിരവധി കുട്ടികളാണ് കാത്തിരിക്കുന്നത്. മൂന്നും നാലും വര്‍ഷമാണ് ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ കാത്തിരിക്കേണ്ടിവരുന്നത്. എന്തിനാണ് ദത്തെടുക്കല്‍ വൈകിപ്പിക്കുന്നത്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി എന്തുകൊണ്ടാണ് ഒന്നും ചെയ്യാത്തത്, ചീഫ് ജസ്റ്റിസ് ചോദിച്ചു.

ദത്തെടുക്കല്‍ പ്രക്രിയ വൈകുന്നതിനെതിരായ രണ്ട് ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. രാജ്യത്ത് മൂന്നുകോടി അനാഥരുണ്ടെന്നും എന്നാല്‍ പ്രതിവര്‍ഷം നടക്കുന്ന ദത്തെടുക്കല്‍ വെറും നാലായിരം മാത്രമാണെന്നും ഹര്‍ജിക്കാരായ എന്‍ജിഒ ടെംപിള്‍ ഓഫ് ഹീലിങ് കുറ്റപ്പെടുത്തി. ഇത് മാനുഷിക വിഷയമാണെന്നും ആളുകള്‍ കുട്ടികള്‍ക്കായി ഏറെ ആഗ്രഹിക്കുന്നതായും ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കൂടുതല്‍ സമയം തേടി. ഒക്ടോബര്‍ 30ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by