ബെംഗളൂരു: കര്‍ണാടകയില്‍ ആദായനികുതി (ഐടി) വകുപ്പ് നടത്തിയ റെയ്ഡില്‍ ഫ്ളാറ്റില്‍ ഒളിപ്പിച്ച നിലയില്‍ കോടികള്‍ കണ്ടെത്തി. ബെംഗളൂരുവിലെ ആര്‍ടി നഗറിനടുത്തുള്ള ആത്മാനന്ദ കോളനിയിലെ ഫ്ളാറ്റില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു റെയ്ഡ്. ഫ്ളാറ്റിലെ കട്ടിലിനും
സോഫയ്ക്കും അടിയില്‍ നിന്നാണ് 500 രൂപയുടെ കെട്ടുകളായി 42 കോടിയോളം രൂപ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ബിബിഎംപി കോര്പ്പറേഷന് മുന്‍ കൗണ്‍സിലറെയും ഭര്‍ത്താവിനെയും ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. പൊതു കരാറുകളില്‍ ഏര്‍പ്പെടുന്ന കരാറുകാരെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡിലാണ് വന്‍ തുക കണ്ടെത്തിയതെന്നാണ് വിവരം. ആള്‍താമസമില്ലാത്ത ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ സോഫയുടെയും കട്ടിലിന്റെയും അടിയിലായി 20 കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ചിരിക്കുകയായിരു
ന്നു 42 കോടിയോളം രൂപ. പണം കണ്ടെത്തിയ ശേഷം ഫ്ലാറ്റ് ഉടമകളായ കൗണ്‍സിലറേയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഫ്ലാറ്റുടമയുടെ ഭര്‍ത്താവ് കോണ്ട്രാക്ടര് ആണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറികളില്‍ നിന്നും കരാറുകാരില്‍ നിന്നുമായി കോടികള്‍ പിരിച്ചെടുത്തതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡെന്നും ഐടി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, റെയ്ഡില്‍ പിടിച്ചെടുത്ത പണവും കോണ്‍ഗ്രസും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചു.
ഓപ്പറേഷനില്‍ 42 കോടി രൂപ പിടിച്ചെടുത്തു. സിദ്ധരാമയ്യയും ഡികെയും ഐടി റെയ്ഡിനെ കുറിച്ച് മിണ്ടിയിട്ടില്ല. കാരണം അത് എഐസിസിക്ക് വേണ്ടിയുള്ളതാണ്. കണ്ടെത്തിയ 42 കോടി രൂപയ്ക്ക് സിദ്ധരാമയ്യയും ഡികെയുമായി ബന്ധമുണ്ടോ?, സമഗ്രമായ അന്വേഷണം വേണം. കരാറുകാരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ അടുത്ത ബന്ധമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായി ഉദ്ദേശിച്ചായിരിക്കാം പണമെത്തിച്ചതെന്നും ഈശ്വരപ്പ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: