ഗായത്രീമന്ത്രാര്‍ത്ഥം
‘തത്’ എന്നതിന്റെ അര്‍ഥമാണ്, ‘ആ’ അഥവാ ‘അത്’. എന്തിനെയെങ്കിലും സൂചിപ്പിക്കുവാന്‍ അഥവാ ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ‘തത്’ എന്ന പദം പ്രയോഗിക്കുന്നത്. ഗായത്രിയില്‍ പരമാത്മാവിനെ ലക്ഷ്യമാക്കിയാണ് ഈ പദം പ്രയോഗിച്ചിരിക്കുന്നത്. ഇതു പരമാത്മാവിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു.
കേവലം ചൂണ്ടിക്കാട്ടുകയേ ചെയ്യുന്നുള്ളൂ; കാരണം പരമാത്മാവിനെപ്പറ്റി എത്രതന്നെ വര്‍ണ്ണിച്ചാലും തീരുകയില്ല, അതു അപൂര്ണ്ണമായിത്തന്നെ കഴിയും. ആരുതന്നെ ആയാലും എത്രതന്നെ വിശദീകരിച്ചാലും അതു അപൂര്ണ്ണമായിത്തന്നെ നിലകൊള്ളും; കാരണം പരമാത്മാവിന്റെ മഹിമ മാനവ ബുദ്ധിയുടെ പരിധിക്കതീതമാണ്. അകലെ ഉള്ള ഒരു വസ്തുവിനു നേരേ വിരല്‍ ചൂണ്ടി അത് എവിടെ ആണെന്നു സൂചിപ്പിക്കുന്നതുപോലെ മാത്രമാണ് പരമാത്മാവിനെപ്പറ്റിയുള്ള ഈ വര്‍ണ്ണനകളെല്ലാം തന്നെ. ആ വസ്തുവിനെ കാണുക എന്നത് നോക്കുന്ന ആളിന്റെ കണ്ണുകളെയും കാഴ്ചശക്തിയെയും ആശ്രയിച്ചിരിക്കുന്നു. വിരല്‍ ചൂണ്ടി ഒരു സാധനം ഏതു ദിക്കിലാണെന്ന് ബോധിപ്പിക്കുവാനേ കഴിയൂ. ഈ പരിമിതിയെപ്പറ്റി ഗായത്രിയുടെ ആദ്യപദത്തില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഈശ്വരന്റെ സ്വരൂപത്തെപ്പറ്റി വര്‍ണ്ണിക്കുന്നതിനു പകരം ‘ആ’ പരമാത്മാവിനെ നോക്കൂ എന്നു സൂചിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആ പരമാത്മാവ് എങ്ങനെയുള്ളവനാണെന്ന ബോധം, ധ്വനി, രൂപം, രസം, ഗന്ധം, സ്പര്‍ശനം എന്നീ പഞ്ചഭൗതിക തന്മാത്രകളാല്‍ ഉളവാക്കാന്‍ സാദ്ധ്യമല്ല. പ്രത്യുത, നോക്കുന്നവന്റെ അന്തരാത്മാവിലൂടെയേ ഇതു സാദ്ധ്യമാവൂ. ആത്മാവ് പരമാത്മാവിനു സമീപമെത്തുമ്പോള്‍ മാത്രമാണ് അതിന്റെ സ്വരൂപം ബോദ്ധ്യപ്പെടുന്നത്. ഭാഷയുടെയും ലിപിയുടെയും ശേഷിക്കുറവും പരിമിതിയും പരിഗണിച്ചു ഗായത്രിയില്‍ ‘തത്’ എന്ന പദപ്രയോഗത്താല്‍ പരമാത്മാവിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആവശ്യക്കാര്‍, അതിന്റെ മഹത്വം അറിയുന്നവര്‍, അതിന്റെ സ്വരൂപം എന്തെന്നു അറിയാന്‍ ശ്രമിക്കുകയും അതു നേടുകയും ചെയ്യും.
താഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ ‘തത്’എന്ന പദം ഈശ്വരനെ ലക്ഷ്യമാക്കിയാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതല് നിന്നും ‘തത്’’എന്ന പദം ഇവിടെ ഈശ്വരനെയാണ് സൂചിപ്പിക്കുന്നതെന്ന് കാണാം.
‘തച്ഛബ്ദേന പ്രത്യഗ്ഭുതാ
സ്വതഃസിദ്ധം പരം
ബ്രഹ്മോച്യതേ’
ശാങ്കരഭാഷ്യം)
‘തത്’ എന്ന പദത്തെ പ്രത്യക്ഷവും സ്വതഃസിദ്ധവുമായ ബ്രഹ്മമെന്നു പറഞ്ഞിരുന്നു.
‘തദിതി അവ്യയം പരോക്ഷാര്ത്ഥേ’
(സന്ധ്യാഭാഷ്യം).
‘തത്’ എന്ന പദം പരോക്ഷാര്‍ത്ഥത്തില്‍ അവ്യയവാചി ആണ്. ദൃഷ്ടിഗോചരമല്ലാത്തതിനാലാണ് പരോക്ഷാര്ത്ഥം എന്നു പറയുന്നത്.
‘തച്ഛബ്ദ സ്വബുദ്ധിഭേദകൃതഃ
അതിദൂരതമേ
അത്യുല്ക്കര്ഷാഖ്യാര്ത്ഥേ
വര്‍ത്തതേ’
(വിഷ്ണു ഭാഷ്യം)
‘തത്’ എന്ന പദത്തിന്റെ ബുദ്ധിപരമായ അര്‍ത്ഥം അതിദൂരസ്ഥം എന്നും അതിശ്രേഷ്ഠം എന്നും ആണ്.
‘ഓം തത് സദിതി നിര്‍ദ്ദേശം
ബ്രഹ്മസ്ത്രിവിധഃ സ്മൃതഃ’
( ഗീത 17/3)
ഓം തത് സത് ഈ മൂന്നു ബ്രഹ്മപദങ്ങളും പരബ്രഹ്മത്തെ ഉദ്ദേശിച്ചു പ്രയോഗിച്ചിരിക്കുന്നതാണ്. അതിനാല്‍ ‘തത്’ ബ്രഹ്മസ്വരൂപമാണ്.
‘തത് തസ്യ സര്വ്വാദിഷു ശ്രുതിഷു പ്രസിദ്ധസ്യ’; യാതൊന്നാണോ സമസ്ത ശ്രുതികളിലും പ്രസിദ്ധപ്പെട്ടിരിക്കുന്നത് അതിന്റെ പേരാണ് ‘തത്.”
‘തദിത്യനഭി സന്ധ്യായ
ഫലം യജ്ഞ തപഃക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ
ക്രിയതേ മോക്ഷകാംക്ഷിഭിഃ’
യജ്ഞം, തപം, ദാനം മുതലായ ക്രിയകളുടെ ഫലങ്ങളെ കാംക്ഷിക്കാതെ ‘തത്’ എന്ന പദത്തിനര്ത്ഥമായ പരമാത്മാവിനെ ലക്ഷ്യമാക്കി മുമുക്ഷുക്കള്‍ കര്‍മ്മം ചെയ്യുന്നു.
‘തദ്ബുദ്ധ്യസ്തദാത്മാന
സ്തന്നിഷ്ഠാസ്തത്പരായണഃ
ഗച്ഛന്ത്യ പുനരാവൃത്തിം
ജ്ഞാന നിര്ദ്ധൂത കല്മഷഃ’
(ഗീത 5/17)
‘തത്’ അതായത് പരബ്രഹ്മത്തില്‍ തന്നെ ബുദ്ധിയോടു കൂടിയവരും, അതില്‍ തന്നെ മനസ്സോടു കൂടിയവരും, അതില്‍ തന്നെ നിഷ്ഠയോടു കൂടിയവരും, അതിനെ ആശ്രയിക്കുന്നവരും, ജ്ഞാനം കൊണ്ടു സമസ്ത പാപങ്ങളെ അകറ്റിയവരുമായവര് പുനരാവൃത്തിരഹിതമായ മോക്ഷത്തെ പ്രാപിക്കുന്നു.
‘തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിന സ്തത്വദര്ശിനഃ’
(ഗീത 4/34)
‘തത്’ അതായത് ഈശ്വരീയമായ ജ്ഞാനത്തെ നീ ഗുരുചചരണങ്ങളെ നമസ്ക്കരിച്ചും ശുശ്രൂഷിച്ചും ശരിയായ വിധത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചും ഗുരുജനങ്ങളില്‍ നിന്നും മനസ്സിലാക്കിക്കൊള്ളണം. തത്വദര്‍ശികളായ ജ്ഞാനികള്‍ ആ ജ്ഞാനത്തെ ഉപദേശിച്ചു തരുന്നതാണ്.
ഗായത്രിമന്ത്രം ആരംഭിക്കുന്നത് ‘തത്’ എന്ന പദത്തോടെയാണ്. മുന്നില്‍ പോലീസിനെ കാണുമ്പോള്‍ മോഷ്ടാവു ദുഷ്ക്കര്‍മ്മം ചെയ്യാന്‍ തുനിയാത്തതുപോലെ ഈശ്വരന് സര്‍വ്വവ്യാപി ആണെന്ന ബോധം സാധകനില്‍ ഉളവാകുകയും തന്മൂലം ദുര്‍മ്മാര്‍ഗ്ഗത്തെ അവലംബിക്കാതിരിക്കുകയും ചെയ്യാന്‍ വേണ്ടിയാണ് ആരംഭത്തില്‍ തന്നെ ഈശ്വരനെ ഈ പദം കൊണ്ടു സൂചിപ്പിച്ചിരിക്കുന്നത്. ജഡചേതനങ്ങളായ സകലതിനോടും സദ്ഭാവപൂര്ണ്ണമായി പെരുമാറണമെന്നു സാധകനെ ഓര്‍മ്മിപ്പിക്കുവാന്‍ കൂടിയാണ് ഗായത്രീ മന്ത്രത്തില്‍ ‘തത്’ എന്ന ഈശ്വരവാചകമായ പദം ആദ്യം തന്നെ ചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: