ന്യൂദല്‍ഹി: ഓര്‍മ്മയില്ലെ ഷെഹ്ല റഷീദിനെ? ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തീയായിരുന്ന ഷെഹ് ല റഷീദ് അന്ന് കടുത്ത മോദി വിമര്‍ശക ആയിരുന്നു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് പിന്നെ ഷെഹ്ല റഷീദ്- ഈ മൂന്നുപേരും അന്ന് ജെഎന്‍യുവിനെ വിറപ്പിച്ച ആള് ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന് നേതാക്കളായിരുന്നു.
കശ്മീരിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് തീപ്പൊരി പ്രസംഗം നടത്തിയിരുന്ന ഷെഹ്ല റഷീദ് ഇന്ന് മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളെ പുകഴ്ത്തുകയാണ്. ശനിയാഴ്ച ഷെഹ്ല റഷീദ് സമൂഹമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) നടത്തിയ പ്രതികരണത്തില്‍ കശ്മീരിലെ ഇന്നത്തെ സമാധാനത്തിന് പിന്നില്‍ മോദി സര്‍ക്കാരാണെന്ന് സൂചിപ്പിച്ചു. “ശക്തമായ സുരക്ഷാസേനയുണ്ടെങ്കില്‍ മാത്രമേ സമാധാനം കൈവരൂ. ഇന്ത്യന്‍ സേനയും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് ദീര്‍ഘകാല സമാധാനം സ്ഥാപിക്കാന്‍ കശ്മീരില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു”.- മോദി സര്‍ക്കാരിന്റ കശ്മീര്‍ നയങ്ങളെ അഭിനന്ദിക്കുന്ന ഷെഹ്ല റഷീദിന്റെ ട്വീറ്റ് ഇങ്ങിനെ പോകുന്നു.
പലസ്തീന്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷെഹ് ല നടത്തിയ മറ്റൊരു ട്വീറ്റിലും ഇന്ത്യയുടെ സുരക്ഷിതത്വത്തിന് മോദിയ്ക്കും അമിത് ഷായ്ക്കും ഷെഹ്ല നന്ദി പറയുന്നു. “മധ്യേഷ്യയിലെ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ ഇന്ത്യക്കാര്‍ എന്ന നിലയ്ക്ക് നമ്മള് എത്ര ഭാഗ്യവാന്മാരാണ്. ഇന്ത്യന്‍ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി എല്ലാം ത്യജിക്കുന്നു. ഇതിന്റെ പ്രശംസ നല്‍കേണ്ടത് മോദിയ്ക്കും അമിത് ഷായ്ക്കും കശ്മീര്‍ പൊലീസിനും സുരക്ഷാ സേനയ്ക്കുമാണ്.”- ഷെഹ്ല റ,ഷീദിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങിനെ പോകുന്നു.
ആഗസ്ത് 17ന് നടത്തിയ പഴയ ട്വീറ്റിലും ഷെഹ്ല റഷീദ് മോദി സര്‍ക്കാരിനെ പുകഴ്ത്തുന്നു. മോദിക്കും ലഫ്. ഗവര്‍ണര്‍ക്കും കീഴിലുള്ള കശ്മീര്‍ ഭരണകൂടം കശ്മീരിലെ മനുഷ്യാവകാശ നിലവാരം ഉയര്‍ത്തി എന്നാണ് ഷഹ്ലയുടെ ട്വീറ്റ്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സരര്‍ക്കാരിനെതിരെ ഷഹ്ല റഷീദും മറ്റ് 23 പരാതിക്കാര്‍ക്കൊപ്പം സുപ്രീംകോടതിയില്‍ പോയിരുന്നു. എന്നാല്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫെയ്സലിനൊപ്പം (ഇദ്ദേഹവും ഇപ്പോള്‍ മോദി ആരാധകനാണ്) ഷെഹ്ല റഷീദും പരാതി പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: