ടെഹ്റാന്‍: ഇപ്പോള്‍ തന്നെ ലെബനന്‍, സിറിയ, പലസ്തീന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും ആക്രമണം നേരിടുന്ന ഇസ്രയേലിന് ഇറാനില്‍ നിന്നു കൂടി ഭീഷണി. പലസ്തീന്‍, ലെബനോന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ആക്രമണം നേരിടുന്നതിനിടയിലാണ് ഇറാന്‍ കൂടി പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ ഹമാസ് ഇസ്രയേലിനെതിരെ 5000 റോക്കറ്റുകള്‍ തൊടുത്തും കടലിലൂടെയും ആകാശത്തിലൂടെയും ഒരേ സമയം നടത്തിയ യുദ്ധത്തിന് പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടായിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്.
ഇതോടെ യുദ്ധം വ്യാപിക്കുക മാത്രമല്ല, കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ലോകം. മാത്രമല്ല, എണ്ണവില ഇപ്പോള്‍ തന്നെ 90 ഡോളറായി ഉയര്‍ന്നു കഴിഞ്ഞു. അതേ സമയം ഇസ്രയേല്‍ കൂടുതല്‍ ഹമാസ് നേതാക്കളെ വധിച്ച് യുദ്ധം ശക്തമാക്കുകയാണ്.
യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രയേലിനെതിരായ യുദ്ധം മറ്റ് മേഖലകളിലേക്ക് കൂടി നീങ്ങുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളഹിയാന്‍ മുഴക്കിയ ഭീഷണി. ഇപ്പോള്‍ ഇസ്രയേലിനെതിരെ പലസ്തീനിലെ ഗാസയില്‍ നിന്നും ഹമാസിന്റെ ആക്രമണം തുടരുന്നുണ്ട്. അതിന് പുറമെ സിറിയ ഇടയ്‌ക്കിടെ ഇസ്രയേലിനെതിരെ പീരങ്കികള്‍ തൊടുത്തുവിടുന്നുണ്ട്. ലെബനോണിലെ തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയും ആക്രമണം തൊടുത്തുവിടുന്നുണ്ട്.
പക്ഷെ സിറിയയും ലെബനനും മുഴുവന്‍ ശക്തിയോടെയും ഇസ്രയേലിനെ ഇപ്പോള്‍ എതിരിടുന്നില്ല. ഇസ്രയേല്‍ ഹമാസിനെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ലെബനില്‍ നിന്നുള്ള ഹെസ്ബൊള്ളയുടെ ആക്രമണം ശക്തമാക്കുമെന്നാണ് ഇറാന്റെ ഭീഷണിയുടെ ധ്വനിയെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി ബെയ്റൂട്ട് സന്ദര്‍ശിച്ചിരുന്നു. ഇവിടെ ഇദ്ദേഹത്തെ ഹമാസ് പ്രതിനിധികളും ലെബനോനിന്റെ ഉദ്യോഗസ്ഥരും പലസ്തീനിലെ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകളും വരവേറ്റിരുന്നു. ഇവിടെ വെച്ചായിരുന്നു ഇസ്രയേലിനെതിരെ ഇദ്ദേഹം താക്കീത് നല്‍കിയത്. അതിന് പിന്നാലെ അദ്ദേഹം ഇറാഖും സന്ദര്‍ശിച്ചു. ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയ അല്‍ സുഡാനിയെ കണ്ട് ചര്‍ച്ച ചെയ്ത ശേഷവും അമീറബ്ദുള്ളാഹിയന്‍ ഇതേ രീതിയിലുള്ള ഭീഷണി ആവര്‍ത്തിച്ചു.
അതേ സമയം ഇറാന്‍ ഈ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ലെന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ ഇതിന് നേരിട്ടുള്ള തെളിവുകളും ആര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ ഹമാസ് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതും പണം നല്‍കുന്നതും ആയുധം നല്‍കുന്നതും ഇറാനാണെന്ന് എല്ലാവര്‍ക്കുമറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: