ലഖ്നൗ: ബംഗ്ലാദേശി ഭീകരരെ ഭാരതത്തിലേക്ക് കടക്കാന്‍ സഹായിച്ച മൂന്ന് പേരെ ഉത്തര്‍ പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. മിര്പൂരുകാരനായ ആദില്‍ മുഹമ്മദ് അഷ്റഫി, ബംഗാളിലെ 24 പര്‍ഗാനാസ് സ്വദേശികളായ ഷെയ്ഖ് നജിബുള്‍ ഹഖ്, അബു ഹുറൈറ ഗാസി എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും ബംഗാളിലെ ഭീകരരെ സഹായിക്കുന്നതിന് 20 കോടി വിദേശ ധനസഹായം ഇവര്‍ സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സഹറന്‍പൂരിലെ ദയോബന്ദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി ബംഗ്ലാദേശി കടന്നുകയറ്റക്കാര്‍ ഇവര്‍ ഭാരതത്തില്‍ സ്ഥിരതാമസമൊരുക്കി എന്നാണ് കേസ്. നിരവധി രോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കിയ ഇവര്‍ മനുഷ്യക്കടത്തു കേസിലെ പ്രതികളുമാണെന്ന് വാരാണസി എടിഎസ് എഡിജി മോഹിത് അഗര്‍വാള്‍ പറഞ്ഞു. ആദില്‍ മുഹമ്മദ് അഷ്റഫി എന്ന ആദില്‍ ഉര് റഹ്മാന് ദല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ താന്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഏറെ നാളായി യുപിയിലാണ് താമസമെന്നും ആദില്‍ പറഞ്ഞു. ഷെയ്ഖ് നജിബുള്‍ ഹഖ്, അബു ഹുറൈറ ഗാസി എന്നിവരുടെ സഹായത്തോടെയാണ് തനിക്ക് ഈ രേഖകള്‍ ലഭിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് മറ്റ് രണ്ടുപേരെയും പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂവരും കുറ്റം സമ്മതിച്ചു.
ചില എന്‍ജിഒകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ക്ക് വിദേശത്ത് നിന്ന് 20 കോടി രൂപ ലഭിച്ചതിന്റെ തെളിവുകളും അന്വേഷണത്തില്‍ ലഭിച്ചു. മദ്രസകള്‍ക്കും സ്കൂളുകള്‍ക്കും സഹായം നല്‍കാനെന്ന വ്യാജേനയാണ് പണം അയക്കുന്നതെങ്കിലും മനുഷ്യക്കടത്തിനായി ഈ പണം ഉപയോഗിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന രോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ വിവിധ ജില്ലകളില്‍ നിന്നായി 74 രോഹിങ്ക്യന്‍ കുടിയേറ്റക്കാരെ യുപി എടിഎസ് തടവിലാക്കിയിരുന്നു. മഥുരയില്‍ നിന്ന് 31, അലിഗഢില്‍ നിന്ന് 17, ഹാപൂരില്‍ നിന്ന് 16, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും സഹറന്‍പൂരില്‍ നിന്ന് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: