ന്യൂദല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയെ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാക്കിയതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ഈ പട്ടികയെ കേന്ദ്രസര്‍ക്കാര്‍ അതിനിശിതമായി വിമര്‍ശിച്ചു. ദുഷ്ടലാക്കോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും ഈ പട്ടിക റദ്ദാക്കണമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
റാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നാല് സ്ഥാനങ്ങള്‍ പിന്നിലാക്കിയിട്ടുണ്ട്. 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇന്ന് 111ാം സ്ഥാനത്താണ്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്‌ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്.
2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാകിസ്താൻ (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.
പട്ടിണി സൂചികയിൽ 28.7 സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യയിൽ പട്ടിണിയുടെ തോത് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. അയർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലെ സർക്കാരിതര സംഘടനകളായ കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫുമാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
പേര് പട്ടിണി സൂചിക എന്നാണെങ്കിലും സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇത് മുഴുവൻ ജനസംഖ്യയെയും പ്രതിനിധീകരിക്കുന്നതല്ലെന്നതാണ് കേന്ദ്രത്തിന്റെ വാദം. കുട്ടികളുടെ പോഷകാഹാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ എങ്ങിനെയാണ് പാകിസ്താനും ബംഗ്ലാദേശിനും പിറകില്‍ ആകുന്നത് എന്നാണ് ഇന്ത്യ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക